വെറും ചാരമല്ല; തിളങ്ങുന്ന 'കാര്‍ബണ്‍'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മമ്മൂട്ടി എന്ന നടനെ ഏറ്റവും നന്നായി കഥാപാത്രമാക്കിയെടുത്ത സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമുള്ളൂ, വേണു. 'മുന്നറിയിപ്പിലൂടെ' കുറച്ചുകാലം മുന്‍പ് ഒരുപാട് ചോദ്യങ്ങള്‍ തന്ന് പോയ വേണു എന്ന സംവിധാകന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. വേണു എന്ന പ്രതീക്ഷയും ഫഹദ് ഫാസില്‍ എന്ന മികച്ച നടനും ഒന്നിച്ചപ്പോള്‍ സംഭവിച്ച മനോഹരമായ സിനിമാ അനുഭവമാണ് 'കാര്‍ബണ്‍'. പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത ഇഷ്‌ട‌പ്പെടുന്നവര്‍ക്ക് നല്ല അനുഭവമാണ് കാര്‍ബണ്‍ സമ്മാനിക്കുന്നത്. നായകനായ പാലായിലെ പൈക എന്ന നാട്ടിന്‍പുറത്തുകാരനായ സിബിയെ കാണാനില്ലെന്ന വീട്ടുകാരുടെ ആശങ്കയിലാണ് കാര്‍ബണ്‍ തുടങ്ങുന്നത്. നാട്ടിന്‍പുറത്തുകാരനാണെന്നു കരുതി സിബി വീട്ടിലും നാട്ടിലും സ്ഥിരം കാണുമെന്ന് കരുതരുത്. അത്ര പെട്ടെന്ന് പിടി തരാത്ത ആളാണ് സിബി. പെട്ടെന്ന് ധനികനാകാനുള്ള ഓട്ടമാണ് അയാളുടേത്. അതിനോടൊപ്പം ഓടുക എന്നതാണ് പ്രേക്ഷകന്റെ ജോലി. സമൂഹത്തില്‍ അലസതയും, എടുത്തുചാട്ടവും, കൂടെയുള്ളവരെപ്പറ്റി ചിന്തയില്ലാത്തതുമായവരുടെ പ്രതിനിധിയാണ് സിബി. മരതകകല്ല്, ആന, വെള്ളിമൂങ്ങ തുടങ്ങിയ അസാധാരണമായ ബിസിനസ്സൊക്കെയാണ് സിബിയുടെ നോട്ടം. കോടികളും ലക്ഷങ്ങളും മാത്രം ചിന്തയിലുള്ള അയാളോട് പ്രാക്ടിക്കലാകാനുള്ള സുഹൃത്തിന്റെ ഉപദേശത്തിന് ' വളരെ പ്രാക്ടിക്കലായിട്ട് ഞാനൊരു മുറുക്കാന്‍ കട തുടങ്ങാം' എന്നാണ് മറുപടി. തളര്‍ന്ന് പോകുന്ന ഘട്ടങ്ങളിലൊക്കെ അല്‍പം ഫാന്റസിയായിട്ടുള്ള കാര്യങ്ങളും കഥാപാത്രങ്ങളുമൊക്കെ പുള്ളിക്ക് മുന്നിലെത്തും. കച്ചവടവുമായി ബന്ധപ്പെട്ട് കണ്ടുമുട്ടുന്ന മുതലാളി അയാളുടെ കാടിനകത്തുള്ള റിസോര്‍ട്ടിലേക്ക് സിബിയെ നോട്ടക്കാരനായി പറഞ്ഞയക്കുന്നതും അവിടം സിബിയെ പഠിപ്പിക്കുന്നതും ബോധ്യപ്പെടുത്തുന്നതുമായ ത്രില്ലിങ് സംഭവങ്ങളാണ് പിന്നീട്. ധനത്തിന് വേണ്ടി കാടിനകത്ത് ഒരു സാഹസികയാത്രക്ക് തയ്യാറാകുന്ന സിബിയിലൂടെ സമൂഹത്തിലെ പല പൊയ്മുഖ ജീവിതം നയിക്കുന്നവരേയും പരോക്ഷമായി പരിഹസിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. സ്വഭാവ സവിശേഷത എന്ന് പറയുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യനില്‍ ഏങ്ങനെ പ്രകടമാകുന്നു എന്നതാണ് നായകനില്‍ സൂക്ഷ്മം വീക്ഷിക്കാനുള്ളത്. മമ്‌‌‌‌‌‌‌ത മോഹന്‍ദാസും, ചേതനും, മണികണ്‌ഠനും ഈ യാത്രക്ക് ഒപ്പം ചേരുന്നതോടെ രസകരവും ഭയപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നു. ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടാന്‍ കഴിയാത്ത അയാള്‍ക്ക് കാട്ടിലെ ജീവിതം കാണിച്ചുകൊടുത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട കഥാപാത്രം പലപ്പോഴും അമ്പരപ്പിക്കുന്നുണ്ട്. കാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന സമയത്ത് ഒരുപാട് ദൂരം കയറിയെത്തിയ മരത്തില്‍ തന്റെ കൈപ്പത്തിയുടെ അകലത്തില്‍ സിബിക്ക് പറിച്ചെടുക്കാന്‍ കഴിയാതിരുന്ന പഴം അയാളുടെ മനസ്സിലേക്ക് പല ചിന്തകളാണ് കൊണ്ടുവരുന്നത്. പൗലോ കൊയ്‌ലോയുടെ ദ ആല്‍കെമിസ്റ്റിലെപ്പോലെ താന്‍ തേടിപ്പോകുന്നിടത്താണോ അതോ യാത്ര തുടങ്ങിയ ഇടത്താണോ യഥാര്‍ഥ നിധി എന്നതാണ് സിബിക്കുള്ളിലുണ്ടാകുന്ന സമ്മര്‍ദ്ദം. തന്റെ കടം എല്ലാം വീട്ടിയ അച്ഛനും, താന്‍ കാരണം വിഷമിക്കുന്ന അമ്മയും പെങ്ങളുമെല്ലാം സിബിയുടെ മനസ്സിലേക്ക് വരുന്നത് ആ യാത്രയിലാണ്. കുറേയേറെ ചോദ്യങ്ങള്‍ മുന്നിലേക്കിട്ടുതന്നാണ് സംവിധാകന്‍ ഓരോ സംഭവവും അവസാനിപ്പക്കുന്നത്. 'മുന്നറിയിപ്പിലെ' പോലെ നൂറുശതമാനം കഥ മുന്നിലേക്ക് നീക്കിവച്ചു തരുന്നതല്ല കാര്‍ബണ്‍. ചുറ്റുപാടുകളെ, ജീവിതങ്ങളെ, ഒന്ന് ജനാല തുറന്നാല്‍ കാണുന്ന ലോകത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒന്നായിരിക്കും കാര്‍ബണ്‍ അനുഭവം. വേണു എന്ന സംവിധായകന്‍ വലിയ പ്രതീക്ഷയാണ് കാര്‍ബണിലൂടെ തരുന്നത്. കാടിനെ അതേപോലെ ഒപ്പിയെടുത്ത ബോളിവുഡില്‍ പ്രശസ്‌ത ഛായാഗ്രഹകന്‍ കെ യു മോഹനനും എഡിറ്റിങില്‍ ബീനാപോളും ദൃശ്യ സൗന്ദര്യവും ഒഴുക്കും മികച്ചതാക്കുന്നു. വിശാല്‍ ഭരദ്വാജിന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തലവും ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News