വിജയലക്ഷ്മിക്ക്‌ മാംഗല്യം ഒക്ടോബര്‍ 22ന്  മലയാളിയുടെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടെയും ലൈലാ കുമാരിയുടെയും മകൻ മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപാണ് വരൻ. 10ന്  വിജയലക്ഷ്മിയുടെ വസതിയിൽ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബർ 22ന് വൈക്കം മഹാദേവക്ഷേത്രത്തിൽ അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും. ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടർ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ  പാട്ടുകളുടെ ആരാധകൻ കൂടിയാണ‌് അനൂപ‌്. ഉദയനാപുരം ഉഷാനിവാസിൽ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ഗായത്രിവീണയിൽ അഗാധ പണ്ഡിത്യമുള്ള അവർ ശാസ്ത്രീയ സംഗീതജ്ഞ എന്ന നിലയിലും പേരെടുത്തു.  2013ൽ കമൽ സംവിധാനം ചെയ‌്ത 'സെല്ലുലോയ്ഡ്' എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്  പാട്ടും മൂളിവന്നു...' എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീത ലോകത്ത‌് എത്തിയത‌്.  ഈ പാട്ടിന‌് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.  2013ൽ തന്നെ നടൻ എന്ന സിനിമയിൽ ‘ഒറ്റക്കു പാടുന്ന പൂങ്കുയിലേ’ എന്ന പാട്ട‌ിന‌് മികച്ച ഗായികയ‌്ക്കുള്ള  സംസ്ഥാന അവാർഡും ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുപ്പതിലധികം സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട‌്. ബാഹുബലി സിനിമയിൽ എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ വിജയലക്ഷ‌്മി പാടിയ പാട്ട‌് ഏറെ ശ്രദ്ധേയമായിരുന്നു. Read on deshabhimani.com

Related News