കേരള ബാങ്ക് രൂപീകരണം: ആശങ്ക വേണ്ടെന്ന് മന്ത്രികൊച്ചി > കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടപ്പാക്കുന്ന സൌജന്യ സേവനങ്ങളുടെയും നൂതനപദ്ധതികളുടെയും ഉദ്ഘാടനം കാക്കനാടുള്ള ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ സഹകരണമേഖലയിലെ ബാങ്ക് ശാഖകളുടെ എണ്ണം കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യില്ല. നിലവിലുള്ള സേവനവേതന വ്യവസ്ഥകളിലും മാറ്റമില്ല. കേരള ബാങ്കിന്റെ സാധ്യതാ പഠനറിപ്പോര്‍ട്ടിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കില്ല. ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച ടാസ്ക്ഫോഴ്സ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിശോധിക്കും. ആശങ്കകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ടുപോകൂ. കേരളത്തിലെ സഹകരണ ബാങ്കിങ്മേഖലയ്ക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനാകണം. സഹകരണമേഖലയില്‍ 50 വയസ്സിനുമേല്‍ പ്രായമുള്ളവരാണ് ഇടപാടുകാരിലധികവും. സ്വകാര്യ, വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്ന അധിക സര്‍വീസ് ചാര്‍ജുകളെക്കുറിച്ച് യുവാക്കള്‍ ചിന്തിക്കുന്നില്ല. യുവാക്കളെ ആകര്‍ഷിക്കാന്‍ ആധുനികവല്‍കരണത്തിന്റെ സവിശേഷ പാതയിലേക്ക് സഹകരണമേഖലയും കുതിപ്പു നടത്തണം. രാജ്യത്ത് പത്തോ പന്ത്രണ്ടോ വന്‍കിട ബാങ്കുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് നയം. അങ്ങനെ വന്നാല്‍ ചെറുകിടക്കാര്‍ക്കും ഇടത്തരം വായ്പ ആവശ്യക്കാര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്കിങ് അപ്രാപ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.     Read on deshabhimani.com

Related News