മനുഷ്യാവകാശത്തിനായി ആൻ ഹാത് വെ  മനുഷ്യാവകാശത്തിനായി പോരാടുന്നവർക്ക‌് അമേരിക്കയിൽ നൽകിവരുന്ന ഏറ്റവും വിഖ്യാത പുരാസ്കാരം മുപ്പത്തഞ്ചുകാരിയായ ഹോളിവുഡ് അഭിനേത്രി  ആൻ ഹാത് വെയ്ക്ക് സമ്മാനിക്കും. പാർശ്വവൽക്കരിക്കപ്പെടുന്ന എൽജിബിടിക്യു സമൂഹത്തിനുവേണ്ടി അവർ നടത്തുന്ന സ്ഥിരോത്സാഹത്തോടെയുള്ള പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഹ്യൂമൻ റൈറ്റ്സ് ക്യാമ്പയിൻ എന്ന സംഘടന 22‐ാമത് ദേശീയതുല്യതാ പുരസ്കാരം അവർക്ക് സമ്മാനിക്കുന്നത്. ഹോളിവുഡ് അഭിനേത്രി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന സ്വീകാര്യത ഉപയോഗപ്പെടുത്തി ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി അവർ നടത്തിയ പ്രചാരണപ്രവത്തനങ്ങളെയും സന്നദ്ധപ്രവർത്തനങ്ങളെയും ആദരിക്കാനാണ് പുരസ്കാരം 2015ൽ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റിയ നടിയായ ആൻ ഹാത് വെ ഓസ്കർ, ഗോൾഡൻഗ്ലോബ്, ബിഎഫ്എ, എമ്മി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ദ പ്രിൻസസ് ഡയറീസി  (2001)ലൂടെ ശ്രദ്ധിക്കപ്പെട്ട ആൻ ഹാത് വെയുടെ ബ്രോക്ബാക് മൗണ്ടൻ, ദ ഡെവിൾ വിയേഴ്സ് പർ, റേച്ചൽ ഗെറ്റിങ് മാരീഡ് തുടങ്ങിയവ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ലെ മിസറബിൾ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്കർ നേടി. ആശുപത്രിവാസികളായ കുട്ടികൾക്കുവേണ്ടി നാടകം അവതരിപ്പിക്കുന്ന ലോലിപോപ്പ് എന്ന നാടകപ്രസ്ഥാനത്തിലെ സജീവപ്രവർത്തകയാണ്. സ്വവർഗാനുരാഗികളുടെ വിവാഹത്തെ പിന്തുണയ്ക്കുന്ന സംഘടനയ്ക്കുവേണ്ടി ആൻ ഹാത് വെ സ്വന്തം വിവാഹചിത്രങ്ങൾ ലേലംചെയ്തത് ആഗോളശ്രദ്ധനേടിയിരുന്നു. 2016ൽ ആൻ ഹാത‌് വെയെ യുഎൻ വനിതകൾക്കുവേണ്ടിയുള്ള ഗുഡ്വിൽ അംബാസഡറായി പ്രഖ്യാപിച്ചു. സ്വവർഗാനുരാഗികൾക്ക് വിവേചനം ഏർപ്പെടുത്തി ജോർജിയ സംസ്ഥാനം പാസാക്കിയ നിയമത്തിനെതിരായ പോരാട്ടത്തിൽ ആൻ ഹാത് വെയുടെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു. എൽജിബിടിക്യു പ്രക്ഷോഭവേദിയിൽ എത്തി ഒരിക്കൽ ആൻ ഹാത് വെ പറഞ്ഞു. "ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ നിങ്ങളായിത്തന്നെ ഞാൻ അംഗീകരിക്കുന്നു, നിങ്ങളെ സങ്കടപ്പെടുത്താൻ വരുന്നവർക്ക് ദുഃഖം സമ്മാനിക്കാൻവേണ്ടിയാകും ഇനിയെന്റെ പ്രവർത്തനം''. ഹോളിവുഡിലെ സ്ത്രീവിരുദ്ധതയ്ക്കും ലൈംഗികചൂഷണത്തിനും എതിരെ ആൻ ഹാത‌് വെ അടക്കം ഹോളിവുഡിലെ മുന്നൂറോളം സ്ത്രീത്തൊഴിലാളികൾ പരസ്യമായി രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ വെള്ളക്കാരുടെ താൻപോരിമയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും അവർ രംഗത്തുവന്നിട്ടുണ്ട്.  വാഷിങ്ടണ്ണിലെ കൺവൻഷൻ സെന്ററിൽ ഈ മാസം 15ന് നടക്കുന്ന വിരുന്നിൽ ആൻ ഹാത് വെയ്ക്ക് പുരസ്കാരം സമ്മാനിക്കും. Read on deshabhimani.com

Related News