യോഗ ചെയ്യുമ്പോൾഒരു അന്താരാഷ്‌ട്ര യോഗദിനംകൂടി കഴിഞ്ഞയാഴ്‌ച കടന്നുപോയതോടെ യോഗയെക്കുറിച്ചുള്ള ആരോഗ്യചർച്ചകൾ സജീവമാകുകയാണല്ലോ.  അന്താരാഷ്‌ട്ര യോഗദിനം യോഗയ്‌ക്ക്‌ കിട്ടിയ രാജ്യാന്തര അംഗീകാരമാണ്‌. ശരിയായ രീതിയിലുള്ള യോഗാഭ്യാസം ആരോഗ്യപ്രദമാണ്‌.  യോഗ വെറുമൊരു ശാരീരിക വ്യായാമമല്ല, മറിച്ച്‌ ശരീരത്തിനും മനസ്സിനും ഒരുപോലെ ഫലപ്രദമായ ഒരു വ്യായാമമാർഗമാണ്‌. ശാരീരികാരോഗ്യം നിലനിർത്തുന്നതിൽ യോഗയ്‌ക്ക്‌ മറ്റുള്ള വ്യായാമമുറളെക്കാൾ പല ഗുണങ്ങളുമുണ്ട്‌. യോഗ ചെയ്യുന്നതിന്‌ വിലകൂടിയ ഉപകരണങ്ങളോ കൂടുതൽ സ്ഥലസൗകര്യമോ ഒന്നുംതന്നെ ആവശ്യമില്ല. മറിച്ച്‌, വീടിനകത്തോ, തുറസ്സായ സ്ഥലത്തോ ഒറ്റയ്‌ക്കോ കൂട്ടായോ യോഗ ചെയ്യാം. ആകെ വേണ്ടത്‌ ഒരു യോഗാ മാറ്റ്‌ മാത്രമാണ്‌. യോഗയുടെ ഏറ്റവും പ്രധാനഗു ണം ഇത്‌ ഏതു പ്രായക്കാർക്കും ചെയ്യാമെന്നതാണ്‌.  ഓരോ പ്രായക്കാരും പ്രായത്തിനനുയോജ്യമായ യോഗാസനങ്ങൾ ഒരു ഗുരുവിന്റെ സഹായത്തോടെ അഭ്യസിക്കണം എന്നുമാത്രം. നിത്യവും ഉള്ള യോഗാഭ്യാസം ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കും. ജീവിതശൈലീ രോഗങ്ങളുടെ  പ്രധാന കാരണമായ മാനസിക പിരിമുറുക്കം കുറയ്‌ക്കാൻ വളരെ ഫലപ്രദമാണ്‌ യോഗ. ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ പ്രാപ്‌തരാക്കും. ശ്വാസോച്ഛ്വാസം യോഗ വെറും ഒരു വ്യായാമമുറ അല്ല. അതിനാൽ ഓരോ യോഗാസനത്തിനും അനുയോജ്യമായ രീതിയിൽ ശ്വാസോച്ഛ്വാസം നിയന്ത്രിച്ചുവേണം ചെയ്യാൻ. അതുപോലെ യോഗ ചെയ്യുന്നതിന്‌ മൂന്നോ നാലോ മണിക്കൂർ മുന്പ്‌ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. യോഗ ഏതു പ്രായക്കാർക്കും ചെയ്യാമെന്നു പറയുന്നുണ്ടെങ്കിലും ഏഴു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ യോഗ അഭ്യസിപ്പിക്കാറില്ല. അതുപോലെ കൂടുതൽ ബുദ്ധിമുട്ടുള്ള ഹലാസനം, ശീർഷാസനം തുടങ്ങിയവ പ്രായാധിക്യമുള്ളവർ ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. മാനസികോല്ലാസം എല്ലാ പ്രായക്കാർക്കും ആവശ്യമായ ഒന്നാണ്‌. അതിനാൽ എല്ലാ പ്രായക്കാരും യോഗയോടൊപ്പം ധ്യാനവും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്‌. പ്രാണായാമംപോലുള്ള ശ്വസനമുറകളും എല്ലാ പ്രായക്കാർക്കും ചെയ്യാവുന്നതാണ്‌. ഓരോരുത്തരും അവനവന്റെ ശാരീരകാവസ്ഥയ്‌ക്ക്‌ യോജിച്ച യോഗാസനമുറകൾ മാത്രം ഒരു പരിശീലകന്റെ സഹായത്തോടെ അഭ്യസിക്കണം. യോഗാപരിശീലനത്തിൽ ശ്വസനക്രിയക്ക്‌ വളരെ പ്രാധാന്യം നൽകുന്നതിനാൽ അത്‌ രക്തസംക്രമണം വർധിപ്പിച്ച്‌ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ സഹായിക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിൽ ഓക്‌സിജനേഷൻ വർധിക്കുന്നതിനാൽ ഫ്രീ റാഡിക്കിൾസിന്റെ പ്രവർത്തനം തടയാനും സഹായിക്കും.പരസ്‌പരപൂരക ആസനങ്ങൾ ഇതൊക്കെയാണെങ്കിലും ഏതു കാര്യത്തിനും ഗുണവും ദോഷവുമുണ്ടല്ലോ. നാം ആദ്യം മനസ്സിലാക്കേണ്ടത്‌ യോഗയിൽ പല ആസനങ്ങളും പരസ്‌പര പൂരകങ്ങളാണ്‌. അതായത്‌ ഒരു ആസനമുറ  ശരീരപേശികളെ  നീട്ടുകയാണെങ്കിൽ (extent) അതിന്റെ പൂരകമായ ആസനമുറ ശരീരപേശികളെ വളയ്‌ക്കുന്ന (flex) താകും. അതിനാൽ ഇവ രണ്ടും ഒന്നിനു പുറകേ ഒന്നായി ചെയ്യണം. അതുപോലെ എല്ലാവർക്കും എല്ലാ ആസനങ്ങളും ചെയ്യാൻ സാധിക്കണമെന്നില്ല. അതിനാൽ ശാസ്‌ത്രീയമായി യോഗ അറിയുന്ന ഒരാളുടെ ശിക്ഷണത്തിൽ മാത്രമേ യോഗ അഭ്യസിക്കാവൂ. അതുപോലെ രോഗികൾ അവരുടെ ഡോക്ടർമാരുമായും ചർച്ചചെയ്‌തശേഷമേ യോഗ ചെയ്യാവൂ. യോഗയും ഇന്ന്‌ നല്ല കച്ചവടമാർഗമായി പലരും കാണുന്നു എന്നത്‌  വസ്‌തുതയാണ്‌. ഓരോരുത്തർക്കും ആവശ്യമായ യോഗ ഏതെന്നു മനസ്സിലാക്കാതെ നെറ്റിലൂടെയോ, ദൃശ്യമാധ്യമങ്ങളിലൂടെയോ മാത്രമുള്ള യോഗാഭ്യാസം ഗുണത്തിലേറെ ദോഷം വരുത്തും. നാം മനസ്സിലാക്കേണ്ട മറ്റൊന്ന്‌ യോഗ ഒരു മിതമായ വ്യായാമമാണ്‌. അതിനാൽ ശരീരഭാരം കുറയ്‌ക്കുക എന്നതാണ്‌ ലക്ഷ്യമെങ്കിൽ യോഗയോടൊപ്പം കഠിനമായ മറ്റ്‌ വ്യായാമമുറകൾകൂടി ഉൾപ്പെടുത്തിയേ മതിയാവൂ. ഭക്ഷണനിയന്ത്രണവും പരമപ്രധാനമാണ്‌. യോഗ പടിപടിയായി മാത്രമേ ഭാരം കുറയ്‌ക്കൂ. കുറഞ്ഞത്‌ ഒരുവർഷമെങ്കിലും തുടർച്ചയായി അഭ്യസിച്ചെങ്കിൽ മാത്രമേ യോഗയുടെ ഗുണഫലം അനുഭവിക്കാനാവൂ. ദിവസവും അരമണിക്കൂറേ യോഗ ചെയ്യാറുള്ളു എങ്കിൽ കാലറി കളയാൻ സഹായിക്കുന്ന മറ്റേതെങ്കിലും വ്യായാമമുറ സ്വീകരിക്കുന്നതാണ്‌ നല്ലത്‌. യോഗ കഴിയുന്നതും സൂര്യോദയത്തിനുമുന്പ്‌ ചെയ്യുന്നതാണ്‌ ഉത്തമം. അങ്ങനെ ചെയ്യുന്നപക്ഷം നമുക്ക്‌ നല്ല ഉന്മേഷം നൽകാൻ ഉപകരിക്കും. ചെറിയപ്രായത്തിലേ യോഗാഭ്യാസം തുടങ്ങുന്നത്‌ കുഞ്ഞുങ്ങൾക്ക്‌ ശ്രദ്ധ വർധിപ്പിക്കാനും, ബുദ്ധി വികാസത്തിനും സഹായിക്കും. ദേഷ്യം നിയന്ത്രിക്കാനും വളരെ ഫലപ്രദമാണ്‌ . അതിനാൽ സ്‌കൂൾപ്രായത്തിലേ യോഗാഭ്യാസം തുടങ്ങുന്നത്‌ നല്ലതാണ്‌. . അങ്ങനെ യോഗ നമ്മുടെ ദിനചര്യയുടെ  ഭാഗമാക്കാൻ എല്ലാവർക്കും കഴിയട്ടെ. (സംസ്ഥാന ഹെൽത്ത്‌സർവീസിൽ അസിസ്‌റ്റന്റ്‌ സർജനാണ്‌ ലേഖിക)   Read on deshabhimani.com

Related News