ഡയലോഗ‌് പഠിക്കാൻ ഇപ്പോഴും കഷ്ടപ്പാട‌്: ആമിർബോളിവുഡിൽ സജീവമായ സിനിമാ ജീവിതം 30 വർഷം പിന്നിട്ടെങ്കിലും, ഡയലോഗുകൾ കാണാതെ പഠിക്കാൻ ഇപ്പോഴും കഷ്ടപ്പാടുതന്നെയെന്ന‌് ആമിർഖാൻ. താരത്തിളക്കത്തിന‌് 30 വയസ്സ‌് പ്രമാണിച്ച‌് എൻഡിടിവിക്ക‌് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആമിർ. തിരശ്ശീലയിൽ വലിയ പരിചയമുണ്ടെങ്കിലും സംഭാഷണങ്ങൾ ഒഴുക്കോടെ പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും കൈവന്നിട്ടില്ല. ചിത്രീകരണത്തിന‌ുമുമ്പ‌് മാസങ്ങൾനീണ്ട പരിശീലനം ഇപ്പോഴും ആവശ്യമുണ്ട‌്. സഞ‌്ജയ‌് ദത്തൊക്കെ പത്തുമിനിറ്റിനുള്ളിൽ മുഴുപേജ‌് ഡയലോഗൊക്കെ കാണാതെ പറയും. അങ്ങനെയൊക്കെ ചെയ്യാൻ ഇപ്പോഴും എനിക്ക‌് പറ്റുന്നില്ല‐1998ൽ ജൂഹി ചൗളയുടെ നായകനായി ‘ഖയാമത‌് സേ ഖയമാത‌് തകി’ൽ ജൈത്രയാത്ര തുടങ്ങിയ ആമിർ മനസ്സു തുറന്നു. മാസം ആയിരം രൂപയാണ‌് ഖയാമത‌് സേ ഖയമാത‌് തകിൽ എനിക്ക‌് പ്രതിഫലം ലഭിച്ചത‌്. ഒന്നരവർഷം നീണ്ടു ചിത്രീകരണം. സിനിമ വമ്പൻ ഹിറ്റായപ്പോൾ ആൾക്കാർ എനിക്ക‌് ചുറ്റും കൂട്ടംകൂടാൻ തുടങ്ങി. സ്വന്തമായി വണ്ടിയില്ലാത്തതിനാൽ നടന്നും ഓട്ടോയിലും മറ്റുമാണ‌് എന്റെ സഞ്ചാരം. സിനിമ വന്നപ്പോൾ സത്യം പറഞ്ഞാൽ എന്റെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടമായി‐ ആമിർ അനുസ‌്മരിച്ചു. അഭിനേതാവ‌്, സംവിധായകൻ, എഴുത്തുകാരൻ, പിന്നണി ഗായകൻ, ടിവി ചാനൽ അവതാരകൻ തുടങ്ങി ആമിർഖാന്റെ റോൾ മറ്റു ഖാൻമാരിൽനിന്ന‌് എക്കാലവും വേറിട്ടതാണ‌്. ബാലതാരമായും ചെറിയ റോളുകളിലൂടെയും 1973 മുതൽ ആമിർഖാൻ വെള്ളിത്തിരയിലുണ്ട‌്. ദിൽ, ദിൽ ഹേ കി മാന്ത നഹി, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഇഷ‌്ക‌്, സർഫറോഷ‌്, ലഗാൻ, മംഗൾ പാണ്ഡെ, താരേ സമീൻ പർ, 3 ഇഡിയറ്റ‌്സ‌്, പീപ‌്ലി ലൈവ‌്, പികെ, ഡങ്കൽ... ബോളിവുഡിൽ തരംഗമായ ആമിർ ചിത്രങ്ങൾ പിന്നെയും നീളുന്നു. സത്യമേവ ജയതേ, സിഐഡി എന്നീ ടെലിവിഷൻ പരിപാടിയിലും അവതാരകനായി. സംവിധായികയും നിർമാതാവുമായ കിരൺ റാവുവാണ‌് ഭാര്യ.   Read on deshabhimani.com

Related News