കനത്ത മഴ തുടരുന്നു; 10 ട്രെയിനുകൾ റദ്ദാക്കി, എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും സ്‌കൂളുകൾക്ക്‌ അവധിതിരുവനന്തപുരം >ജനജീവിതത്തെ സാരമായി ബാധിച്ച്‌ സംസ്ഥാനത്തു ശക്തമായ മഴ തുടരുകയാണ്‌. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.താഴ്‌ന്ന പ്രദേശങ്ങൾ പാടെ വെള്ളത്തിനടിയിലാണ്‌.  പലയിടത്തും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്‌. കനത്ത മഴയിൽ മീനച്ചിലാറിൽ വെള്ളം ഉയർന്നതിനാൽ കോട്ടയം വഴിയുള്ള പത്ത്‌ ട്രയിനുകൾ റദ്ദാക്കി.  എറണാകുളം – കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം –കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–എറണാകുളം, പുനലൂർ – ഗുരുവായൂർ, ഗുരുവായൂർ–പുനലൂർ പാസഞ്ചറുകളും, തിരുനൽവേലി – പാലക്കാട്, പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗം കുറച്ച് ഓടിക്കുകയാണ്. ചൊവ്വാഴ്‌ച രാത്രിമുതൽ മഴ നിർത്താതെ ചെയ്യുന്നതിനാൽ ഇന്ന്‌ (ബുധനാഴ്‌ച) എറണാകുളം. ഇടുക്കി  ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്ലസ് ടു തലം വരെ എല്ലാ സ്കൂളുകൾക്കും അവധി ബാധകമാണ്‌. കോട്ടയം ജില്ലയിലെ എല്ലാ  വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും  അവധിയാണ്‌. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂർ വെസ്റ്റ്, ചേർപ്പ് എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെയും പ്ലസ്ടു വരെയുള്ള സ്കൂളുകൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ ഉൾപ്പെടെ 18നു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി , മാവേലിക്കര എന്നീ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. തീരപ്രദേശത്തു കടൽക്ഷോഭം തുടരുകയാണ്‌. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. അതേസമയം മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദർശിക്കും. ജലനിരപ്പ് 133 അടിയിലെത്തിയ സാഹചര്യത്തിലാണ്‌ സന്ദർശനം. Read on deshabhimani.com

Related News