സഹകരണ സ്പിന്നിങ് മില്ലുകള്‍ ലാഭത്തിലാക്കും: മന്ത്രി ഇപികണ്ണൂര്‍  >  സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്പിന്നിങ് മില്ലുകളെയും ലാഭത്തിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ഇപി  ജയരാജന്‍. മില്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പരമാവധി തൊഴില്‍ ഉറപ്പാക്കും. കേന്ദ്രീകൃത മാര്‍ക്കറ്റിങ് പര്‍ച്ചേസിങ് സംവിധാനം ഏര്‍പ്പെടുത്തി മില്ലുകളെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.  കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിലെ തൊഴിലാളികളും മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു കേരളത്തിലെ പ്രളയക്കെടുതി.  നാടിനുണ്ടായ നഷ്ടം സമാനതകളില്ലാത്തതാണ്. പ്രളയശേഷം പുതിയ കേരളത്തിന്റെ പുനസൃഷ്ടിക്കാണ് നാം ഒരുങ്ങുന്നത്. ഈ ഘട്ടത്തില്‍ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പ്രസക്തിയില്ല. കാര്യങ്ങള്‍ പഠിക്കാതെ ചില കേന്ദ്രങ്ങളില്‍നിന്നും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുണ്ട്. ആളപായവും മറ്റും കുറച്ച് പരമാവധി നഷ്ടവും ആപത്തുകളും കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമെല്ലാം കേരളത്തിന് സഹായം ലഭിക്കുന്ന സാഹചര്യത്തില്‍ നാടിന്റെ പുനര്‍നിര്‍മാണത്തിന് ഭിന്നത മറന്ന് ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.മില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ എം സുരേന്ദ്രനാണ് ചെക്ക് കൈമാറിയത്. തൊഴിലാളികളുടെ വിഹിതമായ 2.46 ലക്ഷം രൂപയും ബാക്കി മാനേജ്‌മെന്റിന്റെ വിഹിതവുമാണ്. ജയിംസ് മാത്യു എംഎല്‍എ, മില്ലിന്റെ മുന്‍ ചെയര്‍മാന്‍ എം പ്രകാശന്‍, എം ഡി സിആര്‍ രമേശ്, അക്കൗണ്ട്‌സ് മാനേജര്‍ പി ഗോവിന്ദന്‍, കെ പി അശോകന്‍ (സിഐടിയു) വി വി ശശീന്ദ്രന്‍ (ഐഎന്‍ടിയുസി) രാമകൃഷ്ണന്‍ (എഐടിയുസി) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News