ഒരു കട്ട ലോക്കൽ കഥ മാത്രമല്ലിത‌്രാജ്യമെങ്ങും ചർച്ച ചെയ്യുന്ന, കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനം പ്രമേയമാക്കി പുറത്തിറങ്ങിയ ‘ചന്ദ്രഗിരി’ സിനിമയ‌്ക്ക‌് തിരക്കേറുന്നു. വടക്കൻ കേരളത്തിന്റെ കലയും സംസ‌്കാരവും രാഷ്ട്രീയവും പോരാട്ടവും വിഷയമാക്കുന്ന സിനിമ പക്ഷേ, കട്ട ലോക്കലാണെന്ന‌് കരുതിയെങ്കിൽ തെറ്റി. നഷ്ടത്തിന്റെ പേരുപറഞ്ഞ‌്, സ‌്കൂൾ അടച്ചിടണമെന്ന‌് വാശിപിടിക്കുന്ന സ‌്കൂൾ മാനേജർ, അതിനെതിരായി സ‌്കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം, തുടർന്ന‌് ഇതിന‌ുപിന്നിൽ ബഹുജനങ്ങളൊന്നാകെ അണിനിരക്കുന്ന കഥയാണ‌് സിനിമ പറയുന്നത‌്. നടൻ ലാലിന്റെ ‘ക്ഷുഭിത വേഷങ്ങളിൽ’ വേറിട്ടുനിൽക്കുന്നു ചന്ദ്രഗിരിയിലെ ഹെഡ‌്മാസ‌്റ്ററുടെ വേഷം.  യക്ഷഗാനം, കാസർകോടിന്റെ വിങ്ങലായ എൻഡോസൾഫാൻ പ്രശ‌്നം എ‌ന്നിവയൊക്കെ സിനിമയിൽ സജീവമായി കടന്നുവരുന്നുണ്ട‌്. മലയാള യക്ഷഗാനം ഒരു സിനിമയിൽ പ്രധാന മുഹൂർത്തമായി എത്തുന്നത‌് ഈ സിനിമയിലായിരിക്കും.  മലയാളിക്ക‌് കഥകളി പോലെ ദക്ഷിണ കന്നഡയിലെ വികാരമായ യക്ഷഗാനത്തെ മലയാളസിനിമാ പ്രേക്ഷകർക്ക‌് വേറിട്ട നിലയിൽ പരിചയപ്പെടാനും സിനിമയിലെ ക്ലൈമാക‌്സ‌് വഴിവയ‌്ക്കുന്നുണ്ട‌്.നന്ദിനി ഓപ്പോൾ, കാറ്റത്തൊരു പെൺപൂവ‌് തുടങ്ങിയ ചിത്രങ്ങൾ സംവിധാനംചെയ‌്ത മോഹൻ കുപ്ലേരിയാണ‌് സിനിമ സംവിധാനം ചെയ‌്തത‌്. ലാലിനൊപ്പം ഹരീഷ‌് പേരടി, ജോയ‌ി മാത്യു, കമ്മട്ടിപ്പാടം സിനിമയിലെ നായിക ഷോൺ റോമി, സുനിൽ സുഖദ, സജിത മഠത്തിൽ, നന്ദു, ജയചന്ദ്രൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ഉത്തരകേരളത്തിലെ നൂറോളം നാടക കലാകാരന്മാരും സിനിമയിൽ അഭിനയിക്കുന്നു. ഗുരുപൂർണിമയുടെ ബാനറിൽ എൻ സുചിത്രയാണ‌് നിർമാണം. തിരക്കഥ: വിനോദ‌്കുമാർ കുട്ടമത്ത‌്, ക്യാമറ: ഷാജികുമാർ, സംഗീതം: ബിജിപാൽ, ശ്രീവത്സൻ ജെ മേനോൻ, സത്യനാരായണ പുണിഞ്ചിത്തായ. Read on deshabhimani.com

Related News