മേരിക്കുട്ടിയുടെ കന്നിയാത്ര അവർക്കൊപ്പംകൊച്ചി മെട്രോയിലെ ആദ്യയാത്ര ട്രാൻസ്‌ജെൻഡർമാർക്കൊപ്പം ആഘോഷമാക്കി നടൻ ജയസൂര്യ. ട്രാൻസ്‌ജെൻഡറും കൊച്ചി മെട്രോയിലെ ജീവനക്കാരുമായ സുൽഫി മെഹർജാൻ, ലയ ബിജു എന്നിവർക്കൊപ്പമാണ് ജയസൂര്യ തന്റെ കന്നി മെട്രോയാത്ര നടത്തിയത്. തിങ്കളാഴ്ച പകൽ 11. 30 ഓടെ ഇടപ്പള്ളി സ്റ്റേഷനിൽനിന്ന് മഹാരാജാസ് കോളേജ് സ്‌റ്റേഷൻവരെയായിരുന്നു യാത്ര.  ട്രാൻസ്‌ജെൻഡറിന്റെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിന്റെ പ്രചാരണാർഥമാണ് താരം മെട്രോയാത്ര ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത‌് ശങ്കറും ഒപ്പമുണ്ടായിരുന്നു. യാത്രയിലുടനീളം മെട്രോയിലെ ജോലിയുടെ സ്വഭാവവും ജീവിതസാഹചര്യവുമെല്ലാം ജയസൂര്യ സുൽഫിയോടും ലയയോടും   ചോദിച്ചു മനസ്സിലാക്കി.  ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ജോലി നൽകിയതുവഴി കൊച്ചി മെട്രോ മികച്ച മാതൃകയാണ് കാണിച്ചതെന്ന് ജയസൂര്യ പറഞ്ഞു. ജോലിയുടെ ഭാഗമായി മെട്രോ അവർക്ക് നൽകിയ ഐഡി കാർഡിൽ ട്രാൻസ്ജെൻഡേഴ്സ് എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഓരോരുത്തരും തിരിച്ചറിയാൻ ആഗ്രഹിക്കുന്ന പേരുകളാണ് ഐഡി കാർഡിലുള്ളത്. ഇത് മികച്ച നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്‌ജെൻഡർമാരെ മുൻവിധികളോടെ സമീപിക്കുന്ന സമൂഹത്തിന് തിരിച്ചറിവു നൽകാനാണ് താൻ മേരിക്കുട്ടി എന്ന സിനിമയിലൂടെ ശ്രമിച്ചതെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. ജയസൂര്യയോടൊപ്പം മെട്രോയിൽ യാത്രചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സുൽഫി മെഹർജാനും ലയ ബിജുവും പറഞ്ഞു. തങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെ പച്ചയായ ആവിഷ്‌കാരമാണ‌് മേരിക്കുട്ടിയിലൂടെ കാണാൻ സാധിച്ചത്. ട്രാൻസ്‌ജെൻഡർമാരെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണ മാറ്റാൻ ഈ സിനിമ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News