കഥയെഴുതാൻ മാത്രമല്ല അഭിനയിക്കാനും റെഡി‘ഒരു പഴയ ബോംബ‌് കഥ’ എന്ന സിനിമ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക‌് പ്രചോദനമാകുമെന്ന‌്  സംവിധായകൻ ഷാഫി. റിയാലിറ്റി ഷോകളുടെയും സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന തനിക്ക‌് അഭിനയവും വഴങ്ങുമെന്ന‌് ആത്മവിശ്വാസം നൽകിയ സിനിമയാണിതെന്ന‌് നായകനടൻ ബിബിൻ ജോർജ‌്. എറണാകുളം പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാഫിയും ബിബിനും. അഭിനയം ബിബിന‌് പുതുമയല്ലെങ്കിലും വെള്ളിത്തിരയിൽ ആദ്യവേഷമാണിത‌്.   മിമിക്രിതാരമായും തിരക്കഥാകൃത്തായും മാത്രം തനിക്ക‌് പരിചയമുണ്ടായിരുന്ന ബിബിനെ നായകകഥാപാത്രമാക്കി അവതരിപ്പിക്കുമ്പോൾ സിനിമ വിജയിക്കുമെന്ന‌്   ഉറപ്പുണ്ടായിരുന്നുവെന്ന‌് ഷാഫി പറഞ്ഞു. കാലിന‌് അൽപ്പം സ്വാധീനക്കുറവുണ്ടെന്നത‌് ഒരിക്കലും പരിമിതിയായില്ല. പകരം അത‌് മറ്റുള്ളവർക്ക‌് പ്രചോദനമാകുന്ന തരത്തിലാണ‌് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത‌്. പാട്ടുസീൻ കണ്ട‌് പലരും ഈ സ്വാധീനക്കുറവ‌് ഗ്രാഫിക‌്സ‌് ട്രിക്കാണെന്ന‌ുവരെ സംശയിച്ചു. അത്ര തന്മയത്വത്തോടെയായിരുന്നു ബിബിന്റെ അഭിനയമെന്ന‌് ഷാഫി പറഞ്ഞു. അമർ അക‌്ബർ ആന്റണി, കട്ടപ്പനയിലെ ഋത്വിക‌് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളാണ‌് ബിബിൻ. 17﹣ാം വയസ്സുമുതൽ റിയാലിറ്റി ഷോകളിലും ഹാസ്യപരിപാടികളിലും സ‌്ക്രിപ‌്റ്റ‌് എഴുതിയിട്ടുള്ളതിനാൽ സിനിമയുടെ അണിയറപ്പണികളെക്കുറിച്ച‌് അറിയാമെങ്കിലും സ‌്ക്രീനിലെ അഭിനയം ആദ്യത്തേതാണെന്ന‌് ബിബിൻ പറഞ്ഞു. ബഡായി ബംഗ്ലാവ‌് എന്ന കോമഡി സീരിയലിന്റെ 139 എപ്പിസോഡുകൾക്ക‌് തിരക്കഥ രചിച്ചു. സിനിമയുടെ വിജയം അഭിനയജീവിതത്തിന‌് പ്രതീക്ഷ നൽകുന്നുവെന്ന‌് ബിബിൻ കൂട്ടിചേർത്തു. സംഗീതസംവിധായകൻ അരുൺരാജ‌്, നിർമാതാവ‌് സഖറിയാ തോമസ‌് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News