കൈത്തറി മേഖലയിലെ മിനിമം വേതനം പുതുക്കി ; അടിസ്ഥാന വേതനത്തില്‍ വര്‍ധന 228 ശതമാനംവരെതിരുവനന്തപുരം കൈത്തറി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച്  ഉത്തരവായി. തൊഴിലും നൈപുണ്യവുംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം അടിസ്ഥാന വേതനത്തിൽ 228 ശതമാനംവരെയാണ് വർധന. എട്ടു വർഷത്തിനുശേഷം പുതുക്കി നിശ്ചയിക്കപ്പെട്ട മിനിമം വേതന ഉത്തരവനുസരിച്ച്  മേഖലയിലെ മാസശമ്പളക്കാരായ ജീവനക്കാരിൽ ഏറ്റവും താഴ്ന്ന തസ്തികയായ ഹെൽപ്പർ/പ്യൂൺ/വാച്ചർമാർക്കും ഉയർന്ന തസ്തികയായ  മാനേജർ/സെക്രട്ടറി എന്നിവയിലും അടിസ്ഥാന വേതനത്തിൽ യഥാക്രമം 228 ശതമാനവും 193 ശതമാനവുമാണ് വർധന. ഈ തസ്തികകളിലെ ക്ഷാമബത്തയടക്കമുള്ള വേതനത്തിൽ 52  ശതമാനം  വർധനയാണ് ഉണ്ടാവുക. ദിവസ കൂലി വിഭാഗത്തിൽ ജീവനക്കാരുടെ ജോലിഭാരത്തിൽ വർധന വരുത്താതെ അവിദഗ്ധ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, അർധ വിദഗ്ധ തൊഴിലാളി വിഭാഗക്കാർക്ക് അടിസ്ഥാന ദിവസ വേതനത്തിൽ 203 ശതമാനം വർധന വരുത്തിയിട്ടുണ്ട്. തുണി മടക്കുന്നവർ, പാക്ക് ചെയ്യുന്നവർ, ബോയിലേഴ്‌സ്, തുണി തേയ്ക്കുന്നവർ, ജനറൽ മസ്ദൂർ, സാംപിൾ മസ്ദൂർ, മുഴുവൻ സമയ തൂപ്പുകാർ, ഹെൽപ്പർമാർ എന്നീ അവിദഗ്ധ തൊഴിലാളി വിഭാഗത്തിന് 219 ശതമാനം വരെ അടിസ്ഥാന വേതനവർധന നൽകിയിട്ടുണ്ട്. പീസ് റേറ്റ് വേതനക്കാർക്ക് ജോലിയിൽ നിലവിലെ അധ്വാനഭാരം വർധിപ്പിക്കാതെ അടിസ്ഥാന വേതനത്തിൽ 280 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. കൈത്തറി വ്യവസായമേഖലയിൽ പണിയെടുക്കുന്നവർക്ക് ക്ഷാമബത്തയ്ക്കും അർഹതയുണ്ടായിരിക്കും. ഉപഭോക്തൃ വിലസൂചികയുടെ 280 പോയിന്റിനുമേൽ വർധിക്കുന്ന ഓരോ പോയിന്റിനും ദിവസവേതനക്കാരും പീസ് റേറ്റ് വേതനക്കാരുമായ തൊഴിലാളികൾക്ക് ഒരുരൂപ നിരക്കിലും മാസശമ്പളക്കാരായ തൊഴിലാളികൾക്ക് ഓരോ പോയിന്റിനും 26 രൂപ നിരക്കിലും ക്ഷാമബത്ത നൽകണം. ഒരു സ്ഥാപനത്തിലോ ഒരു തൊഴിലുടമയുടെ കീഴിലോ നാലുവർഷമോ അതിലധികമോ സർവീസ് പൂർത്തീകരിച്ച ഓരോ തൊഴിലാളിക്കും ഓരോവർഷ സേവനകാലയളവിന് പുതുക്കിയ അടിസ്ഥാന വേതനത്തിന്റെ അരശതമാനം എന്ന നിരക്കിൽ പരമാവധി 10 ശതമാനം തുക സർവീസ് വെയ്‌റ്റേജും അനുവദിച്ചിട്ടുണ്ട്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും നിലവിൽ ലഭിക്കുന്ന ആകെ വേതനത്തിൽനിന്ന‌് 50 ശതമാനത്തിലധികം വർധനയാണ് ഉണ്ടാകുന്നത്. Read on deshabhimani.com

Related News