'ചവിട്ട്' വാങ്ങിയ ജൈസലിന് വേണ്ടി കയ്യടിച്ച് സോഷ്യല്‍ മീഡിയ; കാണാം നന്മയുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചതാനൂര്‍ > ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് നന്മയുടെ ചവിട്ടുപടിയായി താനൂര്‍ ചാപ്പപ്പടി സ്വദേശി ജൈസല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കല്‍ പറപ്പൂര്‍ റോഡിലെ മുതലമാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോട്ടില്‍ കയറാന്‍  ജൈസല്‍ സ്വയം ചവിട്ടുപടിയായി മാറിയത്. വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, ബന്ധുവീടുകളിലേക്കും മാറുന്നവരെ എയര്‍ ബോട്ടിന്റെ സഹായത്തോടെ വെള്ളം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്  ജൈസലിന്റെ നന്മനിറഞ്ഞ മനസ് കാണാനായത്. ബോട്ടില്‍ കയറുന്നതിനിടെ പ്രദേശത്തെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു  ഇത് കണ്ടതിനെത്തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബോട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വെള്ളത്തില്‍ ജൈസല്‍ മുട്ടുകുത്തിയിരുന്ന് ബോട്ടില്‍ കയറുന്നവര്‍ക്ക് ചവിട്ടുപടിയായി മാറിയത്. ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി കൂട്ടത്തിലുള്ള ഒരാള്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജൈസലിന് അഭിനന്ദന പ്രവാഹമായിരുന്നു. നന്മയുടെ മനുഷ്യരൂപം എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. മലപ്പുറം ജില്ല ട്രോമാകെയര്‍ താനൂര്‍ സ്റ്റേഷന്‍ യൂണിറ്റ് വളണ്ടിയറാണ്  ജൈസല്‍. മലപ്പുറം ജില്ലയിലെ ഉള്ളണം, കൊടിഞ്ഞി, പരപ്പനങ്ങാടി, നിലമ്പൂര്‍ ചാത്തല്ലൂര്‍ തുടങ്ങിയ  മേഖലകളില്‍ ജൈസല്‍ അടങ്ങുന്ന പന്ത്രണ്ടോളം ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മാള മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍.   Read on deshabhimani.com

Related News