സാന്ത്വനത്തിന്റെ നിലാസ്‌പർശംദൃശ്യകലാരൂപമായ സിനിമ മറ്റേതൊരു കലാസൃഷ്ടിയുംപോലെ സവിശേഷതയുള്ളതും ഭിന്നവുമാകുന്നത് അതിലെ പുതുമയിലും ഭാവുകത്വത്തിലുമാണ്. പറഞ്ഞുപഴകിയ രീതികളിൽനിന്നും അവതരണശൈലിയിൽനിന്നും മോചനം നേടുമ്പോൾ സിനിമ നവീനത കൈവരിക്കുന്നു. അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കൂടെ' വ്യത്യസ്തമാകുന്നത് അതിലെ മാനവികതയാലും മനുഷ്യത്വത്തിന്റെ നിലാസ്പർശത്താലുമാണ്. സാധാരണ സിനിമയിലെ ഭൂതപ്രേത സങ്കൽപ്പങ്ങളെ കൂടെ പൊളിച്ചെഴുതുന്നു. സിനിമയിൽ സർവസാധാരണമായത് മനുഷ്യനെ തന്നെ ബാധയും ഭൂതവുമാക്കുന്ന ചിത്രീകരണമാണെന്നിരിക്കെ കൂടെ ആത്മാവിന്, അശരീരിക്ക് മനുഷ്യഗുണവും നന്മയും പ്രദാനം ചെയ്യുന്നു. സിനിമയിലെ ഭൂതങ്ങളെക്കുറിച്ചും അവയുടെ 'വെള്ള യൂണിഫോമിനെക്കുറിച്ചും' ഇതിലെ ആത്മാവായ കഥാപാത്രംതന്നെ പറയുന്നുമുണ്ട്.   കൂടെയിൽ സംവിധായിക സഫലീകരിക്കുന്നത് ഫ്ളാഷ്ബാക്ക് നിറഞ്ഞ അവതരണമാണ്. സഹോദരീ സഹോദരന്മാരായ ജെന്നി‐ ജോഷ്വ ദ്വയത്തിലാണ് പടത്തിന്റെ ഫോക്കസ് എങ്കിലും മിഴിവുറ്റ കുറേ കഥാപാത്രങ്ങൾ അവർക്കുചുറ്റും ഭ്രമണം ചെയ്യുന്നു. അവരുടെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നത്‌ സംവിധായകൻ രഞ്ജിത്തും പാർവതിയുമാണെന്നത് ഫ്രെഷ്നസ‌് നൽകുന്നു. അഞ്ജലി മേനോന്റെ ഏറ്റവും വലിയ നേട്ടം കൂടെയിൽ കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താനായി എന്നതുതന്നെ. അതുകൊണ്ടുതന്നെ അന്യത്വമോ അപരിചിതത്വമോ തോന്നുന്നില്ല. നടനാകാൻ പഠിച്ച് സംവിധായകനായി മലയാള സിനിമയിൽ സ്വന്തം സ്ഥാനം നേടിയ രഞ്ജിത്തിൽ ഒരു നല്ല നടനുണ്ടെന്നുള്ളത് കൂടെയിലെ മെക്കാനിക്ക് ഒരിക്കൽക്കൂടി തെളിയിക്കുന്നു.  ജോഷ്വയുടെ ജീവിതത്തിലേക്ക് അനുജത്തി ജെന്നി കടന്നുവരുന്നത് വളരെ വൈകിയാണ്. പ്രായത്തിന്റെ വലിയ അന്തരമുണ്ടെങ്കിലും കുഞ്ഞുപെങ്ങളെ അവന് ജീവനായിരുന്നു. എന്നാൽ, അവളുടെ പിച്ചവയ‌്പും വളർച്ചയും കാണാനാകാതെ വിധി ജോഷ്വയെ ഗൾഫിലേക്ക് പറിച്ചുനടുന്നു. പിറവിമുതൽ ജെന്നി അസുഖങ്ങളുടെ തടവുകാരിയായിരുന്നു. അവസാനം മെഡിസിന് പഠിക്കുന്ന അവസരത്തിലാണ് അവൾ വിടപറയുന്നത്. വർഷങ്ങൾക്കുശേഷം ജോഷ്വ നാട്ടിലെത്തുന്നത് ജെന്നിയുടെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനാണ്. പിന്നീട് ജോഷ്വയുടെ ഓർമകളിൽ തെളിയുന്ന ഭൂതകാലവും ജെന്നിയുടെ സാന്നിധ്യമുള്ള വർത്തമാനവും സംവിധായക വികാരതീവ്രവും മിഴിവുറ്റതുമാക്കുന്നു. കാലത്തിന്റെ കാലംതെറ്റിയ പ്രവാഹത്തിന് കൂടെ സാക്ഷ്യം വഹിക്കുന്നു. സ്കൂളിന് ജോഷ്വയുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്, ഫുട്ബോൾ കോച്ചുമായുള്ള ജോഷ്വയുടെ ബന്ധത്തിന് സോഫിയയുടെ രംഗപ്രവേശനത്തിലൂടെ പുതിയൊരു അർഥതലം ലഭിക്കുന്നു. (പിന്നിട് വീൽചെയറിൽ ഒതുങ്ങുന്ന കോച്ചിനെ ജോഷ്വ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുമ്പോഴും സോഫിയ പ്രത്യക്ഷപ്പെടുന്നുണ്ട്).അവധി കഴിഞ്ഞിട്ടും ജോഷ്വ തിരിച്ചുപോകാതെ അവിടെത്തന്നെ തുടരുന്നതിൽ ജെന്നിയെ പോലെ സോഫിയയും കാരണമാകുന്നു. ജോഷ്വയ്ക്ക്മാത്രം കാണാവുന്ന ജെന്നിയുടെ ആസ്ഥാനമായി സായിപ്പിന്റെ വാൻ മാറുന്നു. ആത്മാവാണെങ്കിലും ജെന്നിക്ക് ഒടുക്കത്തെ വിശപ്പാണ്. വീട്ടിൽനിന്നും കടയിൽനിന്നുമുള്ള ഭക്ഷ്യസാധനങ്ങൾ ജോഷ്വ ജെന്നിക്കായി കൊണ്ടുപോകുന്നു. ജെന്നി ‐ജോഷ്വ സ്നേഹബന്ധം ഔചിത്യത്തോടെയാണ് സംവിധായിക പകർത്തുന്നത്.   നാടകീയമായ ചില നീക്കങ്ങൾക്കൊടുവിൽ ജോഷ്വ സോഫിയയെ സ്വന്തമാക്കുന്നു. സായിപ്പിന്റെ വാനിൽ തന്നെയാണ് അവരുടെ ഒളിച്ചോട്ടവും. രണ്ടാംപുകതിയിൽ ജെന്നിയുടെ കോളേജ് ജീവിതം പറയുന്നുണ്ട്. (കോളേജ് കാലഘട്ടത്തിലെ ഒരു ഗാനം ബാഗ്ലൂർ ഡെയ്സിനെ ഓർമിപ്പിക്കുന്നതാണ്). ജയചന്ദ്രന്റെ സംഗീതവും രഘുവിന്റെ പശ്ചാത്തല സംഗീതവും മികച്ചത്‌.   ഹൈ റേഞ്ചിന്റെ, ഊട്ടിയുടെ പശ്ചാത്തലത്തിൽ അഞ്ജലി മേനോൻ നെയ്തെടുക്കുന്ന കൂടെ സാന്ത്വനത്തിന്റെ തൂവൽസ്പർശം നൽകുന്നു. പ്രകൃതിയുടെ വശ്യതയും മനോഹാരിതയും കൂെടയുടെ പ്ലസ് പോയിന്റാണ്. പ്രധാന കഥാപാത്രങ്ങളായ ജോഷ്വ, ജെന്നി, സോഫിയ എന്നിവരാകുന്നത് പൃഥ്വിരാജും നസ്രിയയും പാർവതിയും. അവരിലൂടെയാണ് കൂടെ സമ്പന്നമായ ഒരു കാഴ്ചവിരുന്ന് ഒരുക്കുന്നത്. കഥാപാത്രങ്ങളെ ശരിക്കും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രകടനമാണ് അഭിനേതാക്കളുടേത്.   അന്ത്യത്തിൽ ജെന്നിയുടെ പെട്ടെന്നുള്ള തിരോധാനം ജോഷ്വയെ മതിഭ്രമത്തിന്റെയും വിഭ്രാന്തിയുടെയും തലത്തിലേക്ക് മാറ്റുന്നുണ്ടെങ്കിലും സോഫിയയുടെ സമയോചിതമായ ഇടപെടൽ അയാളെ നേർവഴിക്ക് നയിക്കുന്നു. അതാണ് കൂടെയുടെ പ്രസക്തിയും. ഒരാൾക്കൊപ്പം മറ്റൊരാൾ കൂടെയുള്ളതാണ് കൂട്ടിനും കൂടിനും കൂടാരത്തിനുമെല്ലാം നിദാനം. ഏകാകിതയിൽ നിന്നുള്ള മോചനം സാധ്യമാക്കുന്നതും കൂടെയുള്ളവർതന്നെ. അഞ്ജലി മേനോൻ എന്ന സംവിധായകയുടെ കൈയൊപ്പ്  തെളിയുന്ന, അനന്യത നൽകുന്ന ചിത്രമാണ് കൂടെ...   rajanarayananmc@gmail.com   Read on deshabhimani.com

Related News