ജിജിഎസ‌്എൻ പ്രവർത്തനം തുടങ്ങികൊച്ചി സംസ്ഥാനത്തെ ബിഎസ‌്എൻഎൽ മൊബൈൽ ഉപയോക്താക്കൾക്ക് മികച്ച ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിനുവേണ്ടി മാത്രമായി സ്ഥാപിച്ച പുതിയ നോക്കിയ ജിജിഎസ്എൻ (ഗേറ്റ‌് വേ ജിപിആർഎസ‌് സർവിങ‌് നോഡ‌്) കൊച്ചി പനമ്പിള്ളിനഗർ എക്സ്ചേഞ്ചിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ മൊബൈൽ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ഡാറ്റാ വേഗവും മികച്ച സേവനവും പ്രദാനംചെയ്യുന്ന  സാങ്കേതിക സംവിധാനത്തിന്റെ ഉദ്ഘാടനം ബിഎസ്എൻഎലിന്റെ മൊബൈൽ സേവനവിഭാഗം ഡയറക്ടർ ആർ കെ മിത്തൽ നിർവഹിച്ചു.  കേരള ചീഫ് ജനറൽ മാനേജർ ഡോ. പി ടി മാത്യു പങ്കെടുത്തു.  ചെന്നൈയിലുള്ള ജിജിഎസ്എൻ സംവിധാനമാണ‌് ഇതുവരെ ദക്ഷിണേന്ത്യയിലെ മൊബൈൽ ഡാറ്റ കൈകാര്യംചെയ്തിരുന്നത്. വേൾഡ് കപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള വീഡിയോ സ്ട്രീമിങ‌്, ഹൈ സ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ‌് തുടങ്ങിയ സേവനങ്ങൾ കാര്യക്ഷമതയോടെ കൈകാര്യംചെയ്യാൻ കഴിയുന്ന   ഈ സംവിധാനം  ഫോർ ജി സാങ്കേതികവിദ്യയുടെ  വോർട്ട‌് ഉൾപ്പെടെ ആധുനിക പ്രത്യേകതകളുള്ളതാണ്. ഭാവിയിലെ ഡാറ്റാ ആവശ്യങ്ങൾകൂടി നിറവേറ്റാൻ ഈ സംവിധാനത്തിനു കഴിയുമെന്നാണ‌് പ്രതീക്ഷ. പുതിയ 2600 മൊബൈൽ ബിടിഎസുകൾ ഉൾപ്പെടെ 250 കോടി രൂപയുടെ ഉപകരണങ്ങൾ സംസ്ഥാനത്ത‌് ബിഎസ്എൻഎൽ വിന്യസിക്കുന്നുണ്ട‌്. രണ്ടുമാസത്തിനകം ഇതു പൂർത്തിയാകും. അതോടെ സംസ്ഥാനത്തെ മൊബൈൽ കവറേജും ഡാറ്റാ വേഗവും  മെച്ചപ്പെടും.   Read on deshabhimani.com

Related News