മൈക്രോചിപ്പ് തട്ടിപ്പ്‌: കേരളത്തിലെ മുഴുവന്‍ നാട്ടാനകളുടേയും ഡിഎന്‍എ വനംവകുപ്പ് ശേഖരിക്കുംപാമ്പാടി > കേരളത്തിലെ മുഴുവന്‍ നാട്ടാനകളുടെയും  ഡിഎന്‍എ  വനംവകുപ്പ്  ശേഖരിക്കുന്നു.കേരളത്തില്‍ ചെരിയുന്ന ആനകളുടെ മൈക്രോചിപ്പ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മറ്റ് ആനകള്‍ക്ക് ഉപയോഗിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മുഴുവന്‍ ആനകളുടെയും ഡിഎന്‍എ കണ്ടെത്താന്‍ സി സി എഫ് ഉത്തരവിട്ടത്. മദപ്പാടില്‍ നില്‍ക്കുന്ന ആനകളുടെ പിണ്ഡമാണ് ഡി എന്‍ എയ്ക്കു വേണ്ടി ശേഖരിക്കുന്നത്. പാമ്പാടി രാജന്‍, നെടുംകുന്നം ഗണപതി എന്നീ ആനകളുടെ  ആനപ്പിണ്ടം തിങ്കളാഴ്ച ശേഖരിച്ചു. പാമ്പാടി രാജനും ഗണപതിയും മദപ്പാടില്‍ നില്‍ക്കുന്നതിനാല്‍ രക്തം ശേഖരിക്കാന്‍ കഴിയാത്തതിനാലാണ് ആനപ്പിണ്ടം പരിശോധിക്കാന്‍ കൊണ്ടുപോയത്. തിങ്കളാഴ്ച രാജനെ മദപ്പാടില്‍ തളച്ചിരുന്ന മുടന്‍ കല്ലിങ്കല്‍ പറമ്പില്‍ എത്തി ഫോറസ്റ്റര്‍ ടോമിയാണ് ആനപ്പിണ്ടം കൊണ്ടുപോയത്. കേരളത്തില്‍ ചെരിയുന്ന നാട്ടാനകളുടെ മൈക്രോചിപ്പ് ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത  അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ആനകള്‍ക്ക് ഉപയോഗിക്കുന്നതായി ഫോറസ്റ്റ് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.  കൊല്ലം സ്വദേശിയായ ഒരു ആനയുടമ ഇത്തരത്തില്‍ തിരിമറി നടത്തിയതായി സൂചനയുണ്ട്. അറിയപ്പെടാത്ത ആനകള്‍ ചെരിഞ്ഞാല്‍  മൈക്രോചിപ്പ് നശിപ്പിക്കാതെ  ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകള്‍ക്ക് പിടിപ്പിക്കും .ചെവിയിലാണ് ആനകള്‍ക്ക് ഗണ്‍ ഉപയോഗിച്ച് മൈക്രോ ചിപ്പ് പിടിപ്പിക്കുന്നത്. നാട്ടില്‍ എല്ലാ ആനകളും ചെരിയുന്നത് വനം വകുപ്പ് എപ്പോഴും അറിഞ്ഞിരിക്കണമെന്നില്ല. ചില വനം വകുപ്പ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നതായി സൂചനയുണ്ട് . അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകള്‍ക്ക് കേരളത്തില്‍ മൈക്രോചിപ്പ് ഇപ്പോള്‍ നല്‍കാറില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റില്‍ ആനയുടെ ഡി എന്‍ എയും രേഖപ്പെടുത്തുവാന്‍ നീക്കം നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വ്യാപകമായി ആനകളെ കൊണ്ടുവരുന്നത് നേരത്തെ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിനെത്തുടര്‍ന്നാണ് ആനകള്‍ക്ക് മൈക്രോചിപ്പ് പിടിപ്പിക്കുവാന്‍ വനംവകുപ്പ് തീരുമാനമെടുത്തത്   Read on deshabhimani.com

Related News