കേരളം ലോകത്തിന‌് മാതൃക: കാഞ്ച എലയ്യതിരുവനന്തപുരം ഗുജറാത്തിനെ അപേക്ഷിച്ച‌് കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന‌് ഹൈദരാബാദ‌് മൗലാന ആസാദ‌് നാഷണൽ ഉർദു സർവകലാശാലയിലെ സെന്റർ ഫോർ സ്റ്റഡി ഓഫ‌് സോഷ്യൽ എക‌്സ‌്ക്ലൂസിവ‌് ആൻഡ‌് ഇൻക്ലൂസിവ‌് പോളിസിയുടെ ഡയറക്ടർ പ്രൊഫ. കാഞ്ച എലയ്യ പറഞ്ഞു. രാജ്യത്തിന‌് ഒരു ദളിത‌് രാഷ‌്ട്രപതിയെ ആദ്യമായി സംഭാവന ചെയ‌്തത‌് കേരളമാണ‌്. സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിന്റെ കാര്യത്തിലും ഇതേ മാതൃക കാട്ടാൻ കേരളത്തിനായി. ലോകത്തിന‌് മാതൃകയാകേണ്ട ഒരു നടപടികൂടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ‌് സർക്കാരിൽനിന്ന‌് പ്രതീക്ഷിക്കുന്നു. എല്ലാ സർക്കാർ, എയ‌്ഡ‌ഡ‌് സ‌്കൂളുകളിലും പഠന മാധ്യമം ഇംഗ്ലീഷ‌് ആക്കുന്ന സംസ്ഥാനമായി കേരളം മാറണം. ഇതിനായി ഭരണസഖ്യത്തിന‌് നേതൃത്വം നൽകുന്ന കക്ഷികൾ മുൻകൈ എടുക്കണം. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ ഉത്സവം പരിപാടിയിൽ സ്വതന്ത്ര ഇന്ത്യയിലെ പട്ടികജാതി‐പട്ടികവർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച സാമാജികരുടെ ദേശീയ സമ്മേളനത്തിൽ ജാതിവ്യവസ്ഥയും പട്ടികവിഭാഗങ്ങളുടെ ഉന്നമനവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽകെജി മുതൽ 12‐ാം ക്ലാസ‌് വരെ പട്ടികവിഭാഗ വിദ്യാർഥികൾക്ക‌് ഇംഗ്ലീഷ‌് മാധ്യമത്തിൽ പഠനസൗകര്യം ഉറപ്പാക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ വർധിപ്പിക്കണം. അതിലൂടെ പിന്നോക്ക വിഭാഗങ്ങൾക്ക‌് മറ്റ‌് സമുദായങ്ങൾക്കൊപ്പം എത്തിപ്പെടാൻ സാധിക്കും. സർക്കാർ തലത്തിലുള്ള ഇംഗ്ലീഷ‌് വിദ്യാഭ്യാസം സ്വകാര്യ മേഖലയേക്കാൾ മികച്ചതാകാൻ ഇതിലൂടെ സാധിക്കും. കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക‌് ഭൂമി ലഭ്യമാകുന്നുവെന്ന‌് ഉറപ്പുവരുത്താനാകണം. ദളിതരുടെ ജീവിത നിലവാരത്തിൽ മാറ്റംവരുത്തുന്നതിന‌് കേരളം സ്വീകരിച്ച നടപടികൾ എടുത്തുപറയേണ്ടതാണ‌്. എങ്കിലും ദളിതരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പാകൽ തുടങ്ങിയ  മേഖലകളിൽ തുടർപഠനവും തിരുത്തലുകളും ആവശ്യമാണെന്നും കാഞ്ച എലയ്യ പറഞ്ഞു. Read on deshabhimani.com

Related News