കേന്ദ്രത്തിന്റെ അവഗണനയെ വിമർശിച്ച്‌ ആർഎസ്‌എസ്‌ മുഖപത്രമായ കേസരി മുഖപ്രസംഗം; നീക്കം ചെയ്‌തശേഷം ‘നുഴഞ്ഞുകയറ്റ’മെന്ന്‌ വിശദീകരണംകൊച്ചി > പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്രസർക്കാർ രാഷ്ട്രീയ വൈര്യം വച്ച് പുലർത്തുന്നതായി ആർഎസ്എസ് മുഖപത്രം കേസരിയുടെ വെബ്‌സൈറ്റിൽ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ മര്യാദപൂർവ്വം ഇടപെട്ടെന്നും എന്നാൽ കേന്ദ്രസർക്കാർ തിരിച്ച് കാണിച്ചില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ അൽപ സമയത്തിനകം ഈ മുഖപ്രസംഗം നീക്കം ചെയ്യുകയും മറ്റൊരു മുഖപ്രസംഗം പകരം നൽകുകയും ചെയ്‌തു.   “ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കിൽ അത് ആത്മ വഞ്ചനയാകും. ഞങ്ങൾ നിങ്ങളോടും, കേരളത്തോടും ഞങ്ങളോടു തന്നെയും ചെയ്യുന്ന വഞ്ചന,” എന്നാണ്‌ ഈ മുഖപ്രസംഗം ആരംഭിക്കുന്നത്‌. ‘‘ചെങ്ങന്നൂരിലും ആറന്മുളയിലും നല്ല ഒരു ശതമാനം സംഘപുത്രന്മാർ ഈ ദുരന്തത്തിൽ പെട്ട് പോയിരുന്നെങ്കിലും വിവരം കേന്ദ്ര‐സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ച ശേഷവും കേവലം രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കേരളത്തെ ശിക്ഷിക്കുന്ന സമീപനമാണ്‌ അവർ കൈക്കൊള്ളുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇത് ആശാസ്യമല്ലെന്നും  കേരളമില്ലെങ്കിൽ നീയും ഞാനും അടക്കം നമ്മളാരുമില്ലെന്നും മുഖപ്രസംഗം പറയുന്നു. “വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നു ശത്രുക്കളെപ്പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉൾപ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞത്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ആവശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവർക്കു തിരിച്ചു നൽകേണ്ടതും” എന്നാണ് പ്രളയകാലത്തെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ പ്രശംസിക്കുന്ന  ഭാഗം. വിശദാംശങ്ങളറിയാൻ മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടതിനെ തുടർന്ന്‌ ഈ മുഖപ്രസംഗം നീക്കം ചെയ്യുകയും പകരം മറ്റൊരു മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. തുടർന്ന്‌ ഈ മുഖപ്രസംഗം ‘‘ആരോ നുഴഞ്ഞുകയറി’’ പോസ്റ്റ്‌ ചെയ്‌തതാണെന്ന വിശദീകരണക്കുറിപ്പും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.   Read on deshabhimani.com

Related News