മുത്തച്ഛനെ കാണാൻ അർജുൻ തറവാട്ടുവീട്ടിലെത്തി; ഓർമകളിൽനിറഞ്ഞ‌് അഭിമന്യുചാരുംമൂട് > എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ട‌ുകാർ കൊലപ്പെടുത്തിയ അഭിമന്യുവിനൊപ്പം കുത്തേറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്എഫ്ഐ നേതാവ് അർജുൻ മുത്തച്ഛനെ കാണാൻ ചുനക്കരയിലെ തറവാട്ടുവീട്ടിലെത്തി. സിപിഐ എം നേതാവായിരുന്ന മുത്തച്ഛൻ ചുനക്കര വൈക്കത്തേത്ത് തെക്കടത്ത് കിഴക്കതിൽ കെ കുട്ടപ്പൻനായരെ കാണാനാണ‌് അർജുൻ എത്തിയത‌്.  അഭിമന്യുവിനെക്കുറിച്ചായിരുന്നു മുത്തച്ഛന‌് ചോദിക്കാനുണ്ടായിരുന്നത‌്. അഭിമന്യു വിടപറഞ്ഞ കാര്യം ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ അർജുനോട് പറഞ്ഞിരുന്നില്ല. ആശുപത്രിയിൽനിന്ന് കൊട്ടാരക്കരയിൽ വീട്ടിലെത്തിയശേഷം സാവധാനമാണ് മരണവിവരമറിയിച്ചത്.  ഏറെ വിഷമത നിറഞ്ഞ ദിവസങ്ങളെക്കുറിച്ച‌് പറഞ്ഞ അർജുനെ ആശ്വസിപ്പിക്കാൻ കുട്ടപ്പൻ നായർക്കും വാക്കുകൾ ഇല്ലാതായി. സിപിഐ എം പന്തളം, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, ചുനക്കര ലോക്കൽ സെക്രട്ടറി, കേരള കർഷകസംഘം ജില്ലാ വൈസ്‌പ്രസിഡന്റ്, ചുനക്കര പഞ്ചായത്ത് അംഗം, മാവേലിക്കര കാർഷികവികസന ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളയാണ് കുട്ടപ്പൻ നായർ. കോളേജിലേക്ക‌് പഠനത്തിനായി എന്നു പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അർജുൻ പറഞ്ഞു. അഭിമന്യുവിന്റെ നേത‌ൃത്വത്തിൽ വിവിധ രംഗങ്ങളിലെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. അവന്റെ വിടവ് നികത്താൻ ഏറെ പ്രയാസമാണ്. വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിൽ പരിക്ക‌് ഭേദമായാൽ പോകുമെന്നും അർജുൻ പറഞ്ഞു. അമ്മ ജമിനിയും പിത‌ൃസഹോദരൻ മനോജും ഒപ്പമുണ്ടായിരുന്നു. എട്ടാം ക്ലാസിൽ ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂളിൽ ഒരുവർഷം പഠിച്ച അർജുൻ തറവാട്ടുവീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. കുട്ടിക്കാലം മുതൽ ആഴ‌്ചയിലൊരിക്കൽ അമ്മ വീടായ ചുനക്കരയിൽ അർജുൻ എത്തുമായിരുന്നു. മഹാരാജാസിൽ ബിരുദപഠനത്തിന‌് ചേർന്ന ശേഷം എപ്പോൾ നാട്ടിലെത്തിയാലും ചുനക്കരയിലെത്തും. ചിലപ്പോൾ ദിവസങ്ങളോളം മുത്തച്ഛനോടും, മാത‌ൃസഹോദരി ഗംഗയ‌്ക്കുമൊപ്പം ഇവിടെ താമസിക്കും. എറണാകുളം മെഡിക്കൽ ട്രസ‌്റ്റിൽ തുടർചികിത്സ നടത്താൻ ഞായറാഴ‌്ചമുതൽ കാക്കനാട്ടുള്ള ഫ്ലാറ്റിലാണ് അർജുൻ താമസിക്കുക.   അർജുനനെ കാണാൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ചുനക്കര പഞ്ചായത്ത് വൈസ‌്പ്രസിഡന്റ് സുരേഷ് പുലരി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി ബിനു എന്നിവരും എത്തി. Read on deshabhimani.com

Related News