അർഹരെ കൈവിട്ടില്ല; ആർഷയ്‌ക്ക‌് ഇനി ഡോക്ടറാകാംആർഷ നടന്നടുക്കുകയാണ‌്‐ സ്വപ‌്നത്തിൽനിന്ന‌് യാഥാർഥ്യത്തിലേക്ക‌്. രംഗം, എംബിബിഎസ‌് തത്സമയ പ്രവേശനകേന്ദ്രം. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള എംബിബിഎസ‌് സീറ്റുകളിലെ പ്രവേശന നടപടി പുരോഗമിക്കുകയാണ‌്. ഒരു സീറ്റിൽക്കൂടി പ്രവേശനം നടത്തിയാൽ നടപടികൾ പൂർത്തിയാകും. തത്സമയ പ്രവേശനം നടക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഴയ ഓഡിറ്റോറിയത്തിൽനിന്ന‌് അനൗൺസ‌് ചെയ‌്തു: റാങ്ക‌് നമ്പർ 9411.  ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി അമ്മയെയുംകൂട്ടി ആർഷ ഹാളിലേക്ക‌് പ്രവേശിച്ചു. തൃശൂർ കുന്നംകുളം ആർത്താറ്റ‌് സ്വദേശിയായ സി എസ‌് ആർഷയുടെ സ്വപ‌്നമാണ‌് സർക്കാർ പിഴവില്ലാതെ ഒരുക്കിയ സ‌്പോട്ട‌് അഡ‌്മിഷനിലൂടെ യാഥാർഥ്യമായത‌്. പാലക്കാട‌് ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള സീറ്റിലേക്കാണ‌് അവസാന പ്രവേശനം. ഈ സീറ്റിലേക്കാണ‌് ആർഷ അർഹത നേടിയത‌്. പട്ടികജാതി വിഭാഗത്തിലെ കൂലിപ്പണിക്കാരായ സുബ്രന്റെയും രാധയുടെയും മകളാണ‌് ആർഷ. സർക്കാർ ഒരുക്കുന്ന സ‌്പോട്ട‌് അലോട്ട‌്മെന്റിൽ അർഹർക്ക‌ു മാത്രമേ പ്രവേശനം സാധ്യമാകൂ എന്നറിഞ്ഞതോടെയാണ‌് ഒന്ന‌് തിരുവനന്തപുരംവരെ പോയിനോക്കാമെന്ന‌് അവർ തീരുമാനിച്ചത‌്. പ്രവേശനപരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിൽനിന്ന‌് ലഭിക്കുന്ന വിവരങ്ങൾ സുഹൃത്തുക്കൾ അപ്പപ്പോൾ ആർഷയ‌്ക്ക‌് കൈമാറി. ഇവിടെയെത്തി പതിനായിരങ്ങളെ കണ്ടപ്പോൾ ആർഷ ചെറുതായി പതറാതിരുന്നില്ല. സൂചികുത്താനിടമില്ലാത്തവിധം എവിടെയും ജനം. കൗൺസലിങ് ഹാളിൽ കയറി പാലക്കാട‌് മെഡിക്കൽ കോളേജിന്റെ കൗണ്ടറിന‌ുമുന്നിൽ ഇരിക്കുമ്പോൾ ഈ കൊച്ചുമിടുക്കിക്ക‌് ഒരു കാര്യം ബോധ്യപ്പെട്ടു. അർഹരെ തഴയാത്ത ഇൗ സർക്കാർ ഉള്ളിടത്തോളം കാലം യോഗ്യതയുള്ളവർ എത്ര പാവപ്പെട്ടവരായാലും പരിഗണിക്കും. മെഡിക്കൽ പ്രവേശന നടപടികളുടെ അവസാനനാളുകളിൽ തന്റെ സ്വപ‌്നം സാക്ഷാൽക്കരിക്കാനായതിന്റെ ആഹ്ലാദത്തോടെ  ആർഷയും അമ്മയും മടങ്ങി. ചൊവ്വാഴ‌്ച രാവിലെ പ്രവേശനപരീക്ഷാ കമീഷണറുടെ നേതൃത്വത്തിൽ ആരംഭിച്ച മോപ‌് അപ‌് കൗൺസലിങ്ങിൽ ഉച്ചയോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ഒഴിവുകളും നികത്തി.   Read on deshabhimani.com

Related News