എഴുത്തിലെ രുചിക്കൂട്ട്

എം മുകുന്ദന്‍, ആനന്ദ്, എം എ ബേബി, സക്കറിയ എന്നിവര്‍ക്കൊപ്പം


പുനത്തില്‍ നല്ലൊരു പാചകക്കാരന്‍കൂടിയായിരുന്നു. അതില്‍ ബഷീറാണ് മാതൃകയെന്ന് അവകാശപ്പെടുകയുണ്ടായി. അത് വീമ്പുപറച്ചിലായിരുന്നില്ല. അദ്ദേഹം പാകപ്പെടുത്തിയ ഭക്ഷണം അതീവ രുചികരമായിരുന്നതുപോലെ ആ എഴുത്തും അനുവാചകര്‍ക്ക് ആസ്വാദ്യമായി. പാചകത്തില്‍ പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചപോലെ എഴുത്തില്‍ പുതിയ അഭിരുചിക്കൂട്ടുകളും  അദ്ദേഹം നിര്‍മിച്ചു. പഠിക്കാന്‍ അലിഗഢിലെത്തിയ പുനത്തില്‍ തരംകിട്ടുമ്പോഴെല്ലാം പുതിയ ഭൂപ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. പുതിയ അനുഭവങ്ങള്‍ക്കായുള്ള അന്വേഷണമായിരുന്നു അവ. യാത്രകള്‍ക്ക് സമാന്തരമായ മാനസസഞ്ചാരങ്ങളും തുടര്‍ന്നു. അതെല്ലാം ആസ്വാദനത്തിന്റെയും അനുഭൂതിയുടെയും പുതിയ ഭൂഖണ്ഡങ്ങളായി വായനക്കാര്‍ക്ക് പകര്‍ന്നുകിട്ടി. മലമുകളിലെ അബ്ദുള്ളപോലുള്ള കഥകളും സ്മാരക ശിലകള്‍, കന്യാവനങ്ങള്‍, മരുന്ന് തുടങ്ങിയ നോവലുകളും മലയാളം ഇനിയും വായിക്കും; ചര്‍ച്ചചെയ്യും. അനുഭവങ്ങളും ഓര്‍മകളും പൊടിപ്പുംതൊങ്ങലും ചേര്‍ത്ത് അദ്ദേഹം വിവരിക്കുന്നത് കേള്‍ക്കുക രസകരമാണ്. ആ രചനകള്‍ വായനയില്‍ പുതിയ രസാനുഭൂതി പകര്‍ന്നു. നര്‍മബോധം പുനത്തിലിന്റെ വലിയ കൈമുതലായിരുന്നു. സൌഹൃദത്തിന്റെ ധാരാളിത്തവും  പ്രസിദ്ധമായ സ്വഭാവവിശേഷം. സാഹിത്യത്തിലെന്നപോലെ സ്വന്തം ജീവിതംകൊണ്ടും പരീക്ഷണങ്ങള്‍ നടത്തി. ഇടയ്ക്ക് ചില കുസൃതികളും പൊതുനിലപാടില്‍ പ്രകടിപ്പിച്ചു. ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തോറ്റത് ഉദാഹരണം. പുനത്തിലുമായി ഞാന്‍ നന്നായി വഴക്കുകൂടിയ ആ സംഭവം കഴിഞ്ഞ് ഏതാനും മാസമായപ്പോഴാണ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡിലേക്ക്  തെരഞ്ഞെടുപ്പ് വന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പാനലില്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് സംസാരിക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തു. 'ഒന്നുകൂടി തോല്‍ക്കണോ' എന്ന്, ചിരിച്ചുകൊണ്ട് പുനത്തിലിന്റെ മറുചോദ്യം. അവരെന്നെ പറ്റിക്കുകയായിരുന്നെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ സൂചിപ്പിച്ച് കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ പാനലില്‍ മത്സരിച്ചാല്‍ പുനത്തിലായിരിക്കും കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയെന്ന് മറുപടി പറഞ്ഞു. ഫലം വന്നപ്പോള്‍ അതുതന്നെ സംഭവിച്ചു. ഭരത് മുരളി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ എം മുകുന്ദനൊപ്പം പുനത്തിലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതും ഓര്‍മയിലുണ്ട്. മാസങ്ങള്‍ മുമ്പാണ് കോഴിക്കോട്ട് ഡിസി ബുക്സ് പുസ്തകോത്സവത്തില്‍ പുനത്തിലിനെ അവസാനമായി കണ്ടത്. ആനന്ദ്, സക്കറിയ, എം മുകുന്ദന്‍ തുടങ്ങി പ്രിയ കൂട്ടുകാരെയെല്ലാം കണ്ട് അദ്ദേഹം ഊര്‍ജസ്വലനായി.  ചികിത്സക്ക് പോകാന്‍ സമ്മതിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് ആ സന്ദര്‍ശനത്തിന്റെ നേട്ടം. സദാ പ്രസാദാത്മകനായിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. മലയാള സാഹിത്യത്തില്‍ പുനത്തിലിന്റെ സ്ഥാനം അനന്യമാണ്. എഴുത്തിലൂടെമാത്രമല്ല, സൌഹൃദ കൂട്ടായ്മയിലൂടെയും രൂപപ്പെട്ടതായിരുന്നു ആ വ്യക്തിസത്ത. Read on deshabhimani.com

Related News