ഈ .മ. യൗ: മരണത്തിലും ജീവിക്കുന്നവര്‍ -റിവ്യൂഅങ്കമാലിയില്‍ നിന്ന് ചെല്ലാനത്തേക്കെത്തുമ്പോഴുള്ള അന്തരീക്ഷം അതിന്റെ ഒരംശവും നഷ്ടപ്പെടുത്താതെ ആവിഷ്‌ക്കരിച്ചിരിക്കുന്നതിനാണ് ലിജോ പെല്ലിശ്ശേരിക്ക് ആദ്യ കയ്യടി. അങ്കമാലി എന്ന പ്രദേശത്തിന് പുറത്തേക്ക് 'ഭാഷയിലോ പശ്ചാത്തലത്തിലോ മാറ്റം വന്നാല്‍ ആസ്വാദന'ഭംഗി നഷ്ടപ്പെടുമായിരുന്ന സിനിമയാണ് അങ്കമാലി ഡയറീസ്. അതിലെ മികവ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് ചെല്ലാനവും അവിടുത്തെ ജീവിതം പകര്‍ത്തുന്നതിലൂടെ ലിജോ ജോസ്‌ പെല്ലിശ്ശേരി. മരണത്തിലും ഒരാളെ സ്വതന്ത്രനാകാത്ത മതകേന്ദ്രങ്ങളും, മറ്റുള്ളവരിലേക്ക് അനുവാദമില്ലാതെ ഇടപെടുന്ന സമൂഹവും, മരണവീട്ടിലെ കപട മലയാളിയുമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടപ്പെടുന്നത്. ഓരോ സാഹചര്യങ്ങളിലും ഏത് ഭാവത്തില്‍ പെരുമാറണമെന്ന് കാലങ്ങളായി ചിട്ടപ്പെടുത്തിയ വഴിയില്‍ സഞ്ചരിക്കുന്നതല്ലാതെ സ്വാഭാവികമായി പെരുമാറുന്നവര്‍ ആരെല്ലാമുണ്ട്!. കപടമായി പെരുമാറാത്ത മനുഷ്യര്‍ മറ്റുള്ളവരുടെ മുന്നില്‍ ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ങ്ങള്‍ അതനുഭവിക്കാത്തവര്‍ക്ക് വിഷയമാണോ! ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ മ യൗ. ചെല്ലാനത്തോ മറ്റേതെങ്കിലും തീരപ്രദേശങ്ങളിലോ നിര്‍ബന്ധമായും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സ്വഭാവ സവിശേഷതകളുള്ള ആളാണ് വാവച്ചന്‍ മേസ്തിരി. നാട്ടിലെ രൂപക്കൂട് പണിതത് അയാളാണ്. അതിലൂടെയാണ് അയാള്‍ അറിയപ്പെടുന്നതും. അത് പൊളിച്ച് വേറെ പണിയാന്‍ പോകുന്നു. അയാള്‍ ജീവനോടെ ഇരിക്കുമ്പോളും മരണപ്പെട്ടതിന് ശേഷവും സിനിമയുടെ ദൃഷ്ടികേന്ദ്രം മറ്റൊന്നുമല്ല. അയാളുടെ മൃതദേഹത്തോടൊപ്പം കുഴിമാടംവരെ എത്താനുള്ള ധൃതിയാണ് പ്രേക്ഷകന്റേത്. വാവച്ചന്‍ മേസ്തിരിയെ ആദ്യം കാണിക്കുന്ന രംഗം മുതല്‍ ദൂരെ വീശുന്ന കാറ്റും മൂടിക്കെട്ടിയ ആകാശവുമുണ്ട്. സിനിമയുടെ അവസാനത്തിലേ വിദൂരതയിലെ കാറ്റിന്റെ ശബ്ദവും ആകാശത്തിന്റെ ഇരുളും മാറുന്നുള്ളൂ. ജീവിതത്തില്‍ അയാളോട് സ്‌നേഹത്തോടെ പെരുമാറിയിരുന്നവര്‍ മരണത്തില്‍ അയാളോട് നീതി പുലര്‍ത്തിയിട്ടില്ല. ശവമടക്ക് ഗംഭീരമാക്കാമെന്ന് അപ്പന് വാക്കുകൊടുത്ത മകന്‍ ഈശിയുടെ നെട്ടോട്ടവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഭവിക്കുന്ന മരണവും തുടര്‍ന്ന് ശവമടക്കുവരെയുള്ള സംഭവങ്ങളുമാണ് കഥ. ഒരാളുടെ മരണം അയാളുടെ 'ഭാര്യയ്ക്ക്, മക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്, നാട്ടുകാര്‍ക്ക് എല്ലാം ഏത് തരത്തില്‍ അനുഭവപ്പെടുന്നു എന്ന് പച്ചയായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സിനിമ മലയാളത്തിലില്ല. പുറമേ മുരടനായ മകന്‍ ഈശിയും, അല്‍പ്പം ചൂടനായ മെമ്പര്‍ അയ്യപ്പനുമാണ് മരണത്തിന് ശേഷം വാവച്ചനൊപ്പം ഉള്ളത്. മരണവീടും കടപ്പുറവും പള്ളീലച്ചനുമെല്ലാം ഉള്‍പ്പെടുന്ന ചെല്ലാനത്തിന്റെ റിയലിസ്റ്റിക് അവതരണമാണ് സിനിമയുടെ ജീവന്‍. കുടുംബവും ബന്ധുക്കളും ഉള്ളതുകൊണ്ട് മാത്രമാണ് മരണത്തിന് ശേഷവും പലരും വാവച്ചനാശാരിയെ വേട്ടയാടുന്നത്. ആരുമില്ലാത്ത കഴിവെട്ടുകാരന് മരണത്തിന് ശേഷം ആരുടേയും വേട്ടയാടല്‍ നേരിടേണ്ടി വരുന്നില്ല എന്നത് കപടലോകത്ത് അനാഥന് എത്രത്തോളം സ്വാതന്ത്രം ലഭിക്കുന്നു എന്നതിലേക്ക് ചൂണ്ടുന്നുണ്ട്. അവിടെനിന്ന് മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നതുവരെ വാവച്ചനും ചുറ്റും കൂടി നില്‍ക്കുന്നവരും കടലും പ്രകൃതിയുമെല്ലാം അസ്വസ്ഥരാണ്. ഇവയുടെയെല്ലാം സ്വസ്ഥത തിരികെക്കൊടുക്കാനുള്ള വെപ്രാളമാണ് വാവച്ചന്റെ ശവമടക്ക്. ഏത് വെപ്രാളത്തിനും പ്രശ്‌നത്തിനും ഇടയിലും അപ്പന് കൊടുത്ത ഗംഭീരമായ യാത്രയയപ്പ് എന്ന വാക്ക് പാലിക്കണമെന്ന ഒറ്റ ചിന്തയിലാണ് ഈശിയും മനോനില തെറ്റാതെ പിടിച്ചുനില്‍ക്കുന്നത്. ജീവിതാവസ്ഥകള്‍ ഇത്രയും സ്വാഭാവികമായി അവതരിപ്പിച്ച കാസ്റ്റിങ് സിനിമയുടെ റിയലിസ്റ്റിക്ക് സ്വഭാവം ഉയര്‍ത്തുന്നു. ഈശിയായി വന്ന ചെമ്പനും, പഞ്ചായത്തംഗമായി വരുന്ന വിനായകനുമാണ് ഏറ്റവും മികച്ചുനില്‍ക്കുന്നത്. അത്രപെട്ടെന്ന് പിടിതരാത്ത കഥാപാത്രമാണ് ചെമ്പന്റെ ഈശി. പെട്ടെന്ന് ദേഷ്യപ്പെടുകയും, അപ്പനോട് എന്തിനാണ് വീട്ടിലേക്ക് വന്നതെന്ന് ചോദിക്കുകയും ചെയ്തിട്ട് അയാളുടെ മദ്യാവസ്ഥയിലുള്ള നൃത്തം സന്തോഷത്തോടെ ആസ്വദിക്കുകയും ചെയ്യാന്‍ ഈശിയ്ക്ക് കഴിയും. സ്വന്തം വാര്‍ഡില്‍ മരണമുണ്ടാകുമ്പോള്‍ വരുന്ന മെമ്പറായേ വിനായകന്റെ അയ്യപ്പനെ ആദ്യം തോന്നു. എന്നാല്‍ അയാള്‍ ഈശിയുടെ വികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. വാവച്ചന്‍ മേസ്തിരിക്ക് നല്ലൊരു യാത്രയയപ്പ് നല്‍കാന്‍ ഇരുവരും നടത്തുന്ന ശ്രമങ്ങള്‍ ജീവിതത്തില്‍ കാണുന്ന പല ആളുകളേയും ഓര്‍മ്മിപ്പിക്കും. സന്ദര്‍ഭങ്ങളിലും പശ്ചാത്തലത്തിലും റിയലിസ്റ്റിക്ക് അവതരണം നഷ്ടപ്പെടാതെയാണ് മരണവീട്ടിലും പരിസരത്തുമായി സംവിധായകന്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പല മേഖലയിലേക്ക് കടക്കുമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളിലൊക്കെ വാവച്ചന്റെ മരണം എല്ലാവരേയും മരണവീട്ടിലേക്ക് തിരികെയെത്തിക്കും.  അങ്കമാലി ഡയറീസില്‍ ബിസിനസ്സ് ചെയ്യാനും കേസ് തീര്‍ക്കാനും വേണ്ട ലക്ഷങ്ങള്‍ ഇല്ലാത്ത ക്രിസ്ത്യന്‍ ജീവിതമാണെങ്കില്‍ ചെല്ലാനത്തേത് സ്വന്തം പിതാവിന്റെ മരണാനന്തരച്ചടങ്ങിന് സ്വര്‍ണ്ണം പണയം വെക്കേണ്ട അവസ്ഥയുള്ള കടലോര ക്രിസ്ത്യന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്. പശ്ചാത്തല സംഗീതവും ക്യാമറയും പടത്തിന്റെ ഒഴുക്കിന് യോജിച്ചതാണ്. കടലും കാറ്റും നിറയുന്ന വൈഡ് ഫ്രെയിമുകളും, മിനിട്ടുകള്‍ നീളുന്ന സിംഗിള്‍ ഷോട്ടുകളും ഷൈജു ഖാലിദിന്റെ ക്രാഫ്റ്റ് വീണ്ടും തെളിയിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മികച്ചത് എന്നുതന്നെ പറയാം. ചിരിയും കരച്ചിലുമില്ലാതെ നിര്‍വ്വികാരതയുടേയും മരവിപ്പിന്റേയും 'ഭീകരമായ അവസ്ഥയാണ് ഈ മ യൗവില്‍ പ്രതീക്ഷിക്കേണ്ടത.് ഏത് വികാരമാണ് തോന്നുകയെന്ന് സ്വയം മനസ്സിലാക്കാന്‍ കഴിയാത്തത്ര മനുഷ്യനിലേക്ക് ആഴ്ന്നിറങ്ങുന്ന ഒന്നാണ് ഈ മ യൗ എന്നത് സംശയമില്ലാതെ പറയാം.   Read on deshabhimani.com

Related News