അതിരുകളില്ലാതെ അക്ഷരാകാശംതൊഴിലെടുത്ത് ജീവിക്കാനുള്ള ഇടമായി കേരളത്തെ കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് സമീപകാലത്ത് ഏറെ മോശമായ വാര്‍ത്തകള്‍ വന്നത് പെരുമ്പാവൂരില്‍നിന്നാണ്. നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇതരസംസ്ഥാന തൊഴിലാളിയായതുകൊണ്ടുകൂടിയാണ്, അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും കുത്തൊഴുക്കുണ്ടായത്. വടക്കെ ഇന്ത്യയില്‍നിന്നും വടക്കുകിഴക്കന്‍ മേഖലകളില്‍നിന്നും കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളെ അധ്വാനിക്കുന്ന ഉപകരണങ്ങള്‍ മാത്രമായി കാണുകയും അവരുടെ ക്ഷേമവും ജീവിതപ്രശ്നങ്ങളും അവഗണിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിന്റെ 'പ്രബുദ്ധത'യിലെ കറുത്തപുള്ളികളായി അവശേഷിക്കുന്നുണ്ട്. പെരുമ്പാവൂരില്‍മാത്രമല്ല, സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഹിന്ദിയും ബംഗാളിയും അസാമീസും സംസാരിക്കുന്ന തൊഴിലാളികളുണ്ട്. അവര്‍ക്ക് അക്ഷരാഭ്യാസമുണ്ടോ, ജീവിതസാഹചര്യങ്ങള്‍ എങ്ങനെയൊക്കെ എന്നു പരിശോധിക്കാന്‍ വലുതായാരും മിനക്കെടാറില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി പെരുമ്പാവൂരില്‍ തുടക്കംകുറിച്ച സാക്ഷരതാ പരിപാടി ശ്രദ്ധേയമായ ചുവടുവയ്പാകുന്നത്.  സമ്പൂര്‍ണ സാക്ഷരത യജ്ഞംപോലെ രാജ്യത്തിന് മാതൃകയാകുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസവകുപ്പ്, സാക്ഷരത മിഷന്‍ അതോറിറ്റി, പെരുമ്പാവൂര്‍ നഗരസഭ എന്നിവ സംയുക്തമായി ഏറ്റെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തി ഹിന്ദി, മലയാളം ഭാഷകളില്‍ സാക്ഷരരാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യം, നിയമം, പരിസ്ഥിതി, ഭരണഘടന വിഷയങ്ങളിലും കേരളത്തിലെ സാമൂഹിക, സാംസ്കാരിക ജീവിതത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം ഇതിന്റെ ഭാഗമാണ്. ഇതിനുപുറമെ, മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, തുടര്‍പഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്്. ആഴ്ചയില്‍ അഞ്ചുമണിക്കൂര്‍വീതം ആറുമാസം സാക്ഷരത ക്ളാസ് നടത്താനും ജൂണില്‍ പരീക്ഷ നടത്തി ലോക സാക്ഷരതാദിനമായ സെപ്തംബര്‍ എട്ടിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനുമാണ് ആദ്യഘട്ട മാതൃകാപദ്ധതി ലക്ഷ്യമിടുന്നത്.   1991 ഏപ്രില്‍ 18നാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചത്. സാക്ഷരതാരംഗത്തും വിദ്യാഭ്യാസരംഗത്തും കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളാണ് കേരളത്തിന്റെ വികസനപ്രക്രിയയെയും ജനാധിപത്യവല്‍ക്കരണത്തെയും ത്വരിതപ്പെടുത്തുന്നതിലെ സുപ്രധാന ഘടകങ്ങളിലൊന്ന്. സാക്ഷരതാപ്രസ്ഥാനത്തിന്റെ തുടര്‍ച്ച യാന്ത്രികമായി നടപ്പാക്കേണ്ടതല്ല. പുതിയ സാഹചര്യത്തിനൊത്ത രീതിയില്‍ വിവേകപൂര്‍ണമായി ആസൂത്രണം ചെയ്യേണ്ടതാണെന്ന ബോധ്യത്തില്‍നിന്നാണ്,  ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കാനുള്ള മുന്‍കൈ ഉണ്ടാകുന്നത്. നവോത്ഥാനനായകര്‍ കൊളുത്തിയ തിരിനാളമാണ്, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുന്നത്. വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയും കൃഷിഭൂമി കര്‍ഷകന് എന്ന മഹത്തായ മുദ്രാവാക്യമുയര്‍ത്തിയും നടന്ന നിരന്തര പ്രക്ഷോഭങ്ങളാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം. അധ്വാനിച്ച് ജീവിക്കാനുള്ള ഉചിതമായ ഇടമായി കണ്ട് രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ കേരളത്തിലെത്തുന്നതിന്റെ പൊരുളും മറ്റൊന്നല്ല.  ആറുവയസ്സ് പൂര്‍ത്തിയായ എല്ലാ കുട്ടികളും സ്കൂളില്‍ പ്രവേശിക്കുന്ന ഏകസംസ്ഥാനമാണ് കേരളം. 93.94 ശതമാനമാണ് കേരളത്തിന്റെ സാക്ഷരത. ആ അന്തരംതന്നെയാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വലിയൊരു ഭാഗം തൊഴിലാളികളും നിരക്ഷരരാകുന്നതിന്റെ ഹേതു. സ്വന്തം നാട്ടിലെ ദുരിതംമൂലം ഇവിടെയെത്തുന്ന അവര്‍ കൊടിയ ചൂഷണത്തിനുതന്നെയാണ് ഇരയാകുന്നത്. വൃത്തിയും ആരോഗ്യവുമുള്ള ജീവിതസാഹചര്യം അവര്‍ക്ക് ഉറപ്പാക്കുക,  അവരുടെ കുട്ടികള്‍ക്ക് കേരളത്തിലെ ഔപചാരിക വിദ്യാഭ്യാസ സൌകര്യം ലഭ്യമാക്കുക, മുതിര്‍ന്ന തൊഴിലാളികളെ അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുക- ഇങ്ങനെയുള്ള ദൌത്യം ഏറ്റെടുത്താല്‍മാത്രമേ ആ ചൂഷണത്തിന് അറുതിവരുത്താന്‍ കഴിയുകയുള്ളൂ. സ്വന്തം അധ്വാനശേഷി നമ്മുടെ സംസ്ഥാനത്തിനുവേണ്ടി വിനിയോഗിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും കേരളത്തിന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞുള്ള ഇടപെടലായാണ് പുതിയ പദ്ധതിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏതാണ്ട് 40 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. സ്വന്തം മാതൃഭാഷപോലും എഴുതാനും വായിക്കാനും അറിയാത്തവരാണ് ഭൂരിപക്ഷവും. അവരെ അക്ഷരലോകത്തേക്ക് ആനയിക്കുക എന്നത് കേരളമാതൃകയെ വീണ്ടും വീണ്ടും ഉന്നതങ്ങളിലെത്തിക്കുന്ന  ഇടപെടല്‍തന്നെയാണ്. പെരുമ്പാവൂരില്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കേണ്ടതുണ്ട്. അതിന് സാര്‍വത്രികമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ബഹുജന ക്യാമ്പയിനായി ഈ പദ്ധതി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. സമ്പൂര്‍ണ സാക്ഷരതായജ്ഞംപോലെ ഇന്ത്യക്ക് മാതൃകയായി ഇതിനെ മാറ്റിയെടുക്കാന്‍ ഓരോ കേരളീയനും മുന്നോട്ടുവരേണ്ടതുണ്ട് Read on deshabhimani.com

Related News