‘നിപാ മറ്റൊരു സംസ്ഥാനത്ത്‌ ആയിരുന്നെങ്കിൽ വലിയ പകർച്ചവ്യാധിയാകുമായിരുന്നു’‐ കേരളത്തെ പ്രശംസിച്ച്‌ സാമ്പത്തിക വിദഗ്‌ധൻ

വിനോദ്‌ തോമസ്‌


തിരുവനന്തപുരം > നിപായെന്ന മഹാരോഗത്തെ ഒന്നിച്ച് വിജയകരമായി നേരിട്ട കേരളത്തെ അഭിനന്ദിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വിനോദ് തോമസ്. ദീർഘകാലമായി ആരോഗ്യ‐വിദ്യാഭ്യാസ മേഖലകളിലുള്ള കേരളത്തിന്റെ നിക്ഷേപത്തിന്റെ ഗുണഫലമാണിതെന്ന്‌ ‘ദി ഹിന്ദു’ പത്രത്തിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറാണ് വിനോദ്‌ തോമസ്‌. നിപാ ബാധയുണ്ടായത്‌ മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കിൽ അതൊരു വലിയ പകർച്ച വ്യാധിയായി പടർന്നുപിടിച്ച്‌ നിരവധി പേരെ കൊന്നൊടുക്കിയേനെ. എന്നാൽ കേരളം വളരെപെട്ടെന്നുതന്നെ ഇതിനോട്‌ പ്രതികരിച്ചതായി വിനോദ്‌ തോമസ്‌ പറഞ്ഞു. പതിനഞ്ചുകൊല്ലം മുൻപ്‌ നിപാ ബാധയുണ്ടായപ്പോൾ അതിനെ ചെറുക്കാൻ മലേഷ്യ നടപടി സ്വീകരിച്ചതിലും വേഗത്തിൽ കേരളം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നിപ കേസു പോലും കണ്ടിട്ടില്ലെങ്കിലും നിപയെ തിരിച്ചറിയാൻ സാധിച്ച കേരളത്തിലെ ഡോക്ടറിനെയും അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ‐വിദ്യാഭ്യാസ മേഖലകളിലെ നിക്ഷേപത്തിന്‌ ഫലമുണ്ടാകുമെന്ന്‌ നിപാ പടരുന്നതിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തിന്റെ അനുഭവം തെളയിക്കുന്നു. ദശാബ്ദങ്ങളായി കേരളം ഈ മേഖലകളിൽ നടത്തുന്ന നിക്ഷേപത്തിന്‌ കാര്യമായ ഗുണം ലഭിക്കുന്നില്ല എന്ന വാദമുണ്ടായിരുന്നു. എന്നാൽ നിപ്പാ സംഭവത്തോടുകൂടി വിവരങ്ങൾ തമ്മിൽ കൈമാറാനും വിദഗ്‌ധരുടെ സഹായം തേടാനുമുള്ള ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും അറിവും കഴിവും പ്രാപ്‌തിയും ബോധ്യപ്പെട്ടു. ഒരു സമൂഹം എന്ന നിലയിൽ കേരളം ആർജിച്ച കാര്യപ്രാപ്തിയാണ്‌ ഇതിലൂടെ വെളിവായത്‌. സാമ്പത്തിക വളർച്ചക്കപ്പുറം, ഇതാണ്‌ ആദ്യം പറഞ്ഞ നിക്ഷേപത്തിന്റെ ഗുണഫലം. ‐ വിനോദ്‌ തോമസ്‌ പറഞ്ഞു.  സാമൂഹ്യ പുരോഗതി സൂചികകളിലെ മികച്ച നേട്ടങ്ങൾക്ക്‌ കേരളത്തെ അഭിനന്ദിച്ച അദ്ദേഹം സാമൂഹ്യവികസനത്തിന്റെ ചെലവിൽ സാമ്പത്തിക‐അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഊന്നൽ കൊടുക്കുന്ന പ്രവണത രാജ്യത്തിന്‌ ഗുണകരമല്ലെന്നും ഇത്‌ തിരുത്തിയാൽ മാത്രമേ രാജ്യത്തിന്‌ പുരോഗതിയിലേക്ക്‌ മുന്നേറാനാകൂ എന്നും ചൂണ്ടിക്കാട്ടി.  വർഗീയ‐വംശീയ ഭിന്നതകൾ ഇല്ലാത്തതും വിദ്യാഭ്യാസമുള്ളതുമായ സമൂഹങ്ങൾക്ക്‌ പ്രകൃതി ദുരന്തങ്ങളെയും പകർച്ച വ്യാധികളെയും എളുപ്പം നേരിടാൻ കഴിയുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നതായും വിനോദ്‌ തോമസ്‌ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച്‌ ഇക്കാര്യത്തിൽ ഉത്കണ്ഠക്ക്‌ വകയുണ്ട്‌. ഇത്തരം സാമൂഹ്യപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടില്ലെങ്കിൽ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ പോലും വൃഥാവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകബാങ്ക്‌, എഡിബി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ്‌ തോമസ്‌ 16 പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News