ലുലു 2 വർഷത്തിനകം 25 ഹൈപ്പർമാർക്കറ്റ‌് തുറക്കുംമസ്കറ്റ് അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവിന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിലാണ്  അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020 ഡിസംബർ അവസാനത്തോടെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 175 ആകും. ഇപ്പോൾ 46,300 ലധികം ജീവനക്കാരാണ് ലുലുവിലുള്ളത്. ഇതിൽ മലയാളികളായ 25,000 ആളുകളടക്കം 28,500 ലധികം പേരും ഇന്ത്യയിൽനിന്നാണ്. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതോ‌ടെ  ജീവനക്കാരുടെ എണ്ണം രണ്ടുവർഷത്തിനുള്ളിൽ 70,000 ആകുമെന്നും യൂസഫലി പറഞ്ഞു. കൂടുതൽ മലയാളികൾക്ക് ഇതിലൂടെ തൊഴിൽ നൽകാൻ സാധിക്കും. ഫിലിപ്പീൻസിലെ  ഭക്ഷ്യസംസ്കരണകേന്ദ്രം ആഗസ്ത് ആദ്യവാരം തലസ്ഥാനമായ മനിലയിൽ  പ്രവർത്തനം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.  നിലവിൽ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, തായ‌്‌ലൻഡ‌്  എന്നിവിടങ്ങളിൽ  ലുലുവിന്  വിപുലമായ സാന്നിധ്യമുണ്ട്. കൊച്ചി ഇൻഫോ പാർക്കിൽ  നിർമാണം പൂർത്തിയായ ലുലു സൈബർ ടവർ, തൃപ്രയാറിലെ വൈ മാൾ എന്നിവ മൂന്നുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.  ഇബ്രി ബവാദി മാളിൽ 75,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ  ഹൈപ്പർമാർക്കറ്റ്  ഇബ്രി ഗവർണർ ഖലാഫ് ബിൻ സാലിം അൽ ഇഷാഖിയാണ് ഉദ്ഘാടനം ചെയ്തത്. ഒമാനിലെ ഇരുപത്തിയൊന്നാമത്തേതു കൂടിയാണിത്.  ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ  അഷ്റഫ് അലി, ലുലു ഒമാൻ ഡയറക്ടർ ആനന്ദ് എ വി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.   Read on deshabhimani.com

Related News