ബി ജെ പി വീണ്ടും വന്നാല്‍ രാജ്യത്തിന്റെ സ്ഥിതി പരിതാപകരം: ഡോ കഫീല്‍ ഖാന്‍ഫറോക്ക് > കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരാനിടയായാല്‍ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്ന് യുപി ഖൊരക്പൂര്‍ മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷികത്തില്‍ ഫാറൂഖ് കോളേജ്  സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച സംവാദത്തില്‍ 'ദി ലൈഫ് ഓഫ് എ മുസ്ലീം ഡോക്ടര്‍ ഇന്‍ കറന്റ് ഇന്ത്യ ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.കഫീല്‍ ഖാന്‍.     സമകാലീന ഇന്ത്യയില്‍ മതേതരത്വം കടുത്ത ഭീഷണി നേരിടുകയാണ്.മോഡി ഭരണത്തില്‍ മതേതരത്വവും ജനാധിപത്യവും ഇല്ലാതാകുകയാണ്. എല്ലാവരുടേതുമായ ഒരിന്ത്യയാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ കുറ്റവാളിയാക്കിയെങ്കിലും രാജ്യത്തെ ജനങ്ങളില്‍ വിശ്വസിക്കുന്നു. അവരാണ് ശക്തി. ഏതെങ്കിലും ഒരു രാഷട്രീയ പാര്‍ടിയിലേക്ക് ഒതുങ്ങാങ്ങാനും അവരുടെ മാത്രം ഭാഷ സംസാരിക്കാനും താല്‍പര്യമില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ആദ്യം ഭഗവാനായി വാഴ്ത്തിയ മാധ്യമങ്ങള്‍ തന്നെ പിറ്റേന്ന്   കൊലയാളിയാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യുപി ഭരണകൂടമാണ് .ജനാധിപത്യത്തിന്റെ നാലാംതൂണായി കണക്കാക്കുന്നവര്‍ ഭരണകൂട രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നു. തന്റെ പേരിനു പിന്നിലെ ഖാന്‍ ഉപയോഗിച്ചു പോലും മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇന്ത്യയുടെ ആത്മാവിനെയാണ് ഇത്തരക്കാര്‍ കൊല്ലുന്നതെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കഫീല്‍ ഖാന്‍ പറഞ്ഞു.    കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ നടന്ന സംവാദത്തില്‍ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് കഫീല്‍ ഖാന്‍ മറുപടി നല്‍കി. സോഷ്യോളജി വിഭാഗം മേധാവി എം ഷിലു ജാസ് അധ്യക്ഷയായി. പ്രിന്‍സിപ്പാള്‍ ഡോ.കെ എം നസീര്‍ ഉദ്ഘാടന പ്രഭാഷണം നടത്തി.അസി.പ്രൊഫസര്‍ മുഹമ്മദ് ഷരീഫ് നന്ദി പറഞ്ഞു.   Read on deshabhimani.com

Related News