മലയാള മനസ്സ്സംസ്കാരം എന്നത് ഒരു സമൂഹത്തിന്റെ സമഗ്രതയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ മാത്യു ആര്‍നോള്‍ഡ് സംസ്കാരത്തെ പ്രത്യേകമായ ബൗദ്ധിക ഉദ്യമങ്ങളായി വിശദീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് നരവംശശാസ്ജ്ഞ്രനായ എഡ്വാര്‍ഡ് ബി ടെയ്ലര്‍, സാമൂഹ്യാംഗമെന്ന നിലയില്‍ മനുഷ്യന്‍ ആര്‍ജിക്കുന്ന അറിവും വിശ്വാസങ്ങളും കലയും മൂല്യങ്ങളും നിയമവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ മൊത്ത (complex whole) മാണ് സംസ്കാരമെന്ന നിര്‍വചനം മുന്നോട്ടുവച്ചു. 1871ല്‍ എഴുതിയ പ്രിമിറ്റീവ് കള്‍ച്ചറില്‍ സംസ്കാരത്തെ ഇങ്ങനെ നിര്‍വചിക്കുകവഴി തന്റെ സമകാലീനായ ആര്‍നോള്‍ഡിന്റെ വീക്ഷണപരിമിതികളെ മറികടക്കുക മാത്രമല്ല, നരവംശശാസ്ത്രമെന്ന ശാഖയ്ക്ക് ദിശാബോധം നല്‍കുകകൂടിയായിരുന്നു ടെയ്ലര്‍.നോവലിസ്റ്റെന്ന നിലയില്‍ നമുക്ക് പ്രിയങ്കരനായ കെ പി രാമനുണ്ണിയുടെ "മനസ്സ് മലയാളം' എന്ന സാമൂഹിക വിശകലനങ്ങളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ സംസ്കാരം എന്നാലെന്ത് എന്ന ചോദ്യം മനസ്സിലുയരുകയും സ്വാഭാവികമായും നാം മറുപടിക്കായി ടെയ്ലറില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അപരിഷ്കൃതത്തില്‍നിന്ന് ആധുനികതയിലേക്ക് മനുഷ്യനെ കൈപിടിച്ച് നടത്തിയത് ഭാഷയാണ്. ഓരോ സമൂഹവും അറിവിന്റെയും കലയുടെയുമൊക്കെ ശിലകള്‍ അടുക്കിയടുക്കി സംസ്കാരം കെട്ടിയുയര്‍ത്തിയപ്പോള്‍ അവയെ പരസ്പരം ചേര്‍ത്തുവച്ച കുമ്മായക്കൂട്ടാണ് മാതൃഭാഷ. പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ഭാവിയെക്കുറിച്ച് ഗൗരവതരമായ ഉല്‍ക്കണ്ഠകള്‍ പങ്കുവയ്ക്കുന്നതാണ് രാമനുണ്ണിയുടെ പുസ്തകം. നാലായി ഇതള്‍ വിരിഞ്ഞിരിക്കുന്ന മനസ്സ് മലയാളത്തിന്റെ രണ്ടാംഭാഗമായ മലയാളത്തിലാണ് മാതൃഭാഷ, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ചര്‍ച്ച നടക്കുന്നത്.മലയാളത്തെക്കുറിച്ച് പറയുമ്പോഴൊക്കെ രാമനുണ്ണി വൈകാരികനാകുന്നുണ്ട്. പക്ഷേ, അപ്പോഴും വസ്തുതകളുടെ പിന്‍ബലം അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കുണ്ട്. പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയും സിബിഎസ്ഇ/ഐസിഎസ്ഇ വിദ്യാലയങ്ങളുടെ പെരുക്കവും മലയാളഭാഷയുടെ പിന്നോട്ടടിക്ക് കാരണമാണ്. മലയാളത്തെ മറക്കുമ്പോള്‍ നാം സാംസ്കാരികമായി മരിക്കുന്നു എന്ന കടുത്ത പ്രയോഗംതന്നെ രാമനുണ്ണി നടത്തുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെഡിസിന്‍, എന്‍ജിനിയറിങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസമടക്കം മാതൃഭാഷയില്‍ സാധ്യമാക്കുന്ന അവസ്ഥ സംജാതമാക്കുകയും കോടതികളടക്കം സകല ഔദ്യോഗിക വ്യവഹാരങ്ങള്‍ക്കും മലയാളം നിര്‍ബന്ധിതമാക്കുകയും വേണമെന്ന നിര്‍ദേശം ഏറെക്കാലമായി തുടരുന്ന ഒരു സംവാദത്തിന് തുടര്‍ച്ചനല്‍കുന്നുണ്ട്. ജീവിക്കുന്ന ലോകത്തുനിന്ന് സ്വയം അന്യവല്‍ക്കരിക്കപ്പെടുകയും സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന സാങ്കല്‍പ്പികലോകത്ത് സജീവമാകുകയുംചെയ്യുന്ന കപടസമൂഹമായി മലയാളി പരിവര്‍ത്തനംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് കാരണം ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് "വേണം മസ്തിഷ്ക-ഹൃദയ സമന്വിതമായ പാഠ്യപദ്ധതി' എന്ന ലേഖനത്തില്‍ രാമനുണ്ണി വ്യക്തമാക്കുന്നു.മൂല്യവിദ്യാഭ്യാസം, സൗന്ദര്യാത്മകവിദ്യാഭ്യാസം, ജീവലോക പ്രധാനമായ വിദ്യാഭ്യാസം, ജീവിതവൈദഗ്ധ്യ പരിശീലനം, അധികാരവിമുക്ത ശാസ്ത്രപഠനം തുടങ്ങിയവയിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിനുമാത്രമേ ആസന്ന ദുരന്തത്തില്‍നിന്ന് കേരളസമൂഹത്തെ രക്ഷിക്കാനാകൂ. വിദ്യാഭ്യാസകാലത്ത് ചിത്തരോഗ ചികിത്സകന്റെ സഹായം തേടേണ്ടിവന്ന രാമനുണ്ണി ആധുനിക മനോരോഗ ചികിത്സയുടെ രീതികള്‍ അവതരിപ്പിച്ചുകൊണ്ടാണ് പുസ്തകമാരംഭിക്കുന്നത്. ആദ്യ ഖണ്ഡമായ "മനസ്സി'ല്‍ 50 പേജിലധികം നീളുന്ന ഒരൊറ്റ ലേഖനം- ഭ്രാന്തിന്റെ നാനാര്‍ഥങ്ങള്‍. രണ്ടാംഭാഗത്തില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ സംബന്ധിയായ മൂന്ന് ലേഖനങ്ങള്‍. മൂന്നാംഭാഗം ഓര്‍മയാണ്. വ്യക്തിപരമായ ഓര്‍മകളാണെങ്കിലും അതിലെല്ലാം സാമൂഹ്യവിമര്‍ശത്തിനുതന്നെ മുന്‍തൂക്കം. എം ടി വാസുദേവന്‍നായരെക്കുറിച്ചുള്ള ഒരു കുറിപ്പുമാത്രമാണ് ഇതിന് അപവാദം.പലവക വിഷയങ്ങള്‍ ചേര്‍ത്തുവച്ച നാലാംഭാഗമായ ദര്‍ശനത്തിലുമുണ്ട് മറ്റൊരു എംടി ലേഖനം. വ്യക്തിപരമായ ഓര്‍മക്കുറിപ്പിലടക്കം അന്തര്‍ധാരയായി രാഷ്ട്രീയമുണ്ട്. പ്രത്യേക പൊലീസ് നിയമത്തിനും പൊലീസ് അതിക്രമത്തിനുമെതിരെ ഒരു ദശാബ്ദത്തിലേറെയായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെക്കുറിച്ച് എഴുതുമ്പോഴൊക്കെ അത് കുറെക്കൂടി തെളിച്ചത്തോടെ നമുക്ക് കാണാം. ""ഈ ഭൂമിയില്‍ ചൂഷണവും മര്‍ദനവുമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടണമെങ്കില്‍, പ്രകൃതിയും മനുഷ്യനും വിനാശകരമായ ദുരന്തത്തില്‍ വീഴാതിരിക്കണമെങ്കില്‍, പരസ്പരമുള്ള ചോരകുടി നിര്‍ത്തി സഹജീവിസ്നേഹം സാധ്യമാകണമെങ്കില്‍, മുതലാളിത്തത്തിന്റെ അന്ത്യം കാണാനുള്ള ഇടതുപക്ഷ പ്രവര്‍ത്തനം അനിവാര്യമാകുന്നു'' (ഇടതുപക്ഷത്തിന്റെ പ്രസക്തി) എന്ന് തുറന്നെഴുതുകയും ചെയ്യുന്നുണ്ട്. സംസ്കാരത്തിന്റെ ബഹുതലങ്ങളെ സ്പര്‍ശിച്ചും ചിലപ്പോള്‍ അവയുടെ ആഴങ്ങളിലേക്കിറങ്ങിയും യാത്രചെയ്യാനും നമ്മുടെ തിരിച്ചറിവുകളെ വസ്തുതകള്‍കൊണ്ട് ശക്തിപ്പെടുത്താനും മനസ്സ് മലയാളം തീര്‍ച്ചയായും ഉപകരിക്കും. Read on deshabhimani.com

Related News