ഇവിടെ പ്രകാശിക്കും തുളുനാട്ടിൻ നന്മവെളിച്ചംമംഗളൂരു പ്രളയക്കെടുതിയിൽപ്പെട്ട ജനങ്ങളെ അതിജീവനത്തിലേക്ക‌് പിടിച്ചുയർത്താനാണ‌് മംഗളൂരു കോർപ്പറേഷൻ കൗൺസിലർ ദയാനന്ദ ഷെട്ടിയും സംഘവും കേരളത്തിലെത്തിയത‌്. ഏഴു ദിവസം കേരളത്തിൽ താമസിച്ച് നിരവധി വീടുകൾ വൈദ്യുതി പുനഃസ്ഥാപിക്കാൻ സജ്ജമാക്കിയാണ‌് സംഘം മംഗളൂരുവിലേക്ക് മടങ്ങിയത്.  മംഗളൂരു കോർപറേഷനിലെ ഏക സിപിഐ എം അംഗമാണ‌് ഇലക്ട്രീഷ്യനായ ദയാനന്ദ ഷെട്ടി. കേരളത്തിൽ പലയിടങ്ങളിലും വെള്ളം കയറി വൈദ്യുതിബന്ധം താറുമാറായതറിഞ്ഞപ്പോൾ വീടുകളിലെ വൈദ്യുതി പുനഃസ്ഥാപിക്കാനാവശ്യമായ ജോലിക്കായി വരാൻ സന്നദ്ധനാണെന്ന്  ദയാനന്ദ ഷെട്ടി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പുവിനെ വിളിച്ചറിയിച്ചു. കാസർകോട് കലക്ടറുമായും ബന്ധപ്പെട്ടു. തുടർന്ന് പത്തു സംഘങ്ങളായി തൃശൂരിലേക്ക് പുറപ്പെട്ടു. 20 വർഷമായി ഇലക്ട്രിക്കൽ കോൺട്രാക്ട‌് ജോലിചെയ്യുന്ന ദയാനന്ദ് ഷെട്ടിതന്നെ ഒരു സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു. മാള ഐടിഐയിൽ ഏഴു ദിവസം താമസിച്ച‌് സംഘം അഞ്ഞൂറിലധികം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധനസാമഗ്രികൾ തയ്യാറാക്കി നൽകി. ദയാനന്ദയുടെ നേതൃത്വത്തിൽ മാത്രം നൂറിലധികം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. രാത്രി വൈകുംവരെ വിശ്രമമില്ലാതെ ജോലി. വെള്ളവും ചെളിയും കയറി വൈദ്യുതി പുനഃസ്ഥാപിക്കാൻ വിഷമകരമായ നിലയിലായിരുന്നു വീടുകളെന്ന് ഷെട്ടി പറഞ്ഞു. ക്യാമ്പുകളിൽനിന്ന് മടങ്ങിയെത്തിയവരുടെ വീട്ടിൽ മാത്രമല്ല ഹൃദയത്തിലും പ്രകാശം നിറയുന്നത് കണ്ട സന്തോഷത്തിലായിരുന്നു ഇവരുടെ മടക്കയാത്ര. സിപിഐ എം പ്രവർത്തകരായ അശോക് സാലിയാൻ, അനിൽ ഡിസൂസ, പവീഷ്, പുനീത്, ഹനുമന്തയ്യ, ബാട്രോം ഡിസൂസ എന്നിവരും ദയാനന്ദ ഷെട്ടിക്കൊപ്പമുണ്ടായിരുന്നു. സിപിഐ എം മംഗളൂരു നോർത്ത് സെക്രട്ടറിയും മംഗളൂരു പഞ്ചിമൊഗറു വാർഡ് മെമ്പറുംകൂടിയാണ‌് ദയാനന്ദ. Read on deshabhimani.com

Related News