40 വര്‍ഷം സിനിമക്ക് ഒപ്പം; മറ്റുമേച്ചില്‍പ്പുറങ്ങള്‍ തേടിയിട്ടില്ല: മോഹന്‍ലാല്‍തിരുവനന്തപുരം > സിനിമ വിട്ട് ഒരിക്കലും മറ്റേതെങ്കിലും സുരക്ഷിതമായ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയിട്ടില്ലെന്ന് നടന്‍ മോഹല്‍ലാല്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല്പതിറ്റാണ്ടായി സിനിമക്കും പ്രേക്ഷകര്‍ക്കും ഒപ്പമുണ്ട്.  സഹപ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങുന്നത് കാണാന്‍ വന്നത് എന്റെ സന്തോഷവും കടമയും അവകാശവുമണ്ട്. കാരണം കൂടുതല്‍ ആരോഗ്യകരമായി മത്സരിക്കാന്‍ ഇത് എനിക്ക് പ്രചോദനമാകും പുരസ്‌കാരങ്ങള്‍ പ്രചോദനമാണ്. പലതവണ പുരസ്‌കാരങ്ങള്‍ എന്നെയും അനുഗ്രഹിച്ചിട്ടുണ്ട്. ചിലവട്ടം എന്നില്‍ നിന്നും ഒഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്ക് പുരസ്‌കാരം ലഭിക്കുമ്പോള്‍ അസൂയയില്ല. പകരം പുരസ്‌കാരം ലഭിച്ച വ്യക്തിയോളം അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന തോന്നലാണ് മനസ്സിലുണ്ടാവുക.ഈ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍  അതിഥിയായി തോന്നിയിട്ടില്ല. ഷൂട്ടിംഗ് തിരക്ക് ഇല്ലാത്ത ദിവസത്തെ സന്തോഷപൂര്‍വമായ ഒത്തുചേരലായിട്ടാണ് തോന്നുന്നത്. കാരണം  40 കൊല്ലമായി നിങ്ങള്‍ക്ക് ഇടയില്‍ ഞാനുണ്ട്.യാദൃശ്ചികമായാണ് സിനിമയില്‍ വന്നത്. പിന്നീട് സിനിമ മാത്രമായി ജീവിതം.  സിനിമയിലെ ഈ സമര്‍പ്പണത്തിനും ഒരു തിരശ്ശീലയുണ്ടാകും. അത് എന്നാണെന്ന് തീരുമാനിക്കേണ്ടത് കാലമാണ്. അതുവരെ ഇവിടെ തന്നെയുണ്ടാകും. അതുവരെ എനിക്ക് ഒരു ഇരിപ്പിടം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ക്ഷണിക്കാതെ തന്നെ വന്നുചേരാനുള്ള അനുവാദവും. കാലം തീരുമാനിച്ചാല്‍ അരനിമിഷം പോലും ഞാന്‍ അരങ്ങിലുണ്ടാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ഞാന്‍ പഠിച്ച്, കളിച്ച്, കൂട്ടുകൂടിയ തിരുവനന്തപുരമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ഈ നഗരത്തിലാണ് ഞാന്‍ ചെലവഴിച്ചത്. ആദ്യമായി മുഖത്ത് ചായം തേച്ചത് ഈ നഗരത്തില്‍ വച്ചാണെന്നും മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ നിശാഗന്ധിയില്‍ നിറഞ്ഞു കൈയ്യടി.   Read on deshabhimani.com

Related News