ഭ്രാന്തിന്റെ അസാധ്യമായ നിര്‍ധാരണംഭ്രമാത്മകതയുടെ ഭിന്നമായ ആഖ്യാനതലങ്ങള്‍ ബഷീര്‍ പങ്കുവച്ചിട്ടുണ്ട്. ഭ്രാന്തിനോളം പോന്ന ഉന്മാദാനുഭവങ്ങള്‍. പലപ്പോഴും ഭ്രാന്തിലേക്ക് തെന്നിവീണത് കഥാകൃത്തോ അതോ വായനക്കാരായ നമ്മളോ എന്ന് സംശയിച്ചുപോകുന്ന വായനാനുഭവങ്ങള്‍ തന്നു ബഷീര്‍. "നീലവെളിച്ച'ത്തില്‍ രാത്രിയില്‍ വെളിച്ചം തേടിയലഞ്ഞ നായകന്‍ മുറിയില്‍ തിരിച്ചെത്തുമ്പോള്‍ ഒന്നാംനിലയിലെ മുറിയില്‍ തെളിഞ്ഞ നീലപ്രകാശം നമ്മുടെ യുക്തിയെ വെല്ലുവിളിക്കുന്ന അജ്ഞേയതയിലേക്കാണ് നയിക്കുന്നത്. മുമ്പെങ്ങോ ആ വീട്ടില്‍ തൂങ്ങിമരിച്ച ഭാര്‍ഗവി എന്ന യുവതിയുടെ നിഗൂഢസാന്നിധ്യം കഥാകൃത്തും വായനക്കാരും അറിയുന്നു. "നിലാവ് നിറഞ്ഞ പെരുവഴിയില്‍' എന്ന കഥയില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടാനിടയാക്കിയ കഥയെഴുതിയ നായകന്‍ പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ക്ഷേത്രമുറ്റത്തെ മരത്തില്‍ അഭയംതേടുകയാണ്.അവിടെനിന്ന് കാണുന്ന കാഴ്ചയില്‍ മരണവേദനയോടെ പുളയുന്ന മനുഷ്യന്‍ അടുത്തുചെന്നപ്പോള്‍ പെട്ടെന്ന് ഒരു മലപോലത്തെ വെളുത്ത കാളയായി കൊമ്പുകുലുക്കി സര്‍പ്പക്കാട്ടിലേക്ക് മറയുകയാണ്. ഇത് ബഷീറിയന്‍ ഉദാഹരണങ്ങള്‍ ചിലതുമാത്രം. സ്വപ്നമോ മായക്കാഴ്ചകളോ എന്ന് തിട്ടമില്ലാത്ത അനുഭവങ്ങള്‍ ആധുനികമായ രചനാസങ്കേതത്തിലൂടെ നമുക്ക് നല്‍കിയ ബഷീറില്‍നിന്ന് പുതിയ തലമുറയിലെ എഴുത്തുകാരന്‍ ഗഫൂര്‍ അറയ്ക്കലിലെത്തുമ്പോള്‍ ഈ ഭ്രമാത്മകത പുതിയൊരു തലത്തിലാണ്. "ഒരു ഭൂതത്തിന്റെ ഭാവി ജീവിതം'(പ്രസാധനം: റാസ്ബറി ബുക്സ്) എന്ന ആദ്യനോവലില്‍ത്തന്നെ ഗഫൂര്‍ അറയ്ക്കല്‍ നവീനമായ ഒരു കഥാകഥന രീതി പങ്കുവച്ചിരുന്നു. ഡിസി ബുക്സ് പുറത്തിറക്കിയ പുതിയ നോവല്‍ "അരപ്പിരി ലൂസായ കാറ്റാടിയന്ത്രം' ആദ്യനോവലില്‍നിന്നുള്ള ആഖ്യാനതലത്തിലെ ക്രിയാത്മകമവും സാങ്കേതികവുമായ വളര്‍ച്ച പ്രകടമാക്കുന്നു. നോവലിന്റെ പേരില്‍ത്തന്നെ പ്രകടമാകുന്ന നര്‍മം പക്ഷേ മനോവിശ്ലേഷണത്തിന്റെ ഗഹനമായ ലോകത്തേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോവുക. നട്ടും ബോള്‍ട്ടും ലൂസായ കാറ്റാടിയന്ത്രത്തെ നേരെയാക്കാന്‍ കഴിയുന്ന മെക്കാനിക്കിനെപ്പോലെ അരപ്പിരി ലൂസായ മനസ്സിനെ മനശ്ശാസ്ത്രജ്ഞര്‍ സമീപിക്കുന്നതിലെ വൈരുധ്യത്തെയും അതിലെ നര്‍മത്തെയും ഈ നോവല്‍ ആഖ്യാനവല്‍ക്കരിക്കുന്നു.ആത്മഹത്യാശ്രമം നടത്തിയെന്ന "കുറ്റ'ത്തിന് പൊലീസുകാര്‍ പിടികൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാല്‍റ്റിയില്‍ പ്രവേശിപ്പിച്ച ഊരും പേരും തിരിയാത്തയാളാണ് നോവലിലെ നായകന്‍. സാഹിത്യവുമായി ബന്ധമില്ലാത്ത ഡോ. വിജയനോട് താന്‍ രമണനാണെന്നു പറയുന്നു. ഡോക്ടര്‍ വിജയന്റെ ഭാര്യ ചാരു യൂണിവേഴ്സിറ്റിയിലെ മലയാളംവിഭാഗം അധ്യാപികയാണ്. ഒരാളില്‍ത്തന്നെ നിരവധി സ്വത്വബോധങ്ങള്‍ കൂടിക്കലരുന്ന പ്രത്യേക മാനസികാവസ്ഥയിലുള്ള രോഗി രമണനില്‍നിന്ന് അറബിക്കഥയിലെ മജ്നുവിലേക്കും കൃഷ്ണനിലേക്കും റോമിയോവിലേക്കും രൂപാന്തരം പ്രാപിക്കുന്നു. മള്‍ട്ടിപ്പിള്‍ പേഴ്സനാലിറ്റി ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയില്‍ ഇയാളുടെ ചിന്തകള്‍ ആദമിലേക്കും ബൈബിളിലേക്കും ചങ്ങമ്പുഴയിലേക്കും കെ ജി ശങ്കരപ്പിള്ളയിലേക്കും ജയദേവകവിയിലേക്കും ഗുലാം അലിയിലേക്കും ഗാലിബിലേക്കും ബ്രൂസ്ലിയിലേക്കും ദെക്കാത്തെയിലേക്കും സിഗ്മണ്ട് ഫ്രോയ്ഡിലേക്കും ഡാര്‍വിനിലേക്കും യുങ്ങിലേക്കും എറിക് ഫ്രോമിലേക്കും സെന്‍ഗുരുക്കന്മാരിലേക്കും നീങ്ങുന്നു. ലോകോല്‍പ്പത്തി, മുഗള്‍ ഭരണകാലം, ഇന്ത്യ-പാക് വിഭജനം, അടിയന്തരാവസ്ഥ എന്നീ ചരിത്രസന്ദര്‍ഭങ്ങളും കേരളത്തിലെ രാഷ്ട്രീയപ്രശ്നങ്ങളും എല്ലാം ഈ നോവല്‍ സ്പര്‍ശിക്കുന്നു. ആദിവാസി സമരപ്പന്തലില്‍വച്ച് ഇയാള്‍ ചന്ദ്രികയെ ആലിംഗനംചെയ്യുമ്പോള്‍ ഇയാള്‍ രമണന്‍ എന്ന പൂര്‍വസ്വത്വത്തിലേക്കുതന്നെ തിരിച്ചുചെന്ന് ഒരു ചക്രം പൂര്‍ത്തിയാക്കുന്നു. കാല്‍പ്പിരിപ്പോലും ലൂസാകാത്ത ആഖ്യാനഘടന ഈ നോവലിന്റെ സമകാലിക നോവലുകളില്‍ അരപ്പിരി ലൂസായ കാറ്റാടിയന്ത്രത്തെ ശ്രദ്ധേയമാക്കുന്നു. Read on deshabhimani.com

Related News