ഇന്ധനക്കൊള്ള : ഇന്ന‌് രാജ്യവ്യാപക ഹർത്താൽന്യൂഡൽഹി ഇന്ധനവിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരായി ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താലിനൊപ്പം പകൽ ഒമ്പതു മുതൽ മൂന്നു വരെ  കോൺഗ്രസ‌് ആഹ്വാനം ചെയ‌്ത ഭാരത‌്  ബന്ദുമുണ്ട‌്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാർടികൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ‌് രാജ്യം സാക്ഷ്യംവഹിക്കുന്നത‌്. വിലവർധന രൂക്ഷമായി ബാധിച്ച മോട്ടോർ തൊഴിലാളി സംഘടനകളും ട്രക്ക് ഉടമാ സംഘടനകളുമെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റോഡുഗതാഗത കോർപറേഷൻ സംഘടനകളും പിന്തുണ അറിയിച്ച് രംഗത്തുവന്നു. ഡിഎംകെ, ജെഡിഎസ്, എൻസിപി, ശിവസേന, മഹാരാഷ്ട്ര നവനിർമാൺ സേന, സമാജ്വാദി പാർടി, ആർജെഡി, ജെഎംഎം തുടങ്ങിയ കക്ഷികളും പ്രതിഷേധത്തിൽ അണിചേരും. അതിനിടെ ഹർത്താലിനെയും ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നു. എന്നാൽ, ഒഡിഷയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന‌് ബിജു ജനതാദൾ വ്യക്തമാക്കി. ഒഡിഷ, ബിഹാർ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും പരീക്ഷകൾ മാറ്റിവച്ചു. കേരളം നിശ്ചലമാകും തിരുവനന്തപുരം ഇടതുപക്ഷ പാർടികൾ തിങ്കളാഴ‌്ച  നടത്തുന്ന പ്രതിഷേധ ഹർത്താലിൽ കേരളം നിശ്ചലമാകും.   രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ‌് ഹർത്താൽ.  പത്രം, പാൽ, ആശുപത്രി, വിമാനത്താവളം, ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന‌് ഒഴിവാക്കിയിട്ടുണ്ട്. പ്രളയക്കെടുതിക്കിടയിലും രണ്ടാഴ്‌ചയായി തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച നടപടി കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കി. ഹർത്താലിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ  അഭ്യർഥിച്ചു. പകൽ  11 ന‌് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനവും ജിപിഒയ്ക്കു മുന്നിൽ പ്രതിഷേധയോഗവും ചേരും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും ചേരും. Read on deshabhimani.com

Related News