നാട്‌ വീണ്ടെടുക്കാൻ ഒരുമാസ ശമ്പളം, ക്യാമ്പുകൾക്ക്‌ കെട്ടിടങ്ങൾ വാടകയ‌്ക്കെടുക്കാംതിരുവനന്തപുരം നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.  സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി, ലോകം നൽകുന്ന പിന്തുണയാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചുകടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായെന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നൽകാമല്ലോ. പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണമെന്ന‌് മുഖ്യമന്ത്രി ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ അഭ്യർഥിച്ചു. ക്യാമ്പുകൾക്ക്‌  കെട്ടിടങ്ങൾ വാടകയ‌്ക്കെടുക്കാം തിരുവനന്തപുരം സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ മറ്റ‌് കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആവശ്യമാണെങ്കിൽ സ്വകാര്യകെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കണം. പൂട്ടിക്കിടക്കുന്ന വീടുകൾ ഉപയോഗിക്കാൻ പറ്റുമോയെന്ന‌്  കലക്ടർമാർ പരിശോധിക്കണം. ക്യാമ്പുകളില്ലാത്ത സ്കൂളുകൾ രണ്ടുദിവസത്തിനകം പൂർണമായും വൃത്തിയാക്കണമെന്നും അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. 29ന് സ്കൂൾ തുറക്കുന്നത‌് കണക്കിലെടുത്താണ‌് നിർദേശങ്ങൾ. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നത‌്. 435 ക്യാമ്പുകളിൽ 4,62,456 പേർ 435 ക്യാമ്പുകളിലായി 4,62,456 പേർ കഴിയുന്നതായി അവലോകനയോഗം വിലയിരുത്തി. ആഗസ‌്ത‌് എട്ടുമുതൽ  302 മരണമാണ‌് റിപ്പോർട്ട് ചെയ്തത‌്. വെള്ളംകയറിയ മൂന്നുലക്ഷത്തിലധികം വീടുകൾ വൃത്തിയാക്കി. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ പമ്പുപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. ക്യാമ്പുകളിൽ വിതരണം ചെയ്യാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ സ്റ്റോക്കുണ്ട്. ഇതിനകം 3,64,000 പക്ഷികളുടെയും 3285 വലിയ മൃഗങ്ങളുടെയും 14,274 ചെറിയ മൃഗങ്ങളുടെയും ശവങ്ങൾ മറവുചെയ്തു. ഇനിയും ബാക്കിയുണ്ടെങ്കിൽ അടിയന്തരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പരിസരം വൃത്തിയാക്കുന്നതിൽ ഹരിതകേരളം മിഷനും  പ്രത്യേകം ശ്രദ്ധിക്കണം.  അജൈവമാലിന്യം ശേഖരിച്ചുവയ‌്ക്കുന്നതിനുള്ള സ്ഥലങ്ങൾ തദ്ദേശസ്വയംഭരണവകുപ്പ് കണ്ടെത്തണം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. ക്ലീൻ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂർണമായും ചെയ്യാൻ കഴിയില്ലെങ്കിൽ മറ്റ് ഏജൻസികളുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കാൻ  പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കിയോസ്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കണം. വീടുകളിൽ വെള്ളം എത്തിക്കും വീടുകളിൽ പാത്രങ്ങളിൽ വെള്ളം വിതരണം ചെയ്യാൻ ആരംഭിച്ചുവെന്നും അത് കൃത്യമായി നടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലികൾക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികൾ സജീവമായി നടക്കുന്നുണ്ട്. ഇതിനകം  ഒരുലക്ഷത്തിലേറെ ചാക്ക്  കാലിത്തീറ്റ വിതരണം ചെയ്തു. കേരള ഫീഡ്സിൽനിന്നും മിൽമയിൽനിന്നും കൂടുതൽ കാലിത്തീറ്റ ലഭിക്കുന്നുണ്ട്. നാഷണൽ ഡെയ‌്റി ഡെവലപ‌്മെന്റ് ബോർഡിൽനിന്ന‌് 500 ടൺ കാലിത്തീറ്റ ലഭിച്ചു. ക്ഷീര സഹകരണ സംഘങ്ങൾവഴി നല്ല രീതിയിൽ കാലിത്തീറ്റവിതരണം നടക്കുന്നതായും യോഗം വിലയിരുത്തി. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ധനസഹായം തിരുവനന്തപുരം പ്രളയദുരിതത്തിലായ ആദിവാസി, പട്ടികജാതി കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകും. പ്രളയത്തെ തുടർന്ന് മേഖലയിൽ ഉണ്ടായ ദുർഘടാവസ്ഥയും പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഇക്കാര്യം പട്ടികജാതി ‐പട്ടികവർഗ വകുപ്പുകൾ തീരുമാനിച്ചത്. ആദിവാസി കുടുംബങ്ങൾക്ക് 10,000 രൂപയും പട്ടികജാതി കുടുംബങ്ങൾക്ക് 5000 രൂപയും നൽകും. പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സഹായത്തിനു പുറമെയാണിത‌്. വാസയോഗ്യമല്ലാത്ത  വീടുകൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം തിരുവനന്തപുരം രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കുന്നത‌് ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായവും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള ഉത്തരവിറങ്ങി. പൂർണമായും തകർന്ന വാസയോഗ്യമല്ലാത്ത  വീടുകൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വീടും സ്ഥലവും നഷ്ടമായവർക്ക് മൂന്നുമുതൽ അഞ്ചു സെന്റ‌് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറു ലക്ഷം രൂപവരെ നൽകും. മത്സ്യബന്ധന ഉപകരണങ്ങൾ തകർന്ന മത്സ്യത്തൊഴിലാളികൾക്ക‌് നഷ്ടപരിഹാരം നൽകും. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ട‌് ദിവസത്തെ ശമ്പളം നൽകണം. പൊതുമേഖല‐സഹകരണ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടിൽനിന്ന‌് ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകണം. ബാങ്കുകൾ കമീഷനുകളും എക‌്സ‌്ചേഞ്ച‌് തുകകളും ഒഴിവാക്കണം.  ദുരിതാശ്വാസം നൽകുന്ന തുക നിക്ഷേപിക്കുന്ന ബാങ്കുകളിൽ മിനിമം ബാലൻസ് പാലിക്കണമെന്ന നിബന്ധന ഒഴിവാക്കും. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന‌് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ അദാലത്തുകൾ നടത്തും. Read on deshabhimani.com

Related News