പുതുചുവടുമായി തെലങ്കാനയിലെ കൂട്ടായ്മപോരാട്ടത്തിന്റെ പുതുവഴികള്‍ വെട്ടിത്തുറന്ന പാരമ്പര്യമാണ് തെലങ്കാനയിലെ ജനങ്ങളുടേത്. 1947 ആഗസ്ത് 15ന് ഇന്ത്യയില്‍ മറ്റിടങ്ങളില്‍ സ്വാതന്ത്യ്രദിനാഘോഷം നടക്കുമ്പോള്‍ ഒളിയിടങ്ങളില്‍ തമ്പടിച്ച് ഹൈദരാബാദ് നൈസാമിനും ജന്മിമാര്‍ക്കുമെതിരെ പൊരുതുകയായിരുന്നു തെലങ്കാനയിലെ വലിയൊരു പങ്ക് ജനങ്ങള്‍. രക്തംകൊണ്ടും ജീവന്‍കൊണ്ടും അന്ന് ചരിത്രം രചിച്ച അവര്‍ ഇന്ന് പ്രക്ഷോഭത്തിന്റെ മറ്റൊരു പുതുപാത തെളിക്കുകയാണ്. ടി മാസ് (തെലങ്കാന മാസ് ആന്‍ഡ് സോഷ്യല്‍ ഓര്‍ഗനൈസേഷന്‍സ് ഫോറം) എന്ന പേരില്‍ രൂപപ്പെട്ട പൊതുവേദി തെലങ്കാനയിലെ ജനകീയ പോരാട്ടങ്ങളുടെ കുന്തമുനയാകുകയാണ്. 2017 ജൂലൈ നാലിന് 272 സംഘടനകള്‍ യോഗം ചേര്‍ന്ന് രൂപീകരിച്ച ടി മാസില്‍ ഇന്ന് നാനൂറോളം സംഘടനകള്‍ അംഗമായിക്കഴിഞ്ഞു. കൊടിയ ജാതിവിവേചനവും സാമൂഹ്യനീതിയും നിലനില്‍ക്കുന്ന തെലങ്കാനയിലെ, ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന സംഘടനകളാണ് ടി മാസില്‍ അണിനിരന്നതിലേറെയും. യാചകവൃത്തി തൊഴിലായി സ്വീകരിച്ചിരിക്കുന്ന സമുദായങ്ങള്‍പോലും ഇപ്പോഴും തെലങ്കാനയിലുണ്ട്. ഭൂമിയില്ലായ്മയുടെയും  സാമൂഹ്യ അനാചാരങ്ങളുടെയും ജാതിവിവേചനത്തിന്റെയും കൊടുംകെടുതികള്‍ നേരിടുന്ന വലിയൊരു ജനവിഭാഗം ടി മാസിനൊപ്പം ഇന്ന് ചുവടുവയ്ക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം നയിച്ച മഹാജന പദയാത്രയുടെ അന്ത്യത്തിലാണ് ടി മാസ് സംഘടനയ്ക്ക് രൂപമായത്. 2016 ഒക്ടോബര്‍ 17ന് ആരംഭിച്ച് നാലായിരത്തിലേറെ കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച ജാഥ സമാപിച്ചത് 154 ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 19നായിരുന്നു. സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും എത്തിയ ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ജാഥയുടെ മഹാവിജയം നല്‍കിയ ആവേശത്തിന്റെ തുടര്‍ച്ചയിലാണ് ടി മാസ് രൂപപ്പെട്ടത്. തമ്മിനേനി വീരഭദ്രത്തെ കൂടാതെ പ്രശസ്ത പണ്ഡിതരായ പ്രൊഫ. കാഞ്ച ഇളയ്യ, പ്രൊഫ. കാക്കി മാധവറാവു, പ്രൊഫ. പി എല്‍ വിശ്വേശ്വര റാവു, സായുധവിപ്ളവ പാത ഉപേക്ഷിച്ച ജനകീയ കവിയും ഗായകനുമായ ഗദ്ദര്‍, വിമലക്ക എന്നറിയപ്പെടുന്ന മുന്‍ നക്സലൈറ്റ് നേതാവ് വിമല തുടങ്ങിയവര്‍ 25 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങളാണ്. 75 അംഗ പ്രവര്‍ത്തകസമിതിയും നാനൂറംഗ ജനറല്‍ കൌണ്‍സിലും രൂപീകരിച്ചു. കൂടുതല്‍ ബുദ്ധിജീവികളുടെ സഹകരണവും സംഘടന ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ വിളിച്ച യോഗത്തില്‍ 160 പ്രമുഖര്‍ പങ്കെടുത്തു. സംഘടനയുടെ പ്രകടനപത്രിക അടക്കമുള്ള രേഖകള്‍ തയ്യാറാക്കാന്‍ 25 അംഗ സമിതിക്കും രൂപംനല്‍കി. ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഐ തിരുമാലി അധ്യക്ഷനായ സമിതിയുടെ കണ്‍വീനര്‍ പ്രൊഫ. പി എല്‍  വിശ്വേശ്വര റാവുവാണ്. ജില്ലാതലത്തിലും ബുദ്ധിജീവികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടിയതില്‍ മികച്ച പങ്കാളിത്തമുണ്ടായി. രൂപീകരിച്ച് നാലുമാസത്തിനിടയില്‍തന്നെ ആകെയുള്ള 31ല്‍ 11 ജില്ലകളില്‍ ടി മാസിന്റെ ജില്ലാഘടകങ്ങള്‍ നിലവില്‍വന്നുകഴിഞ്ഞു. രൂപീകരണയോഗങ്ങളിലും കാഞ്ച ഇളയ്യയും ഗദ്ദറും മറ്റും സജീവമായി പങ്കെടുക്കുന്നു. വൈകാതെ മണ്ഡല്‍തലത്തിലും ഗ്രാമതലത്തിലും കമ്മിറ്റികള്‍ നിലവില്‍വരും. ഇതിനകംതന്നെ നിരവധി ജനകീയപ്രശ്നങ്ങളില്‍ ടി മാസ് ഇടപെട്ടുകഴിഞ്ഞു. യദാഗ്രി ഭുവനഗരി ജില്ലയിലെ ഒരു ദുരഭിമാന കൊലയിലാണ് ആദ്യം ഇടപെട്ടത്. അലക്കുതൊഴില്‍ ചെയ്യുന്ന സമുദായത്തില്‍പ്പെട്ട യുവാവിനെ ഉയര്‍ന്ന ജാതിക്കാരിയെ സ്നേഹിച്ചതിന് ചുട്ടുകൊല്ലുകയായിരുന്നു. യുവതിയും പിന്നീട് ജീവനൊടുക്കി. പ്രതികളെ പിടിക്കാന്‍ വഴിതടയല്‍ അടക്കമുള്ള സമരങ്ങള്‍ക്ക് ടി മാസ് നേതൃത്വം നല്‍കി. കരിംനഗര്‍ ജില്ലയിലെ അനധികൃത ഖനനത്തിനെതിരെയും നിസാമാബാദില്‍ ദളിതര്‍ക്ക് അയിത്തം ഏര്‍പ്പെടുത്തിയതിനെതിരെയും ടി മാസ് ജനകീയപോരാട്ടം സംഘടിപ്പിച്ചു. നല്‍ഗോണ്ട ജില്ലയില്‍ രാംകി കമ്പനിക്ക് അനധികൃതമായി 1200 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതിനെതിരായ പ്രക്ഷോഭരംഗത്തും ടി മാസായിരുന്നു മുന്‍നിരയില്‍. സാവധാനമുള്ള ചുവടുവയ്പുകളിലൂടെ അധഃകൃതന്റെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ശബ്ദവും കരുത്തുമായി മാറാനാണ് സംഘടനയുടെ ശ്രമം. സാമൂഹ്യനീതിയുടെ ആദ്യപടവുകള്‍പോലും താണ്ടാന്‍ കഴിഞ്ഞിട്ടില്ലാത്ത വലിയൊരു ജനത ജീവിക്കുന്ന  തെലങ്കാനയില്‍ പുതിയ കൂട്ടായ്മ പോരാട്ടത്തിന്റെ പുതുചരിത്രങ്ങള്‍ രചിക്കുമെന്ന് പ്രത്യാശിക്കാം Read on deshabhimani.com

Related News