'ഉറുമി'യ്ക്കു ശേഷം പുതിയചിത്രവുമായി സന്തോഷ് ശിവന്‍; മഞ്ജു വാരിയരും കാളിദാസ് ജയറാമും പ്രധാന വേഷത്തില്‍കൊച്ചി > 'ഉറുമി'ക്ക് ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ് ശിവന്‍. സന്തോഷ് ശിവന്‍ തന്നെ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുബായിലുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്ശിവന്‍ ഈ ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്.  ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബര്‍ 20 ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കും. കേരളത്തിനു പുറമെ  ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് സൂചന. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവന്‍, മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ള 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിനു മുന്‍പ് പുതിയ ചിത്രം ചെയ്ത് തീര്‍ക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകവേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കാളിദാസ് ജയറാം.  ആഷിക് അബുവിന്റെ പുതിയ ചിത്രം  വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ കാളിദാസ് അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മണിരത്‌നം - സന്തോഷ് ശിവന്‍' കൂട്ടുകെട്ടിലെ ചിത്രമായ 'ചെക്ക ചിവന്ത വാനം' റിലീസിനു  ശേഷം പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ്  അറിയുന്നത്.   Read on deshabhimani.com

Related News