രൂപയുടെ വിലയിടിവ‌് തുടരും; എണ്ണ ഇറക്കുമതിക്കായി വൻതുക നൽകേണ്ടിവരുംകൊച്ചി > റെക്കോഡ‌് തകർച്ചയ‌്ക്ക‌ുശേഷം നില നേരിയതോതിൽ മെച്ചപ്പെടുത്തിയ രൂപയുടെ വിലയിടിവ‌് തുടരുമെന്ന‌് സാമ്പത്തികവിദഗ‌്ധർ. വ്യാഴാഴ‌്ച 69.09 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക‌് താഴ‌്ന്നതിനു ശേഷമാണ‌് വെള്ളിയാഴ‌്ച നിരക്ക‌് അൽപ്പം ഉയർന്നത‌്. വ്യാഴ‌ാഴ‌്ച  വിനിമയം അവസാനിച്ചപ്പോൾ  68.79 എന്ന നിലയിലേക്ക‌് നിരക്ക‌് മെച്ചപ്പെടുത്തിയിരുന്നു. വെള്ളിയാഴ‌്ച 15 പൈസ നേട്ടത്തിൽ 68.64 എന്ന നിരക്കിലാണ‌് രൂപ അവസാനിച്ചത‌്. രണ്ടു കാരണങ്ങളാണ‌്  മൂല്യശോഷണത്തിന‌ു പിന്നിൽ. പെട്രോളിയം വിലവർധനയും പണപ്പെരുപ്പവും ഉടനെ വരുതിയിലാകാൻ സാധ്യതയില്ലാത്തതിനാൽ വിലത്തകർച്ച തുടരാനാണ‌് സാധ്യതയെന്ന‌്  സാമ്പത്തികവിദഗ‌്ധർ പറയുന്നു.  രൂപയുടെ മൂല്യമിടിയുന്ന സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി രാജ്യം വൻതുക നൽകേണ്ടിവരും. മറ്റൊരു കാരണം അമേരിക്കൻ ഫെഡറൽ റിസർവും യൂറോപ്പിലെയും ജപ്പാനിലെയും കേന്ദ്രബാങ്കുകളും പലിശനിരക്ക‌ുവർധനയ‌്ക്ക‌് പച്ചക്കൊടി കാട്ടിയതാണ‌്. ഇതോടെ ഇന്ത്യയിൽ നിക്ഷേപം നടത്തിയിരുന്ന വിദേശനിക്ഷപക സ്ഥാപനങ്ങൾ ഈ  ആഴ‌്ചയിൽ  1223 കോടി രൂപയുടെ ഓഹരിവിൽപ്പന നടത്തി. ഇന്ത്യയിൽനിന്ന‌് ഇവർ വൻതോതിൽ നിക്ഷപം പിൻവലിക്കുന്നത‌് രൂപയ‌്ക്കു വീണ്ടും ആഘാതമാകുമെന്ന‌് ധനകാര്യവിദഗ‌്ധനായ വി കെ പ്രസാദ‌് പറഞ്ഞു. കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നവില നിയന്ത്രിച്ചില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും കൂപ്പുകുത്തുമെന്ന‌് അദ്ദഹം കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News