നിപാ പ്രതിരോധം : ഇഎംഎ ലീഡര്‍ഷിപ് അവാര്‍ഡ് മന്ത്രി ശൈലജ ഏറ്റുവാങ്ങി  എമർജൻസി മെഡിസിൻ അസോസിയേഷൻ (ഇഎംഎ) ലീഡർഷിപ് അവാർഡ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി. നിപാ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചതിനാണ‌് അവാർഡ‌്. യുപിയിൽ വാരാണസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇഎംഎ ദേശീയ സമ്മേളനത്തിലായിരുന്നു ആദരം. സമയോചിത ഇടപെടലിലൂടെ നിപായെ പ്രതിരോധിക്കാൻ കഴിഞ്ഞതിനെ അക്കാദമിക‌് കോളേജ‌് ഓഫ‌് എമർജൻസി എക്‌സ‌്പർട‌്സ‌് ഡീൻ പ്രൊഫ. പ്രവീൺ അഗർവാൾ അഭിനന്ദിച്ചു. അടിയന്തര ചികിത്സയിലും തീവ്രപരിചരണത്തിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ മന്ത്രി വിവരിച്ചു. ദീർഘവീക്ഷണമുള്ള സർക്കാരുകൾ ആരോഗ്യമേഖലയ്ക്കായി ചെയ്ത സേവനങ്ങളാണ് ആരോഗ്യസൂചികയിൽ സംസ്ഥാനത്തെ മുന്നിലെത്തിച്ചത്.  മാതൃമരണനിരക്കും ശിശുമരണനിരക്കും വളരെയധികം കുറഞ്ഞു. നിപാ പ്രതിരോധത്തിൽ സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളും മന്ത്രി വിവരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എമർജൻസി മെഡിസിൻ വിദഗ്ധർ പങ്കെടുത്തു.   Read on deshabhimani.com

Related News