പ്രളയത്തിനു ശേഷം പുഴകളില്‍ ജലനിരപ്പ്‌ എന്തേ കുത്തനെ താഴുന്നു?പ്രളയം കഴിഞ്ഞയുടന്‍ കേരളത്തിലെ പുഴകളില്‍ പലതിലും അതിവേഗത്തില്‍ വെള്ളം വലിഞ്ഞു. കിണറുകളിലും വെള്ളം വറ്റുന്നു. ഈ പ്രതിഭാസത്തെ പറ്റി ഡോ. ഷാജി ഏറത്ത് എഴുതുന്നു... പ്രളയത്തിനുശേഷം കേരളത്തിൽ കാണുന്ന പുതിയ പ്രതിഭാസം പുഴകളിലെയും കിണറുകളിലെയും വെള്ളം പെട്ടെന്ന് വറ്റുന്നു എന്നതാണ്. ഇത് പൂർണമായും ഒരു ഭൗമപ്രതിഭാസമാണ്. മിക്ക പുഴകളും ഭ്രംശമേഖലയിലെ തലങ്ങും വിലങ്ങുമുള്ള പൊട്ടലുകളിലൂടെയാണ് ഒഴുകുന്നത്. ജലത്തിന്റെ സമ്മർദ്ദം, കുത്തൊഴുക്ക്, പുഴയുടെ അടിത്തട്ടിലെ പഴയ ചെളി മാറിയതുമൊക്കെ ഈ ഭ്രംശമേഖലയിലെ തലങ്ങും വിലങ്ങുമുള്ള പൊട്ടലുകളുടെ സ്വാഭാവത്തിൽ മാറ്റം വരുത്തി വെള്ളം വലിഞ്ഞുപോകാൻ കാരണമായിട്ടുണ്ടാകാം പമ്പ, പെരിയാർ, ചാലക്കുടിപ്പുഴ എന്നീ നദികളിലും സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലനിരപ്പ്‌ കുത്തനെ താഴുന്നത്‌ തികച്ചും ഒരു ഭൗമപ്രതിഭാസമാണെന്നു പറയാം. കേരളം പോലൊരു ഭൂപ്രകൃതിയിൽ ഇത്‌ അപ്രതീക്ഷിതമല്ല. ഭൂഗർഭജലത്തെ ഉൾക്കൊള്ളുന്ന ശിലകളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും ഭൗമാന്തർഭാഗത്തെ വ്യതിയാനങ്ങളുമാണ്‌ ഈ പ്രതിഭാസത്തിന്‌ കാരണം. ഉപരിതലത്തിലെ ജീർണിച്ച ശിലകളിൽ നിന്നുള്ള ജലത്തിന്റെ സമ്മർദ്ദം മൂലം സ്ഫടിക സമാനമായ ഈ ശിലകളിലെ രണ്ടാം നിരയിലെ സുഷിരങ്ങൾ കൂടുതൽ തുറക്കാനിടയാകുന്നു. പ്രളയത്തിന്റെ ഫലമായുണ്ടായ ജലത്തിന്റെ അധിക സമ്മർദ്ദംമൂലം ഭൂഗർഭജലം സംഭരിക്കുന്ന ശിലകളിലെ വിള്ളലുകൾ കൂടുതൽ വലുതാകാനും അതിന്റെ ഫലമായി ജലം കൂടുതൽ ആഴത്തിലേക്ക്‌ വലിഞ്ഞു പോകാനും സാധ്യതയുണ്ട്‌. ഇതാണ്‌ ഭൂഗർഭ ജലനിരപ്പ്‌ താഴുന്നതിന്‌ കാരണം. ഇത്‌ കിണറുകൾ വറ്റുന്നതിനും ചിലയിടങ്ങളിൽ കിണറുകൾ ഇടിയുന്നതിനും കാരണമാകാം. ജലനിരപ്പ്‌ കുറയുന്നത്‌ പൂർണമായും ഒരു ടെക്ടോണിക്‌ പ്രതിഭാസമാണ്‌. നീരൊഴുക്കിനെയും പുഴകളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകം നിയോ‐ടെക്‌ടോണിക്‌ പ്രവർത്തനങ്ങളാണ്‌. കേരളത്തിലെ പുഴകളിലെ നീരൊഴുക്ക്‌ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്‌ ഉപരിതലത്തിലെ ഭ്രംശനങ്ങൾക്കനുസൃതമായാണ്‌. ഈ ഭ്രംശനങ്ങളുടെ പുനസ്ഥാപനം നടന്നിട്ടുള്ളപ്പോഴെല്ലാം നദികളിലെ നീരൊഴുക്കിൽ പ്രകടമായ മാറ്റങ്ങളുണ്ടായതായി കാണാം. നീരൊഴുക്കിന്റെ ദിശ മാറുന്നതും നദികളുടെ മീയാൻഡർ അഥവാ വക്രഗതിയിലുള്ള ഒഴുക്കിൽ വ്യതിയാനം സംഭവിക്കുന്നതുമെല്ലാമാണ്‌ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. നദികളോ ഭ്രംശനങ്ങളോ സമീപ പ്രദേശങ്ങളോ പ്രഭവകേന്ദ്രമായവയാണ്‌ ചരിത്രത്തിലെ വലിയ ഭൂകമ്പങ്ങളിൽ പലതും. സജീവമായ ഭ്രംശനങ്ങളുടെ സമീപത്തുള്ള നിയോ‐ടെക്‌ടോണിക്‌ പ്രവർത്തനങ്ങൾ അവയുമായി ബന്ധപ്പെട്ടിരിക്കുന്ന ആറ്‌ നദികളും പൊടുന്നനെ വളഞ്ഞൊഴുകുന്നതിനും വ്യത്യസ്ത ആകൃതികളിലുള്ള നീരൊഴുക്ക്‌ രൂപപ്പെടുന്നതിനും കാരണമായി. ചെളിമണ്ണ്‌ അടിഞ്ഞുകൂടുന്നതും നദികളുടെയും പോഷകനദികളുടെയും ഇടക്ക്‌ കയങ്ങൾ രൂപപ്പെട്ട്‌ സ്വാഭാവികമായ ഒഴുക്ക്‌ തടസ്സപ്പെടുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. മുൻപ്‌ അടിഞ്ഞുകൂടിയിരുന്ന ഈ ചെളിമണ്ണ്‌ പ്രളയത്തോടുകൂടി വെള്ളം കയറിയ പ്രദേശങ്ങളിലും അവിടങ്ങളിലെ വീടുകളിലുമെല്ലാം എത്തിച്ചേർന്നു. പ്രളയത്തെ തുടർന്ന്‌ അടിഞ്ഞു കൂടിയ കറുപ്പും തവിട്ടും നിറമുള്ള മണ്ണ്‌ മുൻപ്‌ കയങ്ങൾ രൂപപ്പെട്ട്‌ നീരൊഴുക്ക്‌ തടസ്സപ്പെട്ടിരുന്നു എന്ന സൂചന നൽകുന്നു. കയങ്ങൾ രൂപപ്പെടുന്നതിന്റെ ഫലമായി നീർച്ചാലുകളിലും മറ്റും കെട്ടിക്കിടക്കുന്ന ജലത്തിൽ നിന്ന്‌ വളരെ ചെറിയ ഭാഗം മാത്രമാണ്‌ വേനൽക്കാലത്തും മറ്റും പുറത്തേക്ക്‌ പോകുന്നത്‌. ഇതും മറ്റൊരു സൂചനയാണ്‌. സജീവമായ ഭ്രംശനങ്ങൾ ഇടക്കിടെ ചലനങ്ങൾ രേഖപ്പെടുത്താറുണ്ടെന്ന കാര്യം സംശയരഹിതമായിരിക്കെ നദികളിലെയും കിണറുകളിലെയും ജലനിരപ്പ്‌ ഇനിയും താഴുമെന്ന സൂചന തന്നെയാണിത്‌ നൽകുന്നത്‌. പ്രളയം, നദികളിലെ ജലനിരപ്പിലുണ്ടായ കുറവ്‌ എന്നിവയുടെ പശ്‌ചാത്തലത്തിൽ ഇക്കാര്യങ്ങൾ വിശദമായ പഠനങ്ങൾക്ക്‌ വിധേയമാക്കേണ്ടതാണ്‌. (കേരള സര്‍വ്വകലാശാല ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്  ലേഖകന്‍ )   Read on deshabhimani.com

Related News