ഒട്ടുംപുറം തീരദേശത്ത്‌ വീട്‌ കത്തിനശിച്ചുതാനൂർ > ഒട്ടുംപുറം തീരദേശത്ത് വീട് പൂർണമായും കത്തിനശിച്ചു. ചേപ്പാൻകടവത്ത് ഉമ്മറിന്റെ വീടാണ് ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ കത്തിയമർന്നത്. വീട്ടുകാർ ഉറങ്ങാൻ തുടങ്ങിയതിനു ശേഷമാണ് സംഭവം. സമീപവാസിയായ കുഞ്ഞിന്റെ പുരയ്ക്കൽ കുഞ്ഞൻബാവയാണ് വീടിന്റെ അടുക്കള ഭാഗം കത്തുന്നത് കണ്ടത്. ഉടൻതന്നെ വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. ഉമ്മറിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം എട്ട് പേർ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വീട്ടുകാർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: രാത്രി 11 ന് ഉറങ്ങാൻ കിടന്നതിന് ശേഷം സമീപവാസി വിളിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. അപ്പോഴേക്കും അടുക്കളയുടെ ഭാഗത്തു നിന്നും തീ വീട്ടിനകത്തേക്ക് കടന്നു. അതോടെ കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിൽ രേഖകളടങ്ങിയ മേശ മാത്രമേ പുറത്തെത്തിക്കാനായുള്ളൂ. അതുകൊണ്ട് ആധാരം, റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ് എന്നിവ തിരിച്ചു കിട്ടിയതായും വീട്ടുകാർ പറഞ്ഞു. വസ്ത്രങ്ങളും കത്തിയതിൽ ഉൾപ്പെടുന്നു. സമീപ വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തിരൂരിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു.വീട്ടിലുണ്ടായിരുന്ന മുഴുവൻ ഉപകരണങ്ങളും, ഫർണിച്ചറുകളും പൂർണമായും തീയിലമർന്നു. അതേ സമയം അപകടകാരണം കണ്ടെത്താനായില്ല. Read on deshabhimani.com

Related News