സൗന്ദര്യാനുഭവങ്ങളുടെ ചരിത്രബന്ധങ്ങള്‍അമൂര്‍ത്തവും അകക്കാമ്പില്ലാത്തതുമായ സങ്കല്‍പ്പമാണ് കേരളീയത. വാസ്തുവിദ്യയില്‍ നാലുകെട്ടും പൂമുഖവും, ഉടുത്തൊരുങ്ങലില്‍ സെറ്റുസാരി, സംഗീതത്തില്‍ സോപാനസംഗീതം, അവതരണകലയില്‍ കഥകളി, നൃത്തത്തില്‍ തിരുവാതിരയും മോഹിനിയാട്ടവും എന്നിങ്ങനെ ചില വാര്‍പ്പുമാതൃകകളില്‍ കേരളീയതയെ ചുരുക്കിയെടുത്ത് അതിനുള്ളില്‍ വിശാലമായ അര്‍ഥത്തില്‍ പ്രാദേശികമായ സാംസ്കാരിക പ്രതിനിധാനങ്ങളെയെല്ലാം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥ സംജാതമാക്കിയിരിക്കുന്നു. കേരളീയതയുടെ എല്ലാ പ്രതീകങ്ങള്‍ക്കും മതാത്മകമായ ആവരണം നല്‍കപ്പെട്ടിരിക്കുന്നു.ഈ കെണിയില്‍നിന്ന് കൈരളിയുടെ സാംസ്കാരികാവിഷ്കാരങ്ങളെ മോചിപ്പിക്കേണ്ടുന്ന ചരിത്രഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. ജനത എന്നത് സാംസ്കാരികമായി ഏകരൂപമല്ലെന്നും ആന്തരികവും ബാഹ്യവുമായ ബഹുത്വത്തിന്റെ ആഘോഷമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടുമാത്രമേ തുടര്‍ച്ചയായി നടക്കേണ്ട ഈ തച്ചുടയ്ക്കല്‍ പുനര്‍നിര്‍മാണ പ്രക്രിയക്ക് നാന്ദികുറിക്കാനാകൂ. ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാംസ്കാരിക വിമര്‍ശനത്തില്‍ ശ്രദ്ധേയനായിത്തീര്‍ന്ന സുനില്‍ പി ഇളയിടത്തിന്റെ "അനുഭൂതികളുടെ ചരിത്രജീവിത'മെന്ന പുസ്തകം പ്രസക്തമാകുന്നത് ഇവിടെയാണ്.കലാസൃഷ്ടികളുടെ രചനയും ആസ്വാദനവും അതിഭൗതികമായ അനുഭവങ്ങളാണെന്ന ചിന്ത ഇപ്പോഴാരും മുന്നോട്ടുവയ്ക്കുന്നില്ല. ഏതാനും വര്‍ഷംമുമ്പുവരെ ആശയവാദികളും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പ്രയോക്താക്കളുമൊക്കെ തമ്മില്‍ വലിയ വാദവിവാദങ്ങളുണ്ടായിട്ടുണ്ട്.വാള്‍ട്ടര്‍ പേറ്ററുടെ കല കലയ്ക്കുവേണ്ടി എന്നൊക്കെയുള്ള മുനതേഞ്ഞ വാക്കുകള്‍ നിരന്തരം ഉദ്ധരിക്കപ്പെട്ടുപോന്നു. നോവല്‍രചനയ്ക്കുള്ള വസ്തുതകള്‍ ശേഖരിക്കാന്‍ പ്രത്യേകമായി ആളുകളെ ചുമതലപ്പെടുത്തുകയും അവതരണകലകളില്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് അതിന്റെ വിദഗ്ധരെ ആശ്രയിക്കുകയുമൊക്കെചെയ്യുന്ന ആധുനികകാലത്ത് കലാസൃഷ്ടി ഉല്‍പ്പന്നംമാത്രമായിരിക്കുന്നു. ഇന്ദ്രിയാനുഭവങ്ങള്‍ ചരിത്രപരമാണെന്ന് മാര്‍ക്സ് എത്രയോ മുമ്പുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്, തന്റെ സാമ്പത്തിക തത്വശാസ്ത്രക്കുറിപ്പുകളില്‍. ഇത് അടിസ്ഥാനപ്രമാണമായി സ്വീകരിച്ചുകൊണ്ട്, സാംസ്കാരികാനുഭവങ്ങളെ പ്രത്യേകമായ വീക്ഷണത്തിലേക്കൊതുക്കാതെ, കലാനിര്‍മിതികളിലെ അനുഭൂതിതലം വിശകലനംചെയ്യുകയാണ് സുനില്‍.രണ്ടു ഭാഗങ്ങളിലായി ഏഴ് പ്രബന്ധങ്ങള്‍ "അനുഭൂതികളുടെ ചരിത്രജീവിത'ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.കലയിലെ കേരളീയത, യേശുദാസും കേരളീയ ആധുനികതയും, ത്യാഗരാജയോഗ വൈഭവം-ബ്രാഹ്മണ്യം, ദേശീയത, ക്ലാസിക്കല്‍ സംഗീതം, ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്നിവയാണ് ഒന്നാംഭാഗത്തില്‍. രവിവര്‍മയുടെയും അമൃതാ ഷേര്‍ഗിലിന്റെയും കെ സി എസ് പണിക്കരുടെയും സംഭാവനകള്‍ വിലയിരുത്തപ്പെടുന്ന രണ്ടാംഭാഗം പൂര്‍ണമായും ചിത്രകലയെക്കുറിച്ചുള്ളതാണ്.കേരളത്തിലെ കലകളെല്ലാം "കേരളീയ കലകളാ'കുന്നില്ല, കേരളീയരുടെ എല്ലാ കലകളും "കേരളീയ കലകളാകുന്നില്ല'. പിന്നെ ഏതേതു ഘടകങ്ങളുടെ സാന്നിധ്യമാണ് ഒരു കലാരൂപത്തെ കേരളീയമാക്കുന്നതെന്ന സമസ്യയിലാണ് സുനില്‍ തുടങ്ങുന്നത്. കീഴാളജനതയുടെ ആവിഷ്കാരരൂപങ്ങള്‍ക്ക് ഇതില്‍ എവിടെയാണ് സ്ഥാനമെന്നും ആധുനികതയുടെ ഏത് ഘട്ടത്തിലാണ് സാംസ്കാരിക മുഖ്യധാരയുടെ പുറംപോക്കില്‍പ്പോലും സ്ഥാനം ലഭിക്കാതിരുന്ന ഇവ ദേശീയതാ നിര്‍മിതിയുടെ ഭാഗമായി നാടോടിക്കല എന്ന പേരില്‍ പരിഗണിക്കാന്‍ തുടങ്ങിയതെന്നും ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു.കേരളീയ സംഗീതം എന്നു പറഞ്ഞാല്‍ സോപാനസംഗീതമാണെന്ന് പഠിച്ചുവരുന്ന നമ്മോട് ആ വിശേഷണത്തിന് അര്‍ഹമായ ഒരേയൊരു സംഗീതശാഖ മലയാള ചലച്ചിത്രഗാനശാഖയാണെന്ന് സുനില്‍ അഭിപ്രായപ്പെടുന്നു.ആധുനിക കേരളത്തിന്റെ സ്വരസഞ്ചാരങ്ങളില്‍ ഗായകനായ യേശുദാസിന്റെ അന്യതയെ അടയാളപ്പെടുത്തുന്നതാണ് രണ്ടാമത്തെ ലേഖനം. കര്‍ണാടക സംഗീതത്തില്‍ മനുഷ്യാതീതമായ മൂര്‍ത്തീഭാവത്തില്‍ നില്‍ക്കുന്ന ത്യാഗരാജന്റെ (1767-1847) ജീവിതത്തെ, ദേശീയപാരമ്പര്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തുകയാണ് ത്യാഗരാജയോഗവൈഭവത്തില്‍.ശാസ്ത്രീയനൃത്തത്തിന്റെ ദക്ഷിണേന്ത്യന്‍ മാതൃകയായി ഇന്ന് ഭരതനാട്യം പരിഗണിക്കപ്പെടുന്നു.ദേവദാസികളുടെ സദിരാട്ടത്തില്‍നിന്ന് സവര്‍ണാഢ്യത്വത്തിന്റെ പ്രതീകമായി ഈ നൃത്തരൂപം പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് കാരണമായ സ്ത്രീവിമോചനപോരാട്ടങ്ങളുണ്ട്. 1875ല്‍ കന്ദുകൗരി വീരേശലിംഗം എഴുതിയ ലേഖനംമുതല്‍ രുക്മിണീദേവി അരുണ്ഡേലിന്റെ നൃത്തലോകത്തേക്കുള്ള ആകസ്മികാഗമനംവരെയുള്ള ചരിത്രം ഓര്‍മപ്പെടുത്തിക്കൊണ്ട് സുനില്‍ ഭരതനാട്യത്തിന്റെ രംഗജീവിതം വിശദീകരിക്കുന്നു.സുന്ദരലോകത്തിലെ മുതലാളികള്‍ സാഹിത്യകാരന്മാരും അതിലെ തൊഴിലാളികള്‍ ചിത്രകാരന്മാരും ശില്‍പ്പികളും ഗായകരുമാണ് എന്ന് കേസരി ബാലകൃഷ്ണപിള്ള പ്രസ്താവിച്ചിട്ടുണ്ട്. ആറര പതിറ്റാണ്ട് പഴക്കമുള്ള ഈ നിരീക്ഷണത്തിനുശേഷം കാലമൊരുപാടു മാറി. കമ്പോളത്തിന്റെ ഇടപെടല്‍ കലയുടെ വിപണിമൂല്യങ്ങളെ മാറ്റിമറിച്ചു.ഈ പശ്ചാത്തലത്തില്‍ മലയാള ചിത്രകലയിലെ ആദ്യ സൂപ്പര്‍സ്റ്റാറായ രവിവര്‍മയെയും ഇരുപത്തിയെട്ടാം വയസ്സില്‍ പൊലിഞ്ഞുപോകുന്നതിനിടെ കലയിലെ ഭാരതീയതയെ പുനര്‍നിര്‍വചിച്ച അമൃതാ ഷേര്‍ഗിലിനെയും സംബന്ധിച്ച രചനകള്‍ ഗൗരവപൂര്‍ണമായ പരിഗണന അര്‍ഹിക്കുന്നു. 1999ല്‍ പുറത്തിറങ്ങിയ സുനില്‍ പി ഇളയിടത്തിന്റെതന്നെ "ആധുനികതയും അധിനിവേശവു'മെന്ന പ്രഥമ പുസ്തകത്തിലുള്ളതാണ് രവിവര്‍മയെ സംബന്ധിച്ച ലേഖനം.ഇതിലെ പ്രബന്ധങ്ങള്‍ പോലെതന്നെ അടിക്കുറിപ്പുകളും സൂക്ഷ്മമായിത്തന്നെ വായിച്ചുപോകണം. കലാചരിത്രമെന്നാല്‍ സാംസ്കാരികചരിത്രംതന്നെയാണെന്ന മാര്‍ക്സിയന്‍ വീക്ഷണം വച്ചുപുലര്‍ത്തുന്ന ഗ്രന്ഥകാരന്‍ നിരവധി അടിസ്ഥാനവിവരങ്ങള്‍ അടിക്കുറിപ്പുകളിലൂടെ പകര്‍ന്നുനല്‍കുന്നു. Read on deshabhimani.com

Related News