ദുല്‍ഖറല്ല, പകരം ടൊവിനോ; സലീം അഹമ്മദ് ചിത്രം 'ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്കൊച്ചി > 'പത്തേമാരി'ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം 'ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു'വില്‍ ടൊവിനോ തോമസ് നായകനായെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നായകന്‍  പുറം തിരിഞ്ഞ് നില്‍ക്കുന്ന തരത്തിലുള്ള ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച 'പത്തേമാരി'ക്ക് ശേഷമായിരുന്നു 'ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു' എന്ന തന്റെ പുതിയ ചിത്രം സലിം അഹമ്മദ് പ്രഖ്യാപിച്ചത്. ദുല്‍ഖറായിരിക്കും ചിത്രത്തിലെ നായകന്‍ എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ തിരക്കുകാരണം ദുല്‍ഖര്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറുകയും പകരം ടൊവിനോ എത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്‌ക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. സലിം അഹമ്മദ് ചിത്രങ്ങളിലെ സാന്നിധ്യങ്ങളായ മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി എന്നിവര്‍ ഈ ചിത്രത്തിലും യഥാക്രമം ഛായാഗ്രഹണം, ശബ്ദലേഖനം എന്നിവ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ബിജിബാലാണ്. നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ക്കൊപ്പം ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലും ഇടംനേടിയ 'ആദാമിന്റെ മകന്‍ അബു'വായിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം.ശേഷം മമ്മൂട്ടി നായകനായ 'കുഞ്ഞനന്തന്റെ കട','പത്തേമാരി' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.   Read on deshabhimani.com

Related News