ചെക്ക ചിവന്ത വാനം വരുന്നു  ഇന്ത്യൻ സിനിമയിലെ തലയെടുപ്പുള്ള സംവിധായകൻ മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനം സെപ്തംബർ 28ന് തിയറ്ററുകളിലേക്ക്. മികച്ച സാങ്കേതികപ്രവർത്തകരും താരങ്ങളും അണിനിരക്കുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുൺ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു, ഹൈദരി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചിത്രീകരണത്തീയതി നീണ്ടുപോയതിനാൽ ഫഹദ് ചിത്രത്തിൽനിന്ന് പിന്മാറിയതോടെയാണ് പകരം അരുൺ വിജയ് സിനിമയുടെ ഭാ​ഗമായതെന്ന് കരുതുന്നു. വ്യവസായവൽകൃത ന​ഗരപശ്ചാത്തലത്തിൽ പറയുന്ന ശക്തമായ രാഷ്ട്രീയചിത്രമായിരിക്കും സിനിമയെന്നാണ് റിപ്പോർട്ട്.  മണിരത്നത്തിന്റെ മ‍ദ്രാസ് ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി പൊലീസ് ഓഫീസറായും ചിമ്പു എൻജിനിയറായും അരവിന്ദ് സ്വാമി രാഷ്ട്രീയനേതാവായും അരുൺ വിജയ് വില്ലനായും എത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രകാശ‌്‌രാജ‌്, ത്യാ​ഗരാജൻ, മൺസൂർ അലിഖാൻ എന്നിങ്ങനെ വൻതാരനിരയും ചിത്രത്തിലൂണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട അപ്പാനി ശരത് മണിരത്നം ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.  സം​ഗീതം എ ആർ റഹ്മാനും ഛായാ​ഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകർപ്രസാദുമാണ്. മണിരത്നത്തിന്റെ സ്ഥിരം പങ്കാളികളായ ഇവർ രാവണി (2010)ലാണ് അവസാനമായി ഒന്നിച്ചത്. ചിത്രത്തിന്റെ തെലുങ്ക‌് പതിപ്പും തമിഴിനൊപ്പമിറങ്ങും. നവാബ് എന്നാണ് തെലുങ്ക് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മണിരത്നത്തിന്റെ അവസാനമിറങ്ങിയ ചിത്രം കാട്ര് വെളിയിടെ വൻ പ്രതീക്ഷ ഉയർത്തിയെങ്കിലും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. Read on deshabhimani.com

Related News