അനുഭവങ്ങളുടെ കാറ്റ് കൂടുകൂട്ടിയ ഇലകള്‍ജീവിതഗന്ധിയും മനുഷ്യസ‌്‌പർശിയുമായ വരികളിലൂടെ ഓർമകളുടെയും അനുഭവങ്ങളുടെയും കൊടുങ്കാറ്റാണ് ‘മൗനത്തിന്റെ ഇലകളിൽ' ചേക്കേറിയിട്ടുള്ളത‌്. നിശ്ശബ്ദനായ കാഴ‌്‌ചക്കാരന്റെ നടുക്കുന്ന പ്രതിഷേധശബ്ദം. ചിരപരിചിതമായ ജീവിത പരിസരങ്ങളിൽനിന്ന് സൂക്ഷ്മവും സവിശേഷവുമായ നിരീക്ഷണം. മനുഷ്യന്റെയും പ്രകൃതിയുടെയും ആഴങ്ങളിലേക്ക് തിരിയുന്ന ഭാവനയുടെയും യാഥാർഥ്യങ്ങളുടെയും  പച്ചിലച്ചാറ്. വിഭിന്നങ്ങളായ മനുഷ്യജീവിത വ്യാപാരങ്ങളെയും വ്യത്യസ‌്ത കാഴ‌്ചപ്പാടുകളെയും അഭിസംബോധന ചെയ്യുന്നു ഈ കവിതകൾ. ചെറിയ വരികളിൽ ആശയത്തിന്റെയും ചിന്തയുടെയും വലിയൊരു ലോകം. വാക്കുകളുടെ വനസ്ഥലിയിൽ ഒളിപ്പിച്ചുവച്ച രാഷ്ട്രീയവും പ്രണയവും. ചരിത്രവും വർത്തമാനവും പരുവപ്പെടുത്തുന്ന പൊതുവീക്ഷണങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് വിസ‌്‌ഫോടനം  നടത്തുന്ന കാവ്യതന്ത്രം. പുതിയ വികസനകാഴ്ചപ്പാടുകളോട് പൂർണമായും പുറംനിറഞ്ഞു നിൽക്കാതെ, ഗൃഹാതുരതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ് അശ്റഫ് കല്ലോട്. പാപങ്ങളും വൈരങ്ങളും തിരിച്ചറിയാത്ത ആൾക്കൂട്ടങ്ങൾക്ക‌് ഇടയിലൂടെയാണ് ആ യാത്ര. സൂക്ഷ്മതയിൽ ഒളിഞ്ഞിരിക്കുന്ന സുവ്യക്തമായ കാഴ്ചയാകുകയാണ് കവിതകൾ. കരുതിവയ‌്ക്കുന്ന പ്രതികാരമാണ് ‘വെയിലിനോട‌്’ എന്ന കവിത. ‘ഈ പെയ്തുതീർന്ന പെരുമഴകളെയൊക്കെയും ഒറ്റച്ചിരിയിൽ പുച്ഛിച്ചുതള്ളുന്ന വേനലേ നിനക്കുഞാൻ കരുതിവെച്ചിട്ടുണ്ട്.' എന്നതിലൂടെ സഹനപർ‌വം  താണ്ടുന്ന ഒരാളെ മുന്നോട്ടു നയിക്കുന്നത് പ്രതികാരമാണെന്ന് പറഞ്ഞുവയ‌്ക്കുന്നു. അത് ഇന്നതിനോടെന്നില്ല. ചിലപ്പോൾ തന്നോട് തന്നെയാകാം. അല്ലെങ്കിൽ ഈ കാലത്തോട് തന്നെയുമാകാം. മനുഷ്യൻ ചെന്നുപെടുന്ന സങ്കീർണതകളും സംഘർഷങ്ങളുമാണ് ‘ശത്രു'വിൽ. നമ്മുടെ ശത്രു നമുക്കുള്ളിൽ തന്നെയാണെന്ന് കാണിച്ചുതരുകയാണ്. പുറത്തെല്ലാം തെരഞ്ഞുമടുത്തതിനുശേഷം തന്റെ ഉള്ളിൽതന്നെ ശത്രുവിനെ കണ്ടെത്തുകയാണ്. ആവിഷ‌്‌കാര സ്വാതന്ത്ര്യം ഹനിക്കുന്ന വർത്തമാനകാല ഫാസിസ്റ്റ് ഭീകരതയാണ് ‘നേര്' എന്ന കവിതയിൽ. നേരെഴുതിയാൽ നോവിക്കപ്പെടുന്ന കാലത്ത് നേരല്ലാതെ മറ്റെന്താണ് എഴുതേണ്ടത് എന്ന ആശങ്ക. വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ ഭരണവർഗം ചെലുത്തുന്ന ഭീകരമായ ഇടപെടലുകൾ ഓർമപ്പെടുത്തുകയാണ് ഇവിടെ.  സമകാലീന ലോകത്ത് മൂർത്തരൂപംപൂണ്ട വർഗീയാശയങ്ങളുടെ വിനാശങ്ങളിലേക്കാണ്  ‘ഈവിധം' കൂട്ടിക്കൊണ്ടുപോകുന്നത്. ഈവിധമിങ്ങനെ മനുഷ്യരെവധിച്ചാൽ മതങ്ങളെങ്ങനെ വധിക്കപ്പെടാതിരിക്കുമെന്ന്,  വർഗീയത കുത്തിവച്ച് മനുഷ്യരെ തമ്മിൽ തല്ലിച്ച് കലാപങ്ങളുണ്ടാക്കുന്ന ചില മതമേധികാരികളോട് ചോദിക്കുന്നു.  എനിക്കും നിനക്കും ഇടയിൽ എഴുതാനാകാത്ത വാക്കുകളെ പ്രണയം എന്നു വിളിക്കാം. അനശ്വര പ്രണയത്തിന്റെയും നശ്വരപ്രണയത്തിന്റെയും വളവുതിരിവുകൾ അനാവരണംചെയ്യുന്ന ഒന്നിലധികം കവിതകളും ഈ സമാഹാരത്തിലുണ്ട്. ചുറ്റുമതിലുകൾക്ക‌് അകത്ത് സ്വയം തളയ‌്ക്കപ്പെടുന്ന  പുതിയകാല മനുഷ്യരാണ് കള്ളനിലുള്ളത്. ബോൺസായ്, ആകാശം, ഫോക്കസ്, ലാമിനേഷൻ തുടങ്ങിയ 29 കുറുങ്കവിത (ഹൈക്കു)കളിലും  ഉയരുന്നത് അടിച്ചമർത്തപ്പെട്ടവന്റെ നിലവിളിയാണ്; മോചനത്തിന്റെ മുദ്രാവാക്യങ്ങളാണ്. പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും വിധേമാകുന്ന മലയാള കവിതയിൽ സാന്നിധ്യംകൊണ്ട് അടയാളപ്പെടുത്തുകയാണ് അശ്റഫ് കല്ലോടിന്റെ കവിതകൾ. Read on deshabhimani.com

Related News