പ്രളയാനന്തര ജലനിരപ്പ‌്: സിഡബ്ല്യുആർഡിഎം പഠനം ഉടൻതിരുവനന്തപുരം പ്രളയാനന്തരം ചിലയിടങ്ങളിൽ പുഴകളിലും കിണറുകളിലും  ഉൾപ്പെടെ ജലനിരപ്പ‌് കുറഞ്ഞതടക്കമുള്ള  മുഖ്യകാരണങ്ങൾ തേടിയുള്ള ജലവിഭവ വികസന കേന്ദ്രത്തിന്റെ (സിഡബ്ല്യുആർഡിഎം) പഠനം ഉടൻ. പ്രളയശേഷം മഴലഭ്യതയിലെ കുറവും പ്രളയസമയത്തുണ്ടായ ശക്തമായ ഒഴുക്കിൽ പുഴകളുടെ അടിത്തട്ട‌് ഒഴുകിപ്പോയതുൾപ്പെടെയുള്ളതാണ‌് ജലവിതാനം കുറയാനുള്ള പൊതുകാരണങ്ങളെന്നാണ‌് ജലവിഭവ വികസന കേന്ദ്രത്തിന്റെ പ്രാഥമിക നിഗമനം. നിലവിൽ ഭൂജലനിരപ്പിന്റെ അളവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ‌് വിലയിരുത്തൽ. ചിലയിടങ്ങളിൽ പ്രതീക്ഷയ‌്ക്കപ്പുറം ഭൂജലവിതാനം താഴ‌്ന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട‌്. ഇതിനുള്ള കാരണങ്ങൾ  കണ്ടെത്തുന്നതിനൊപ്പം പ്രളയം ജലസ്രോതസ്സുകളിൽ ഏൽപ്പിച്ച ആഘാതവും ഭാവിയിലേക്കുള്ള കരുതൽ, സംരക്ഷണ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനുമാണ‌് സർക്കാർ നിർദേശപ്രകാരം പഠനം നടത്തുന്നത‌്. ഏതൊക്കെ പുഴകളിലാണ‌് പഠനം നടത്തേണ്ടതെന്ന‌് ഉടൻ തീരുമാനിക്കും. മുൻവർഷങ്ങളിൽ ഈ സമയത്തെ മഴയുടെ ലഭ്യതയും പുഴയുടെ ഒഴുക്ക‌്, ഭൂജലവിതാനം തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാക്കും. വരുംകാലത്ത‌് ജലപരിപോഷണത്തിനും സംരക്ഷണത്തിനുമായി സ്വീകരിക്കേണ്ട ശുപാർശകൾ അടങ്ങിയ റിപ്പോർട്ടാകും സമർപ്പിക്കുക.20 ന‌ുശേഷം സംസ്ഥാനത്ത‌് കാര്യമായ മഴ ലഭിച്ചിട്ടില്ല. പ്രളയസമയത്തുണ്ടായ വെള്ളം മുഴുവൻ കടലിലേക്ക‌് പൂർണമായി എത്തി. ശക്തമായ ഒഴുക്കിൽ പുഴകളുടെ അടിത്തട്ട‌് ചിലയിടങ്ങളിൽ ഒഴുകിപോയി. ഇതോടെ പുഴയുടെ ആഴം കൂടി.  ജലവിതാനം താഴ‌്ന്നു.  കിണറുകളിലെ ഭൂർഗർഭ ജലം അടുത്തുള്ള മറ്റു ജലസ്രോതസ്സുകളിലേക്ക‌് ഒഴുക്ക‌് തുടരുന്നു. മഴയുടെ കുറവും ഈ ഭൂഗർഭജലത്തിന്റെ ഇത്തരം ഒഴുക്കുമാണ‌് കിണർ ജലവിതാനം താഴുന്നതിന്റെ കാരണം. എവിടെയും ആശങ്കപ്പെടുത്തുന്ന രീതിയിൽ ജലനിരപ്പ‌് താഴ‌്ന്നിട്ടില്ല. പ്രാഥമിക പരിശോധന പുർത്തിയായ കോഴിക്കോട‌് ജില്ലയിൽ എവിടെയും കാര്യമായ പ്രശ‌്നം റിപ്പോർട്ട‌് ചെയ‌്തിട്ടില്ല. എത്രയും വേഗം പഠനം പൂർത്തിയാക്കി സർക്കാരിന‌് റിപ്പോർട്ട‌് സമർപ്പിക്കുമെന്ന‌ും ഇതേ സമയം ജലപരിപോഷണത്തിനും സംരക്ഷണത്തിനുമുള്ള നടപടികൾ ഒരോവ്യക്തിയും സ്വയം ആരംഭിക്കേണ്ടതുണ്ടെന്നും  സിബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ‌് ഡോ. വി പി ദിനേശൻ ‘ദേശാഭിമാനി’യോട‌് പറഞ്ഞു. Read on deshabhimani.com

Related News