സ്ത്രീപഠനങ്ങളിലെ ജാഗ്രതയും സൂക്ഷ്മതയുംനമ്മുടെ സംസ്കാരപഠനങ്ങളില്‍ അധികമൊന്നും ഗൌരവപൂര്‍വം ചര്‍ച്ചചെയ്യപ്പെടാത്ത സമസ്യയാണ് സ്ത്രീപുരുഷ വിവേചനം. രാഷ്ട്രീയകൃത്യതയോടെ ഈ വിഷയത്തെ സമീപിക്കുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ ഏറെയൊന്നുമില്ല. സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളും ലൈംഗികന്യൂനപക്ഷങ്ങളുമെല്ലാം പ്രാന്തസ്ഥിതരായി തുടരുന്നതും അതിനാധാരമായ മുന്‍വിധികള്‍ കൂടുതല്‍ തീവ്രമാകുന്നതും ഒരു സമത്വാധിഷ്ഠിതവികസിത സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് വിഘാതമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യം. എന്നാല്‍, പുരോഗമനേച്ഛുക്കള്‍പോലും അറിഞ്ഞോ അറിയാതെയോ ഇത്തരം പാര്‍ശ്വവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുന്നു. സമൂഹമനസ്സില്‍ രൂഢമൂലമായ മുന്‍വിധികളെ തിരിച്ചറിയണമെങ്കില്‍ അസാധാരണമായ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്. ജീവിതത്തിന്റെ ഓരോ അടരിലും ഓരോ മൊഴിയിലും ആ സൂക്ഷ്മത പാലിക്കേണ്ടതുമുണ്ട്. അതിനെക്കുറിച്ചാണ് എഴുത്തുകാരനും വിമര്‍ശകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. എസ് രാജശേഖരന്‍ 'സ്ത്രീവാദം ഉടലും പരിസരങ്ങളും' എന്ന പുസ്തകത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത്. ചരിത്രപരമായി നോക്കുമ്പോള്‍ പുരുഷന്‍ തന്റെ സുഖഭോഗവസ്തുവായിമാത്രമല്ല അവന്റെ അധികാരപ്രയോഗത്തിന്റെ ഒരു സുപ്രധാന ഇടംകൂടിയായാണ് സ്ത്രീയെ കാണുന്നത്. ഈ അവസ്ഥയെ മറികടക്കേണ്ടതിന് കണിശമായ രാഷ്ട്രീയ ഇടപെടലുകളും സൂക്ഷ്മവും നിതാന്തവുമായ ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ടെന്ന് ഈ പുസ്തകം വായനക്കാരോട് പറയുന്നു. നമ്മുടെ സാമൂഹിക വിമര്‍ശനപാഠങ്ങളില്‍ ഈ പുസ്തകം അതുകൊണ്ട് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും കലാരൂപങ്ങളിലും നിത്യജീവിതത്തിലെ വ്യവഹാരഭാഷയില്‍പ്പോലും മലയാളി പുലര്‍ത്തുന്ന വിവേചനങ്ങളെ സൂക്ഷ്മമായാണ് ഈ പുസ്തകം അപഗ്രഥിക്കുന്നത്. സ്ത്രീസ്വത്വം, വിവാഹം, മിശ്രവിവാഹവും മതനിരപേക്ഷവിവാഹവും, കുടുംബ ബന്ധങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സ്ത്രീപക്ഷ കവിതകള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള വിചാര മണ്ഡലങ്ങളെ ഈ പുസ്തകം സമീപിക്കുന്നു. ഫെമിനിസത്തിന്റെ യാന്ത്രികയുക്തികളെ പ്രശ്നവല്‍ക്കരിക്കുന്ന ഗ്രന്ഥകര്‍ത്താവ് വിവേചനത്തിനെതിരെയുള്ള പോരാട്ടത്തെ ഈ യാന്ത്രികയുക്തികള്‍ പിന്നോട്ടുകൊണ്ടുപോകുന്നുവെന്നും സമര്‍ഥിക്കുന്നു. സ്ത്രീക്ക് കര്‍തൃത്വമല്ല, ദൃശ്യതയെന്ന കര്‍മത്വംമാത്രമാണ് ഉചിതമെന്ന ബോധം അവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധികളായി ഉടയാടകള്‍, ആഭരണങ്ങള്‍, തൊടുകുറി, കണ്ണെഴുത്ത്, കെട്ടുതാലി, സീമന്തക്കുറി എന്നിവയെ സമൂഹം രൂപപ്പെടുത്തിയെടുത്തതിന്റെ ചരിത്രപശ്ചാത്തലവും പുസ്തകത്തില്‍ വിശദമാക്കുന്നു. 'വര്‍ഗവിഭജനത്തിന്റെ സൂക്ഷ്മമായ സത്ത അടിമഉടമ എന്ന സ്വഭാവത്തിലാണ് എവിടെയും പ്രവര്‍ത്തിക്കുക. ഇത് എന്നും എവിടെയും നിലനിന്നതായും കാണാം. പുരാതന മിത്തുകളില്‍നിന്ന് മതത്തിലേക്കും ധര്‍മശാസ്ത്രത്തിലേക്കും പിന്നീട് ശാസ്ത്രമേഖലകളിലേക്കുമുള്ള സമൂഹപ്രയാണത്തില്‍ സ്ത്രീയെ പുറന്തള്ളാനും അവള്‍ക്ക് നീതി നിഷേധിക്കാനുമുള്ള പ്രവണത വളര്‍ന്നുവരുന്നതായി കാണാം. ഒരു വിധത്തില്‍ പറഞ്ഞാല്‍ പുരുഷാധീശത്വത്തിന്റെയും അതിനെതിരായ സ്ത്രീസഹനത്തിന്റെയും പ്രതിരോധത്തിന്റെയും കലാപത്തിന്റെ ചരിത്രമാണ് ഇന്നുവരെയുള്ള സമൂഹത്തിന്റേത്' എന്ന് 'സ്ത്രീവാദത്തിന്റെ മുഖാന്തരങ്ങള്‍' എന്ന അധ്യായത്തില്‍ പറയുന്നു. സ്ത്രീപുരുഷ വിവേചനങ്ങളെക്കുറിച്ചുള്ള ഭാവിയിലെ അന്വേഷണങ്ങള്‍ക്ക് ആശയവ്യക്തതയും രാഷ്ട്രീയമായ കൃത്യതയും നല്‍കാന്‍ ഈ ചെറുഗ്രന്ഥത്തിന് സാധിച്ചേക്കും. nssajith@gmail.com   Read on deshabhimani.com

Related News