സിനിമയിലെ സ്ത്രീ കൂട്ടായ്മയെ ആരാണ് ഭയക്കുന്നത്?... രേവതിയും റീമ കല്ലിങ്കലും സംസാരിക്കുന്നുചലച്ചിത്രരംഗത്തെ വനിതകളുടെ കൂട്ടായ്മയ്ക്ക് തുടക്കമായിട്ട് അധികനാള്‍ ആയിട്ടില്ല. വലിയൊരു സംഘടനാസംവിധാനത്തിലേക്കൊന്നും അവര്‍ വളര്‍ന്നില്ല. പക്ഷേ സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ എന്തിനൊരു സംഘടന എന്ന ചോദ്യം പല കോണില്‍ നിന്നുയരുന്നു. സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്നങ്ങളേയില്ലെന്ന് ചലച്ചിത്രരംഗത്തെ ചില പ്രമുഖര്‍ പോലും ശഠിയ്ക്കുന്നു. ഇങ്ങനൊരു സംഘടന ആപത്താണെന്ന് വാദിയ്ക്കുന്നവരും നിരവധി. സംഘടനയെ സ്വാഗതം ചെയ്യുന്നവര്‍ തന്നെ ഒപ്പം പല 'പക്ഷേ'കള്‍ ചേര്‍ക്കുന്നു. വനിതകളില്‍ തന്നെ ചിലര്‍ സംഘടന ഉണ്ടായത് അറിഞ്ഞില്ലെന്ന് പരിഭവിക്കുന്നു. ഇങ്ങനെ പലവിധത്തില്‍ ചര്‍ച്ചയായ സംഘടനയുടെ ഭാവി പ്രവര്‍ത്തനത്തെപ്പറ്റി, കൂട്ടായ്മയുടെ തുടക്കത്തില്‍ പങ്കാളികളായ നടിയും സംവിധായികയുമായ രേവതിയും യുവ നടി റീമ കല്ലിങ്കലും പ്രതികരിയ്ക്കുന്നു. തയ്യാറാക്കിയത്: ശ്രീകുമാര്‍ ശേഖര്‍ ഞങ്ങള്‍ ചുവടുവെയ്ക്കുകയാണ്; പതുക്കെ: രേവതി ഓരോ വിഷയങ്ങളായി എടുക്കുക എന്നൊരു സമീപനമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ളിയുസിസി) ഇപ്പോള്‍ സ്വീകരിക്കുന്നത്. ഒത്തിരി കാര്യങ്ങള്‍ ആലോചിച്ച് ഒന്നും നടക്കാതെ വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ഒന്നിച്ചുനില്‍ക്കുന്നതുതന്നെ അപൂര്‍വമായി കരുതപ്പെടുന്ന നാട്ടില്‍ പരമാവധി എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുക. ഒന്നാംഘട്ടമായി വിഷയങ്ങള്‍ തിരിച്ചറിയുക, പിന്നീട് അവ പരിഹരിക്കാന്‍ ശ്രമിക്കുക, എന്നാണ് ഉദ്ദേശിക്കുന്നത്.   നല്ലൊരു ടീം ഇപ്പോഴുണ്ട്. ബീനാ പോള്‍, അഞ്ജലി മേനോന്‍ തുടങ്ങിയ പരിചയസമ്പന്നരായവര്‍. ആവേശത്തോടെ നില്‍ക്കുന്ന റീമ കല്ലിങ്കലും രമ്യ നമ്പീശനും പാര്‍വ്വതിയും സയനോരയും അടങ്ങിയ പുതുതലമുറ. പിന്നെ കാലങ്ങളായി രാഷ്ട്രീയ പ്രശ്നങ്ങളിലും സാമൂഹ്യ ഇടപെടലുകളിലുമൊക്കെ പരിചിതരായ ദീദി ദാമോദരനെപ്പോലുള്ളവര്‍. മാധ്യമങ്ങളുമായി ഇടപെട്ടും സിനിമ അല്ലാത്ത പൊതുവിഷയങ്ങളിലും ശക്തമായ നിലപാടെടുത്ത,് പലതിലും കൂടെനിന്ന് ഇടപെട്ട് പരിചയമുള്ള സജിത മഠത്തില്‍, വിധു വിന്‍സെന്റ്, ആശാ ജോസഫ് തുടങ്ങിയവര്‍. ഇങ്ങനെ 18 മുതല്‍ 20 വരെപ്പേര്‍ കോര്‍കമ്മിറ്റിപോലെ പ്രവര്‍ത്തിയ്ക്കുന്നു. വളരെ ജനാധിപത്യപരമായ രീതിയില്‍ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്താശയം ഉണ്ടായാലും ഇവരിലെല്ലാവരോടും പറഞ്ഞ് അവരുടെ അഭിപ്രായം തേടിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ഞങ്ങളുടെ ആദ്യചുവട് അവള്‍ക്കൊപ്പം എന്ന ക്യാമ്പയിനാണ്.ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്നതാണ് ഞങ്ങളുടെ നിലപാട്   അവള്‍ക്ക് നേരെ ഒരു അനീതിയുണ്ടായി. അതില്‍ അവള്‍ക്ക് നിയമപരമായി കിട്ടേണ്ട നീതി കിട്ടണം. അതിന്റെ അന്ത്യംവരെപോകും. ബലാല്‍സംഗ കേസുകളുടെ അന്ത്യം കാണാന്‍ പലപ്പോഴും പത്തും പതിനഞ്ചും കൊല്ലമെടുക്കുന്നു. അതുകൊണ്ട് അക്രമികള്‍ക്ക് ധൈര്യം കൂടുകയാണ്. എന്തു ചെയ്താലും ഇത്രയൊക്കെയേ ഉള്ളു എന്ന തോന്നല്‍ വരുന്നു. ഈ കേസിലെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിര്‍ബ്ബന്ധം ഞങ്ങള്‍ക്കുണ്ട്. നിയമപരമായി കോടതിയും പൊലീസും രാഷ്ട്രീയ നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കും. അവള്‍ക്കായി ചെയ്യാനാകുന്നതൊക്കെ ചെയ്യും. സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷാപ്രശ്നം  പ്രധാനമായിതന്നെ കാണുന്നു. അതിന് ആരും എതിരുനില്‍ക്കുമെന്ന് കരുതുന്നില്ല. ഏറെയും ഇപ്പോള്‍ രംഗത്തുള്ളവരുടെ തന്നെ മകളും മരുമകളും പേരക്കുട്ടികളും ഒക്കെ തന്നെയാണല്ലോ പുതുതായി വരുന്നത്. വ്യവസായത്തിന്റെ എല്ലാ മേഖലയിലുമുളള സ്ത്രീകളുമായി ബന്ധം വെയ്ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അഭിനയരംഗത്ത് മാത്രമല്ല മറ്റെല്ലാരംഗത്തും സ്ത്രീകളുണ്ട്. ലിംഗ വിവേചനത്തിന്റെ പ്രശ്നങ്ങള്‍ അവരൊക്കെ നേരിടുന്നു. ഇത് പരിഹരിയ്ക്കാന്‍ അവരെ ശക്തരാക്കണം. ഒപ്പം പുരുഷന്മാരെയും ബോധവല്‍ക്കരിക്കണം.  അതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നു. വിവിധ യൂണിയനുകളുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തും. കൌണ്‍സിലിങ്ങ്, നിയമസഹായം ഒക്കെ നല്‍കാന്‍ സംവിധാനം വേണ്ടിവരും. വെറുതെ ചൂണ്ടിക്കാട്ടിയിട്ട് മാത്രം കാര്യമില്ല. പരിഹരിക്കാന്‍ കഴിയണം. പുതിയ പാതയിലാണ് ഞങ്ങള്‍ നീങ്ങുന്നത്. ഇക്കാര്യത്തില്‍ മുന്‍മാതൃകകളില്ല. അതിന്റെ പ്രശ്നങ്ങളുണ്ട്.  ഹോളിവുഡില്‍പോലും സ്ത്രീകള്‍ക്കായി സംഘടനയില്ല. അവിടുത്തെ പ്രശ്നങ്ങള്‍ ആഞ്ജലീന ജോളിയെപ്പോലുള്ളവര്‍ തുറന്നു പറഞ്ഞപ്പോഴാണ് ലോകം അറിയുന്നത്. ഇവിടെയും പലരും പീഡനങ്ങള്‍ പറയാന്‍ മടിക്കുന്നു. കരിയറില്‍ നിലനില്‍ക്കണം എന്നുകരുതി പലരും പലതും മറച്ചുവെച്ചും സഹിച്ചും മുന്നോട്ടുപോകുന്നു. ഒരു വാക്കോ വാചകമോ പറഞ്ഞാല്‍ പിന്നെ 'നമ്മള്‍ പുറത്ത്, നമ്മള്‍ അവസാനിച്ചു' എന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. നമ്മളെ പിന്നെ വളരാന്‍ അനുവദിക്കില്ല. എന്ന് പലരും കരുതുന്നു. 80 ശതമാനം പേര്‍ നിശബ്ദരായിരിക്കുന്നു. ബാക്കിയുള്ള 20 ശതമാനത്തില്‍ തന്നെ കുറച്ചുപേര്‍ മാത്രമേ പ്രതികരിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പരമാവധി യൂണിയനുകളെയും വ്യക്തികളെയും സഹകരിപ്പിച്ച് മുന്നോട്ടുപോകേണ്ടിവരും. ഒരു തുടക്കമിട്ടപ്പോള്‍ തന്നെ സിനിമാവ്യവസായത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ ഒരു ധൈര്യം പകരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ചില കുട്ടികള്‍ പ്രശ്നങ്ങളുമായി വിളിച്ചിട്ടുണ്ട്. ആരു വിളിച്ചാലും അവര്‍ക്ക് നീതി  നേടികൊടുക്കാന്‍ ശ്രമിക്കണമെന്നതാണ് കാഴ്ചപ്പാട്. കൂട്ടായ്മ രൂപപ്പെട്ടത് അറിയിച്ചിട്ടില്ല എന്ന വിമര്‍ശനങ്ങള്‍ ചിലരില്‍ നിന്നുയര്‍ന്നുകണ്ടു. ഞങ്ങള്‍ ആരും വിളിച്ചിട്ട് വന്നതല്ല. ഒരു സഹപ്രവര്‍ത്തക നേരിട്ട പ്രശ്നം മുന്നിലെത്തിയപ്പോള്‍ ഒന്നിച്ചുകൂടുകയായിരുന്നു. ഇപ്പോള്‍ കോര്‍ മെമ്പേഴ്സ് എന്ന നിലയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംഘടന രജിസ്റ്റര്‍ ചെയ്ത ശേഷം കൂടുതല്‍ പേരെ അംഗങ്ങളാക്കണമെന്ന് കരുതുന്നു. ലോകത്താകെ സിനിമയില്‍ സ്ത്രീ വഹിച്ച പങ്കിനെപ്പറ്റിയുള്ള ബോധവല്‍ക്കരണം കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ലോകത്താകെ സിനിമയ്ക്കായി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് ബോധവല്‍ക്കരിക്കാനാണ് ശ്രമം. ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ തീരൂ: റീമ കല്ലിങ്കല്‍ എല്ലാവര്‍ക്കും ഒരേപോലെ സന്തോഷമായി സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഒരു തൊഴില്‍ അന്തരീക്ഷം സിനിമാമേഖലയില്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തിയ്ക്കുന്നത്. അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കില്‍ എല്ലാവര്‍ക്കും ഗുണമല്ലേ? അങ്ങനെയൊരു കാര്യത്തെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. എന്തുപറഞ്ഞ് എതിര്‍ക്കും? സുരക്ഷിതവും നീതിയുക്തവുമായ ഒരു തൊഴില്‍ അന്തരീക്ഷം എന്നത് അവകാശമല്ലേ? അതിനെ ആര്‍ക്കാണ് എതിര്‍ക്കാനാകുക? കൂട്ടായ്മയെ ആണുങ്ങള്‍ ഭയക്കുന്നു എന്നു ചിലര്‍ പറയുന്നു. എന്തിനെയാണ് അവര്‍ ഭയക്കുന്നത്. മനസ്സിലാകുന്നില്ല. തുല്ല്യതയുള്ള തൊഴിലിടം ഉണ്ടായാല്‍ എല്ലാവര്‍ക്കും അവരുടെതായ ഉത്തരവാദിത്തം ഉണ്ടാകും. സ്ത്രീകള്‍ ശാക്തീകരിയ്ക്കപ്പെടുന്നയിടങ്ങളിലെല്ലാം ചിലര്‍ ഭയപ്പെടുന്നുണ്ട്. ഭയക്കേണ്ടതില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.  അതുകൊണ്ട് എന്തിന് ഭയപ്പെടണം എന്ന ചോദ്യം ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. സിനിമയിലെ സ്ത്രീകള്‍ക്ക് സ്വന്തമായി ചിന്തിക്കാനുള്ള സമയം ആയിക്കഴിഞ്ഞു എന്നു തന്നെയാണ് ഞങ്ങള്‍ പറയുന്നത്. നമുക്കായി മറ്റുള്ളവര്‍ ചിന്തിക്കുക എന്ന രീതി മാറണം. അതിനാണ് ശ്രമം.  സ്ത്രീകള്‍ ഈ മേഖലയില്‍ നേരിടുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. ആദ്യം അവകാശങ്ങളെപ്പറ്റി തന്നെ പഠിക്കേണ്ടിയും പഠിപ്പിക്കേണ്ടിയുംവരും. പ്രതിഫലം അടക്കമുള്ള കാര്യങ്ങളില്‍ കടുത്ത വിവേചനമുണ്ട്. നമ്മുടെ തൊഴിലിടത്തില്‍ നമുക്ക് ആവശ്യപ്പെടാവുന്ന അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിയില്ല. ഒരു നിര്‍മാതാവിനോട് എന്തൊക്കെ നമുക്ക് ആവശ്യപ്പെടാം എന്നൊന്നും ആരും ചിന്തിക്കുന്നില്ല. ഇത് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല; പുരുഷന്മാരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി ഇത്രയും സ്ത്രീകള്‍ തൊഴിലെടുക്കുന്ന സിനിമാ വ്യവസായത്തില്‍ സുപ്രിംകോടതിയുടെ വിശാഖ കേസിലെ ലൈംഗിക പീഡനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോ അതിനുശേഷം തൊഴിലിടങ്ങളിലെ പീഡനം തടയാന്‍വന്ന നിയമമോ ഒന്നും ബാധകമാകുന്നില്ല. വിനോദ നികുതിയുടെ 40 ശതമാനം നല്‍കുന്ന ഒരു വ്യവസായത്തില്‍ ഇതാണ് സ്ഥിതി. . ഇങ്ങനെയൊരു രീതിയില്‍ വ്യവസായം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ മാത്രം ഇതിന്റെ മെച്ചം കൊയ്തെടുക്കുന്നു. അവരുടെ നേട്ടങ്ങള്‍ അങ്ങനെതന്നെ നിര്‍ത്തിക്കൊണ്ട് ബാക്കി ഇവിടെ വരുന്ന എല്ലാവര്‍ക്കും നേട്ടം ഉണ്ടാകട്ടെ. എല്ലാവരും സന്തോഷമായി വന്ന് ജോലിയെടുക്കട്ടെ. നേട്ടങ്ങള്‍ കുറച്ചുപേരിലേക്ക് മാത്രം ഒതുങ്ങുന്ന സ്ഥിതി മാറട്ടെ.  സുരക്ഷ വലിയൊരു പ്രശ്നം തന്നെയാണ്. ലൈംഗിക പീഡനമൊക്കെ പണ്ട് മാത്രം ഉണ്ടായിരുന്നതാണെന്ന് അമ്മ പ്രസിഡണ്ട് പറയുമ്പോള്‍ അതുകൊണ്ടാണ് സങ്കടം തോന്നുന്നത്. മുറിയ്ക്കുള്ളില്‍ ആനയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്. എന്നിട്ടല്ലേ അതിനെ പുറത്താക്കാനാകൂ.   ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കണം. എങ്കിലെ അക്കാര്യത്തില്‍ മുന്നോട്ടുപോകാനാവു. അവിടെവരെപ്പോലും നമ്മള്‍ എത്തിയിട്ടില്ല. അങ്ങനെയൊരു പ്രശ്നമില്ല എന്ന് വാദിക്കുന്നവരില്‍ സ്ത്രീകള്‍പോലുമുണ്ട്. അത്തരം അവസ്ഥകളോട് പൊരുത്തപ്പെട്ടുപോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നതിനാലാണ് അവര്‍ പറയാന്‍ മടിക്കുന്നത്.  ചിലര്‍ ചോദിക്കുന്നത് 'നിങ്ങള്‍ ചില നടിമാരുടെ മാത്രം പ്രശ്നം സമൂഹം എന്തിന് ഏറ്റെടുക്കണം' എന്നാണ്. അത് അങ്ങനെയല്ല. ഘടനയില്‍ ഇത്രയേറെ പിന്തിരിപ്പനായിരിക്കുന്ന വ്യവസായത്തില്‍നിന്ന് വരുന്ന ഉല്‍പ്പന്നമാണ് ഇന്നും നമ്മുടെ മുഖ്യ വിനോദോപാധി എന്ന് മറക്കരുത്. വീണ്ടും വീണ്ടും ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ തന്നെ പുറത്തുവിടുന്ന ഉല്‍പന്നങ്ങളാണ് അവിടെ നിന്ന് ഉണ്ടാകുന്നത്. അതുകൊണ്ട് ഈ വ്യവസായത്തെ നന്നാക്കേണ്ടത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണ്. ഘടനയില്‍ തന്നെ ഇത്രയേറെ സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും പേറുന്ന ഒന്നായിക്കൂട സിനിമാ വ്യവസായം എന്ന ചിന്ത സമൂഹത്തിനും ഉണ്ടാകണം. ഏറ്റവും ജനകീയമായ മാധ്യമം ഇന്നും സിനിമയാണ്. സിനിമയിലൂടെ ആരാണ് പറയുന്നത് എന്താണ് പറയുന്നത് എന്നത് സമൂഹത്തെകൂടി ബാധിക്കുന്ന കാര്യമാണ്. ഏറ്റവും സാക്ഷരതയുള്ള പുരോഗമനപരമെന്ന് സ്വയം വിശ്വസിക്കുന്ന കേരളീയ സമൂഹം അതില്‍ ഇടപെടുകതന്നെ വേണം. പുതുതായി രംഗത്തേക്ക് വരുന്നവര്‍ പലരും ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്. പുതിയ അവസരം വരുമ്പോള്‍ എങ്ങനെ സമീപിക്കണം എങ്ങനെ സംസാരിക്കണം എന്നൊക്കെ ആശങ്കപ്പെടുന്നവരാണവര്‍. ഒരു ഫോണ്‍കോളിനപ്പുറം ഇതിനൊക്കെ ഉത്തരം പറയാന്‍ ചിലരുണ്ട് എന്നത് അവര്‍ക്ക് ധൈര്യം പകരുന്നു. ഞാന്‍ വന്ന സമയത്ത് ആരെ വിളിക്കണം എന്ന ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ഒരു തോന്നലുണ്ടായിരുന്നു. പുതുതായി വരുന്നവര്‍ക്ക് അതുണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംഘടനയ്ക്ക് രജിസ്ട്രേഷന്‍ വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. നിര്‍മ്മാതാക്കളുടേതുപോലെയുള്ള  സംഘടനകളുമായി കൂടിയാലോചനകളില്‍ പങ്കെടുക്കണമെങ്കില്‍ രജിസ്ട്രേഷന്‍ വേണ്ടിവരും. അതുകൊണ്ട് അവിടെ നിന്നു തന്നെ തുടങ്ങാം എന്ന് ഞങ്ങളും കരുതുന്നു.   Read on deshabhimani.com

Related News