എ കെ ജി: ഒരു റഫറന്‍സ് ഗ്രന്ഥംവിശേഷണങ്ങള്‍ക്കെല്ലാം അതീതനായ നേതാവാണ് എ കെ ജി. ജലത്തില്‍ മത്സ്യമെന്നപോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് പറയാറുണ്ട്. സ്വന്തം ജീവിതംകൊണ്ട് മാതൃക കാട്ടിയ മഹാന്മാരായ കമ്യൂണിസ്റ്റുകാരില്‍ ഒന്നാംപേരായി നമുക്ക് എ കെ ജി എന്നെഴുതാം. ജവാഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയുള്ളവര്‍ അദ്ദേഹത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ ജന്മിവര്‍ഗത്തിന്റെ കൊടുംചൂഷണത്തിനിരയായി അഷ്ടിക്കുവകയില്ലാതെ നരകിച്ച ലക്ഷക്കണക്കിനു പാവങ്ങളാകട്ടെ എ കെ ജിയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. കവിവാക്യം കടംകൊണ്ടാല്‍ "പച്ചമണ്ണിന്‍ മനുഷ്യത്വ'മായിരുന്നു നിശ്ചയദാര്‍ഢ്യത്തിന്റെയും ത്യാഗസന്നദ്ധതയുടെയും ധീരതയുടെയും ആള്‍രൂപമായി ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആ പോരാളി.ആവര്‍ത്തിച്ചു വായിക്കേണ്ട ജീവിതമാണ് എ കെ ജിയുടേത്. തന്റെ ജീവിതകഥ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും മഷികൊണ്ടെഴുതിയ ആത്മകഥ. എന്നാല്‍, അതില്‍ പറയാതെപോയ പലതുമുണ്ട്. നിസ്വവര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി നടത്തിയ സമരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍, കോടതിവ്യവഹാരങ്ങള്‍ തുടങ്ങി പലതും അക്കൂട്ടത്തില്‍പ്പെടും. എന്നാല്‍, ഇതെല്ലാം വരുംതലമുറയ്ക്ക് അറിയേണ്ടതായുണ്ട്. അത്തരമൊരു ആവശ്യം നിവര്‍ത്തിച്ചു തരുംവിധം സമഗ്രമായ ജീവചരിത്രം പുറത്തുവന്നിരിക്കുന്നു. ചരിത്രാധ്യാപകനും ഗവേഷകനുമായ ഡോ. ചന്തവിള മുരളിയോടാണ് നാം അതിന് കടപ്പെട്ടിരിക്കുന്നത്. മൂന്നു വോള്യങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം പേജുകളിലായി എ കെ ജിയുടെ സമഗ്രജീവിത ചരിത്രം മുരളി രേഖപ്പെടുത്തിയിരിക്കുന്നു. ചിന്ത പബ്ലിഷേഴ്സാണ് "എ കെ ജി: ഒരു സമഗ്രജീവചരിത്രം ജീവിതം, സഞ്ചാരം, പോരാട്ടം' എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ പ്രസാധകര്‍.രാഷ്ട്രീയവും ചരിത്രവും ഗൗരവപൂര്‍വം പഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത റഫറന്‍സ് ഗ്രന്ഥമാണ് ഇതെന്നതില്‍ തര്‍ക്കമില്ല. കുടുംബത്തെപ്പറ്റിയും ആദ്യകാലത്തെ അധ്യാപകവൃത്തിയെയും തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായി ഉദയംചെയ്യുന്നതിനെയും കുറിച്ചുള്ള വിവരണങ്ങളിലൂടെയാണ് തുടക്കം. "എന്റെ ജീവിതകഥ'യെത്തന്നെയാണ് ഈ അധ്യായങ്ങളുടെ രചനയ്ക്ക് മുഖ്യമായും ആധാരമാക്കിയിട്ടുള്ളത്. നേരിട്ടുള്ള വിവരശേഖരണത്തിനായി എ കെ ജിയുടെ അനുജന്‍ രാഘവന്‍നമ്പ്യാര്‍, അനന്തരവന്‍ എ കെ നാരായണന്‍നമ്പ്യാര്‍ എന്നിവരുമായുള്ള അഭിമുഖ സംഭാഷണം നടത്താന്‍ ഗ്രന്ഥകാരന്‍ സമയം കണ്ടെത്തി. സ്വന്തംകാര്യം നോക്കി സാമാന്യം സുഖമായി കഴിഞ്ഞുകൂടാന്‍ സാധിക്കുമായിരുന്ന വ്യക്തികള്‍ പൊതുപ്രവര്‍ത്തനത്തിന്റെ സഹനങ്ങളിലേക്ക് സ്വയം വന്നുചേരുന്നതെങ്ങനെയെന്ന അന്വേഷണം യുവാക്കള്‍ക്ക് പ്രചോദനം പകരും. സ്വയംസമര്‍പ്പണത്തിന്റെ മുള്‍വഴികള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കുംവിധം മനോഹരമായി മുരളി എ കെ ജിയുടെ തുടക്കം വിവരിക്കുന്നു.ഉപ്പു സത്യഗ്രഹത്തിന്റെ കാലംമുതലുള്ള സമരങ്ങളുടെ നേര്‍ചിത്രം നമുക്ക് ഈ ഗ്രന്ഥത്തില്‍നിന്ന് ലഭിക്കും. അമരാവതിയിലെ സത്യഗ്രഹവും മുടവന്‍മുഗളിലെ മിച്ചഭൂമി സമരവുംപോലെ ഐതിഹാസിക മാനങ്ങളുള്ള പോരാട്ടങ്ങള്‍മാത്രമല്ല, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളികളുടെയും ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയര്‍മാരുടെയും പണിമുടക്കടക്കം എ കെ ജി ഇടപെട്ട പ്രക്ഷോഭങ്ങളുടെയെല്ലാം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പഴയകാല സംഭവങ്ങളുടെ വിരസവിവരണമല്ല മുരളിയുടെ ഗ്രന്ഥം. വിവിധ വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും എ കെ ജിയും കൈക്കൊണ്ടിട്ടുള്ള നിലപാടുകള്‍ പ്രത്യക്ഷത്തിലല്ലെങ്കിലും മനസ്സിലാക്കാന്‍ വായനക്കാരന് സാധിക്കുമെന്നതാണ് മുരളിയുടെ പുസ്തകത്തെ സമകാലികമാക്കുന്നത്. ഉദാഹരണം നക്സല്‍ മൂവ്മെന്റിനെക്കുറിച്ചുള്ള സമീപനം. 1970കളില്‍ കേരളത്തില്‍ സജീവമായ നക്സലിസത്തെ "ഭ്രാന്തന്‍ സാഹസികത'യായി എ കെ ജി വിശേഷിപ്പിച്ചു. നക്സല്‍ആക്രമണമുണ്ടായ പ്രദേശങ്ങളായ നഗരൂരും കുമ്മിളും കിളിമാനൂരും 1970 നവംബര്‍ 19ന് ഇ എം എസിനൊപ്പം എ കെ ജി സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം നടത്തിയ പ്രസംഗം ഇടതുതീവ്രവാദത്തെ സംബന്ധിച്ച് നിലപാടുകള്‍ കൈക്കൊള്ളേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ മാര്‍ഗരേഖയായി കാണാവുന്ന രേഖയാണ്.പാര്‍ലമെന്റിലും കോടതികളിലും എ കെ ജി നടത്തിയ പ്രസംഗങ്ങളും വാദങ്ങളുമാണ് പുസ്തകത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്ന മറ്റൊരു ഭാഗം. പാര്‍ലമെന്റില്‍ അദ്ദേഹമുന്നയിച്ച വിഷയങ്ങളുടെ പ്രസക്തിമാത്രമല്ല, തന്റെ വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനാവശ്യമായ ആധികാരികതയ്ക്കായി നടത്തിയ പഠനങ്ങള്‍കൂടി നമുക്ക് വെളിപ്പെടുന്നു. കോടതികളില്‍ എ കെ ജി നേരിട്ടാണ് തന്റെ കേസുകള്‍ വാദിച്ചിരുന്നത്. അവയില്‍ പലതിന്റെയും രേഖകള്‍ മുരളി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി കേസില്‍ എ കെ ജി പൊലീസുദ്യോഗസ്ഥരെ ക്രോസ് വിസ്താരം നടത്തിയത് ഏതാണ്ട് പൂര്‍ണമായിത്തന്നെയുണ്ട്. അതുപോലെ 1947ല്‍ രാജ്യദ്രോഹക്കേസില്‍ കോഴിക്കോട് കോടതിയില്‍ നല്‍കിയ പ്രസ്താവനയും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.അടിയന്തരാവസ്ഥയ്ക്കെതിരെ അദ്ദേഹം പാര്‍ലമെന്റില്‍ചെയ്ത ഇടിമുഴക്കത്തിനു തുല്യമായ പ്രസംഗവും നമുക്കിതില്‍ വായിക്കാം. Read on deshabhimani.com

Related News