മോപ‌് അപ‌് കൗൺസലിങ് : ഒഴിവുള്ള ബിഡിഎസ‌് സീറ്റുകളും നികത്തിസംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ ഒഴിവുണ്ടായിരുന്ന എംബിബിഎസ‌്, ബിഡിഎസ‌് സീറ്റുകളിലേക്ക‌് പ്രവേശനത്തിനായി നടത്തിയ തത്സമയ (മോപ‌് അപ‌്) കൗൺസലിങ് പൂർത്തിയായി. ഞായറാഴ‌്ച സ്വാശ്രയ കോളേജുകളിലെ ബിഡിഎസ‌് സീറ്റുകളും നികത്തി. ശനിയാഴ‌്ച എംബിബിഎസ‌് സീറ്റുകളും സർക്കാർ കോളേജുകളിലെ ബിഡിഎസ‌് സീറ്റുകളും നികത്തിയിരുന്നു. ഞായറാഴ‌്ച രാവിലെ ഹാജരായ ബിഡിഎസ‌് വിദ്യാർഥികളുടെ രജിസ‌്ട്രേഷൻ നടത്തിയശേഷമായിരുന്നു കൗൺസലിങ്‌ ആരംഭിച്ചത‌്. ഓരോ റൗണ്ട‌് കൗൺസലിങ്ങിലും പ്രവേശനം നേടുന്നവരുടെ എണ്ണം കുറവാകുന്നതുകൊണ്ടുള്ള സമയനഷ്ടം പരിഹരിക്കാൻവേണ്ടിയായിരുന്നു ഹാജരായവരുടെ കണക്കെടുക്കാൻ രജിസ‌്ട്രേഷൻ നടത്തിയത‌്.  പക്ഷേ കൗൺസലിങ് ആരംഭിക്കാനിരിക്കെ ഓൺലൈൻ സംവിധാനം തകരാറിലായത‌്  നടപടികൾ സ‌്തംഭിപ്പിച്ചു. എന്നാൽ, ഉച്ചയോടെ സാങ്കേതിക തകരാർ പരിഹരിച്ച‌് കൗൺസലിങ്‌ പുനരാരംഭിച്ചു. 590 ബിഡിഎസ‌് സീറ്റുകളിൽ എൻആർഐ വിഭാഗത്തിലെ ഏതാനും സീറ്റുകളിൽ ആരും പ്രവേശനം നേടിയില്ല. ബിഡിഎസ‌് പ്രവേശനത്തിന‌് 15വരെ സമയമുണ്ട‌്. ഇൗ‌ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക‌് മാറ്റി പ്രവേശന കമീഷണർക്ക‌് നേരി‌ട്ടും കമീഷണർ അനുവദിച്ചാൽ അതത‌് കോളേജുകൾക്കും പ്രവേശന നടപടി പൂർത്തിയാക്കാം. നാല‌് സ്വാശ്രയ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി മെഡിക്കൽ കൗൺസിലിന്റെ ഹർജിയിൽ സുപ്രീംകോടതി സ‌്റ്റേ ചെയ‌്തതോടെയാണ‌് സംസ്ഥാനത്ത‌് തത്സമയ പ്രവേശന നടപടി പ്രതിസന്ധിയിലായത‌്. കഴിഞ്ഞ നാല‌്, അഞ്ച‌് തീയതികളിൽ നടത്തിയ കൗൺസലിങ്ങിൽനിന്ന‌് ഈ നാല‌് കോളേജുകളെ 550 എംബിബിഎസ‌് സീറ്റുകൾ  ഒഴിവാക്കിയാണ‌്  മറ്റു കോളേജുകളിലെ ഒഴിവുനികത്താൻ പുനഃക്രമീകരിച്ച കൗൺസലിങ് നടപടികൾ ഞായറാഴ‌്ച സമാപിച്ചത‌്. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിൽ നാല‌് കോളേജുകൾക്കുള്ള സ‌്റ്റേ നീക്കുകയും പ്രവേശന നടപടികൾക്ക‌് സമയം അനുവദിക്കുകയും ചെയ‌്താൽ 12ന‌് ശേഷം ഒരുദിവസംകൂടി  മോപ‌് അപ‌് കൗൺസലിങ്‌ നടക്കും. Read on deshabhimani.com

Related News