ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകിയാൽ മനോഹരമായ മുഖചിത്രം വരച്ചുനൽകും; ധനസമാഹരണത്തിന്‌ വേറിട്ട വഴിയുമായി ചിത്രകാരൻകൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സമാഹരിക്കാൻ വേറിട്ട മാർഗവുമായി നന്ദകുമാർ എന്ന കലാകാരൻ. 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌താൽ നിങ്ങളുടെ മുഖചിത്രം വരച്ചുനൽകുമെന്നാണ്‌ നന്ദകുമാറിന്റെ വാഗ്‌ദാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം അടച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്‍ബോക്‌സിലോ കമന്റിലോ നൽകിയാൽ മതിയാകും. ഒപ്പമൊരു സുന്ദരൻ ഫോട്ടോയും. മനോഹരമായ മുഖചിത്രം ഉടൻ ലഭിക്കും. ഇന്നും നാളെയും പണമടച്ച്‌ രസീത്‌ കൈമാറുന്നവർക്കാണ്‌ ഈ വാഗ്ദാനം. 1500 രൂപയുടെ രസീതിന്‌ ഒരു മുഖം മാത്രമാകും വരച്ചുനൽകുക. പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച ശേഷം നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്‍ബോക്‌സ് ചെയ്‌തിട്ടുണ്ട്. വാഗ്‌ദാനത്തോടൊപ്പം താൻ വരച്ച നിരവധി ചിത്രങ്ങളും നന്ദകുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്‌. എല്ലാം ഒന്നിനൊന്ന്‌ മികച്ച ചിത്രങ്ങൾ. ദുരിതാശ്വാസ നിധിയിൽ പണമടച്ച്‌ രസീത്‌ അയച്ചുനൽകിയാൽ കിട്ടുന്ന ചിത്രം അതിമനോഹരമാകുമെന്നതിൽ സംശയം വേണ്ട. വേഗമാകട്ടെ... ഈ ഓഫർ ഇന്നും നാളെയും മാത്രം! Read on deshabhimani.com

Related News