ക്യാപ്‌‌റ്റന്‍ ചെയ്‌തത് പ്രതിഫലം വാങ്ങാതെ; 3 വര്‍ഷം ജീവിച്ചത് ഡ്രൈവറായി: പ്രജേഷ് സെന്‍ക്യാപ്‌‌‌റ്റന്‍ എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ പ്രതിഭാധനനായ സംവിധായകനും തിരക്കഥാകൃത്തുമാണ് ജി പ്രജേഷ്‌ സെന്‍. 12 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രജേഷ്. രാംനാഥ് ഗോയങ്ക അവാര്‍ഡ്, പ്രസ്‌‌‌‌‌‌ക്ലബുകളുടെ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ പതിമൂന്ന് പുരസ്‌‌‌‌‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നമ്പിനാരായണന്റെ'ഓര്‍മകളുടെ ഭ്രമണപഥം'  സാധാരണ മനുഷ്യരുടെ  ജീവിതം പറയുന്ന 'തന്മാത്രകള്‍', മല്ലികാര്‍ജ്ജുനന്‍ കാണി എന്ന അമ്പെയ്‌‌‌‌‌‌ത്തുകാരന്റെ ജീവിതം അടയാളപ്പെടുത്തിയ 'ഏകലവ്യന്റെ വിരല്‍', 'വാടകത്തൊട്ടില്‍' 'മാഞ്ചി ഒരു ടെസ്റ്റ് ട്യൂബ് അനാഥയുടെ ആത്മകഥ' എന്നീ പുസ്തകങ്ങളും രചിച്ചു. നമ്പിനാരായണന്റെ പുസ്‌തകം അടിസ്ഥാനമാക്കി ഡോക്യമെന്ററിയും ചെയ്‌തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം പ്രേക്ഷകരെ കുടുംബ സമേതം തിയേറ്ററിലേക്ക് എത്തിക്കാന്‍ ക്യാപ്‌‌‌റ്റനിലൂടെ സംവിധായകന് കഴിഞ്ഞു. പൊള്ളുന്ന മനസ്സോടെ തിയേറ്റര്‍ വിട്ടിറങ്ങുന്നവര്‍ ക്യാപ്‌‌‌റ്റനിലൂടെ തിരിച്ചു പിടിക്കുന്നത് മലയാള സിനിമയുടെ നല്ല കാലത്തെ കൂടിയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്‌‌‌‌ബോള്‍ താരമായിരുന്ന വി പി സത്യന്റെ മൈതാനത്തിനുള്ളിലും പുറത്തുമുള്ള  ജീവിതമാണ് സംവിധായകന്‍ അഭ്രപാളിയില്‍ പകര്‍ത്തിയത്.  ധ്യാനംപോലെ അഞ്ചുവര്‍ഷമാണ് പ്രജേഷ് ഈ സിനിമയ്ക്ക് പിന്നില്‍ ചിലവഴിച്ചത്. കാലം കാത്തുവെക്കുകയും തലമുറകളിലേക്ക് പകരുകയും ചെയ്യുന്ന  ഈ കലാസൃഷ്‌ടികള്‍ അപൂര്‍വമാണ്.  'ക്യാപ്‌ടന്‍' തലമുറകളെ വിസ്‌മ‌‌യിപ്പിക്കും എന്നതിന് തെളിവാണ് എല്ലാതലമുറകളിലും പെട്ട ചലച്ചിത്രാസ്വാദകര്‍ ഈ സിനിമയ്‌‌‌‌‌ക്കു നല്‍കുന്ന പിന്തുണ. തോറ്റുപോയവന്റെ കഥയല്ല ക്യാപ്‌‌‌‌‌‌റ്റന്‍, ജീവിതം പൊരുതാനുള്ള കളിക്കളമാണെന്ന് ഓര്‍മ്മപ്പെടുത്തിയവന്റെ ജീവിതപുസ്‌തകമാണത്... സിനിമയെ കുറിച്ച് പ്രജേഷ്‌ സെന്‍ സംസാരിക്കുന്നു. മികച്ച പ്രതികരണം മികച്ച പ്രതികരണമാണ് ക്യാപ്‌‌‌‌‌‌‌റ്റന്‍ രണ്ടാം വാരം പിന്നിടുമ്പോഴും കിട്ടുന്നത്. സിനിമയിലെ പ്രമുഖര്‍ മാത്രമല്ല, രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ ഒരുപാട് പ്രമുഖര്‍ വിളിച്ച് അഭിനന്ദിച്ചു. പഴയ ഫുട്‌ബോള്‍ താരങ്ങളും കളിയെ സ്‌‌‌നേഹിക്കുന്നവരുമെല്ലാം വിളിക്കുമ്പോള്‍ സത്യന്‍ എന്ന കളിക്കാരന്‍ ഒരു വികാരമായി അവരില്‍ എത്രത്തോളം നിറഞ്ഞു നില്‍ക്കുന്നു എന്നറിയാന്‍ കഴിയുന്നു. സത്യന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബോഡി തിരിച്ചറിയാന്‍ പോയ മനുഷ്യന്‍ മുതല്‍ സത്യന്റെ കൂട്ടുകാരും ബന്ധുക്കളും എല്ലാം വല്ലാത്ത വികാരത്തോടെയാണ് സംസാരിച്ചത്. ഇത് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. സത്യന്‍ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ കളിക്കാരനേയും അതുപോലെയുള്ള നിരവധിപ്പേരേയും ഫുട്‌ബോളിനെ തന്നെയും ഒരിക്കല്‍ കൂടി നമുക്കിടയില്‍ സജീവമാക്കി നിര്‍ത്താന്‍ ക്യാപ്‌‌റ്റന്‍ കാരണമായി എന്നതില്‍ അഭിമാനിക്കുന്നു. പ്രതിഫലമില്ല നിര്‍മ്മാതാവിന് സിനിമയുടെ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്നതുവരെ പ്രതിഫലം വേണ്ട എന്നതായിരുന്നു എന്റെ വാക്ക്. അങ്ങനെ ഒരു പൈസ പോലും വാങ്ങാതെയാണ് ഷൂട്ടിങ് തുടങ്ങിയത്. നിര്‍മ്മാതാവ് എന്നിലേല്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും മങ്ങലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ചു എന്നാണ് വിശ്വാസം. 10 വര്‍ഷത്തോളം മാധ്യമ പ്രവര്‍ത്തകനായിരുന്നു. ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് വന്നത്. സംവിധായകന്‍ സിദ്ദിഖ് സാറിനൊപ്പം സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി വര്‍ക്ക് ചെയ്‌തു. അതിനുശേഷമാണ്  സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ശരിക്കും ഏറെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. ക്യാപ്‌‌‌‌റ്റന്‍ മാത്രമായിരുന്നു മനസില്‍. താമസം, ഭക്ഷണം ഒക്കേത്തിനും പൈസ ആവശ്യമായിരുന്നു. ആ തുക സ്വന്തമായി കണ്ടെത്തുകയും വേണം. എന്റെ വളരെയധികം സുഹൃത്തുക്കള്‍ താങ്ങായി നിന്നത് ആ സമയത്താണ്. പിന്നെ പണം കണ്ടെത്തിയത് ക്ലബ്ബുകളില്‍ നിന്നും ബാറുകളില്‍ നിന്നുമൊക്കെ ഇറങ്ങുന്നവരെ അവരുടെ വണ്ടിയില്‍ വീട്ടില്‍ കൊണ്ടുവന്നിട്ടാണ്. അഞ്ഞൂറു രൂപയാണ് മിനിമം വാങ്ങുന്നത്. ചിലര്‍ ആയിരവും രണ്ടായിരവുമൊക്കെ തരും. സുഹൃത്തുക്കളാണ് ഇവരുടെ വിവരങ്ങള്‍ വിളിച്ചുപറയുക. വഴിത്തിരിവ് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോള്‍ വി പി സത്യന്റെ ഭാര്യ അനിതയെ ഇന്റര്‍വ്യൂ ചെയ്‌തതാണ് ക്യാപ്റ്റന്‍ എന്ന സിനിമയിലേക്കുള്ള വഴിത്തിരിവ്. ഒരു വാര്‍ഷികപ്പതിപ്പില്‍ വന്ന ആ ലേഖനം വായിച്ച് പലരും അത് താല്‍പര്യമുണര്‍ത്തുന്ന ഒരു സ്‌റ്റോറിയാണ് എന്ന് പറഞ്ഞു. അങ്ങനെ അനിത ചേച്ചിയുടെ ആംഗിളില്‍ ഒരു പുസ്‌തകം തയ്യാറാക്കാനുള്ള പെര്‍മിഷന്‍ വാങ്ങി. പിന്നീടെപ്പോഴോ ചിന്ത സിനിമയിലേക്ക് വഴിമാറി. അന്ന് സിനിമ ചെയ്യുന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കിലും ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി. പലരെയും കാണിച്ചു. ഒരുപാട് തവണ തിരുത്തിയെഴുതി. സംവിധായകന്‍ സിദ്ദിഖിന്റെ രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്‌തിരുന്നു. അദ്ദേഹം തന്ന വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് സിനിമ സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. സത്യന്റെ ഭാര്യ, അമ്മ, സഹോദരങ്ങള്‍, അമ്മൂമ്മ.... അങ്ങനെ മൊത്തം കുടുംബത്തിന്റെ സപ്പോര്‍ട്ട് കൊണ്ടാണ് സിനിമ ഉണ്ടായത്. അഞ്ചുവര്‍ഷമെടുത്തു ക്യാപ്‌‌‌‌റ്റന്‍ പൂര്‍ണരൂപമാകാന്‍  ക്യാപ്‌‌റ്റന്‍ 90 മിനുട്ട് കളിക്കളത്തില്‍ നിറഞ്ഞാടുന്ന വി പി സത്യനെ അല്ലെങ്കില്‍ മറ്റേതെങ്കിലും കളിക്കാരേ മാത്രമേ നമുക്ക് പരിചയമുള്ളൂ. പക്ഷേ അതിനുമുമ്പും അതിന് ശേഷവും അവര്‍ക്ക് ജീവിതമുണ്ട്. സത്യന്റെ ജീവിതവും ജീവിതപരിസരവുമാണ് 'ക്യാപ്‌‌‌‌റ്റന്‍'. പക്ഷേ ഇതൊരു കളിസിനിമയല്ല, കളിക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ്. പത്തുവര്‍ഷത്തോളം ഇന്ത്യന്‍ ഫുട്‌‌‌ബോള്‍ ടീമിന്റെ ക്യാപ്‌‌‌‌‌‌‌റ്റന്‍, 88 രാജ്യാന്തര മത്സരങ്ങളിലെ ക്യാപ്‌‌‌റ്റന്‍, സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ക്യാപ്‌‌‌‌‌റ്റന്‍... ഇതൊക്കെയാണ് സത്യന്‍. സിനിമയ്‌‌‌ക്ക് ടൈറ്റിലിനായി മറ്റൊന്നും അന്വേഷിക്കേണ്ടി വന്നില്ല. ജയസൂര്യ കഥാപാത്രത്തിനുവേണ്ടി എന്തു റിസ്‌‌‌‌‌ക്കുമെടുക്കുന്നയാള്‍ എന്ന ചിന്തയാണ് ജയസൂര്യയിലേക്കെത്തിച്ചത്. സത്യനായി മാറാന്‍ ജയസൂര്യ ഒരുപാട് റിസേര്‍ച്ചുകള്‍ നടത്തി. സത്യന്റെ കുടുംബം, സുഹൃത്തുക്കള്‍, അദ്ദേഹം ജീവിച്ച മുറി, ജീവിച്ച സാഹചര്യം, അദ്ദേഹത്തിന്റെ വസ്‌‌‌‌‌ത്രങ്ങള്‍ എന്നിവയിലൂടെ ജയസൂര്യ യാത്ര ചെയ്‌തു. ഫുട്‌‌‌‌‌‌ബോള്‍ കളിക്കാരനാകുന്നതിനായി നാലുമാസം തേവര കോളേജില്‍ സത്യന്റെ പരിശീലകരില്‍ നിന്ന് അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചെടുത്തു. സത്യനാകാന്‍ ജയസൂര്യയുടെ മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തി. നാലുഘട്ടങ്ങളിലുള്ള സിനിമയില്‍ നാല് ഗെറ്റപ്പ്. ലിപിന്‍ മോഹനാണ് ചീഫ് മേക്കപ് മാന്‍. പിന്നെ ജയസൂര്യയുടെ പേഴ്‌‌‌‌സണല്‍ മേക്കപ് മാന്‍ കിരണും. അനു സിതാര സത്യന്റെ ഭാര്യ അനിതയായിട്ടടാണ് അനു സിതാര അഭിനയിച്ചത്. മലബാറുകാരിയായ എന്‍ജിനിയറിങ് കഴിഞ്ഞ നാട്ടിന്‍പുറത്തുകാരിയാണ് അനിത. അനു സിതാരയുടെ ഇന്നസെന്റായ മുഖവും സ്വാഭാവിക അഭിനയ രീതിയുമൊക്കെ അതിന് ചേരുമെന്നു തോന്നി. മൊത്തം കഥ കേട്ടുകഴിഞ്ഞപ്പോള്‍ അനിതയെ കാണാന്‍ അനു പോയി. അവര്‍ സാരിയുടുക്കുന്ന രീതികള്‍, പാറ്റേണുകള്‍, അവര്‍ക്കിടയിലെ സംസാരം, പരസ്‌പരമുള്ള വിളികള്‍... ഇതൊക്കെ ചോദിച്ചറിഞ്ഞു. സെറ്റില്‍ വച്ചുള്ള അനുവിന്റെ പെരുമാറ്റം പലയിടങ്ങളിലും തന്റെ ചെറുപ്പം ഓര്‍മ്മിപ്പിച്ചതായി അനിത ചേച്ചിയും പറഞ്ഞിട്ടുണ്ട്. സംഗീതം ക്യാപ്‌‌‌‌‌റ്റന്‍ ഒരു മ്യൂസിക്കല്‍ ട്രീറ്റ്‌മെന്റ് കൂടിയാണ്. കഥയിലെ വിവിധ കാലഘട്ടങ്ങള്‍ പറഞ്ഞുപോകാനുള്ള ഒരു സങ്കേതമായിരുന്നു അത്. റഫീഖ് അഹമ്മദും ബി കെ ഹരിനാരായണനും നിധീഷ് നടേരിയുമൊക്കെയാണ് പാട്ടുകളെഴുതിയത്. സംഗീതം ചെയ്‌തത് ഗോപീസുന്ദറും വിശ്വജിത്തും. പി ജയചന്ദ്രനും വാണി ജയറാമും ശ്രേയാ ഘോഷാലും പാടി. സ്വാതി ചക്രബര്‍ത്തിയുടെ കുറച്ച് ബംഗാളി വരികള്‍ ചേര്‍ത്ത ഒരുപാട്ടുമുണ്ട്. മൈതാനം നടന്‍ സിദ്ദിഖിന്റെ കഥാപാത്രമാണ് മൈതാനം. കളിക്കളങ്ങളില്‍ കളി കാണാന്‍ വേണ്ടി പോകുന്ന ഒരു മനുഷ്യന്‍. ഫുട്‌ബോള്‍ അഭിമാന പോരാട്ടമായി കണ്ടിരുന്ന ഒരു കളിപ്രേമി. ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണയാള്‍. മലബാറില്‍ ഇത്തരം കഥാപാത്രങ്ങളെ ഇന്നും കാണാം. പ്രത്യേകിച്ച് നാട്ടന്‍പുറങ്ങളില്‍. പഴയ കാലത്തെ ഫുട്‌ബോള്‍ ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍... എവിടെ കളി ഉണ്ടെങ്കിലും എന്തു ബുദ്ധിമുട്ടും സഹിച്ച് പോയി കാണുന്നവര്‍. അവര്‍ക്ക് ഭക്ഷണവും ശ്വാസവും ചിന്തയും  ജാതിയും മതവുമൊക്കെ ഫുട്‌‌‌‌‌ബോളാണ്. നടീനടന്മാര്‍ ഫുട്‌‌‌‌ബോള്‍ കളിക്കാരെ കണ്ടെത്തുന്നതിന് നല്‍കിയ കാസ്റ്റിങ് കോളിന് ഏഴായിരത്തോളം അപേക്ഷകളാണ് കിട്ടിയത്. അതില്‍ നിന്ന് നൂറോളം പേരെ തിരഞ്ഞെടുത്തു. അവരില്‍ നിന്ന് പണ്ട് ഗോവ, ബംഗാള്‍... തുടങ്ങിയ ടീമുകളില്‍ കളിച്ചവരുമായി രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി. 1992ലെ സന്തോഷ് ട്രോഫി മത്സരം സിനിമയ്‌‌‌‌ക്ക് വേണ്ടി റീക്രിയേറ്റ് ചെയ്‌തു. അന്നത്തെ കാലഘട്ടത്തിലെ മിക്കവാറും കളിക്കാരെല്ലാം സിനിമയിലെ കഥാപാത്രങ്ങളായിരുട്ടുണ്ട്. നിയമപ്രശ്‌‌‌‌നങ്ങളുള്ളതിനാല്‍ പലരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്രം. വെല്ലുവിളികള്‍ വളരെയധികം സമ്മര്‍ദ്ദത്തിലൂടെയാണ് സിനിമ പൂര്‍ത്തിയാക്കിയത്. സ്‌പോര്‍ട്‌‌‌‌‌സ് സിനിമയാണ് ക്യാപ്‌‌‌റ്റന്‍. പക്ഷേ കളിക്കാരന്റെ കൂടി സിനിമയാണിത്. കളിയെയും ഇമോഷനെയും ഒരുമിപ്പിക്കുക എന്നതാണ് വലിയ വെല്ലുവിളി. പഴയ കാലഘട്ടം പുന:ജീവിപ്പിക്കണം. അദ്ദേഹത്തോടൊപ്പം ജീവിച്ച എല്ലാവരും ഇപ്പോഴുമുണ്ട്. അവരുടെയൊക്കെ ജീവിതസാഹചര്യങ്ങള്‍ക്ക് കുഴപ്പം വരാത്ത രീതിയില്‍ സിനിമ കൊണ്ടെത്തിക്കുക എന്നത് വലിയ റിസ്‌‌‌‌ക്ക് തന്നെയാണ്. സത്യന്റെ മരണമെന്ന സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് പലര്‍ക്കും പലതരം അഭിപ്രായങ്ങള്‍ പറയാനുണ്ടായിരുന്നു. പക്ഷേ അന്വേഷണത്തില്‍ നിന്ന് ഞാനെത്തിയ പോയിന്റിലാണ് സിനിമ അവസാനിക്കുന്നത്. കലാമൂല്യവും കൊമേഴ്‌‌‌‌സ്യല്‍ ചേരുവകളുമടങ്ങിയ സ്‌പെഷ്യല്‍ ട്രീറ്റ്‌‌‌‌മെന്റാണ് സിനിമയ്‌‌ക്കുള്ളത്. പിന്നണിയില്‍ റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. കലാസംവിധാനം സിറിള്‍ കുരുവിള. എഡിറ്റര്‍ ബിജിത്ത് ബാല. സൗണ്ട് ഡിസൈനര്‍ എന്‍ ഹരികുമാര്‍. കോസ്റ്റിയൂം അരുണ്‍ മനോഹര്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്‌തത് നൗഷാദ് ഷെരീഫ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജാണ് നിര്‍മ്മാണം. സഹോദരന്‍ ലിബിസണ്‍ ഗോപി ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ്. എല്ലാറ്റിനുമുപരി തുടക്കം മുതലുണ്ടായ സുഹൃത്തുക്കളുടെ കൂട്ടായ്‌മയാണ് സിനിമയെ ഇത്രയധികം വിജയമാക്കിയത്. പുതിയ സിനിമ ഇപ്പോള്‍ ചിന്ത മുഴുവന്‍ ക്യാപ്റ്റനെ കുറിച്ചു മാത്രമാണ്. അതിനിടയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ പുതിയ സിനിമ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബം വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ ഗോപി, അമ്മ ലതിക. ഭാര്യ സബീന. മകന്‍ അലന്‍.   Read on deshabhimani.com

Related News