ഏറ്റെടുക്കുന്നത് ചരിത്രനിയോഗംലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗം ലോക വൈജ്ഞാനികമേഖലകളിലേക്ക് എത്തുന്ന പ്രവാസിമലയാളി അവിടത്തെ അനുഭവങ്ങൾകൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുമ്പോൾ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം. നാടിന്റെ നവീകരണത്തിനും ശാക്തീകരണത്തിനും തങ്ങളുടെ പ്രതിഭ പ്രയോജനപ്പെടുന്നതിൽ സന്തോഷിക്കുന്നവരും അഭിമാനിക്കുന്നവരുമാണ് പ്രവാസി ബുദ്ധിജീവി വിഭാഗം. അവരുടെ മനസ്സിന്റെ സന്നദ്ധതയെ നമുക്ക് പൂർണമായും പ്രയോജനപ്പെടുത്താനാകണം. പ്രവാസിസമൂഹത്തിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ഉള്ളവരുണ്ട്. ഇവരുടെയാകെ ക്ഷേമ പുനരധിവാസകാര്യങ്ങൾക്കായി ദേശീയതലത്തിൽതന്നെ ഒരു പദ്ധതി രൂപപ്പെടേണ്ടതുണ്ട്. ചൈനയും ഫിലിപ്പീൻസുമൊക്കെ രൂപപ്പെടുത്തിയ മാതൃകയിലുള്ള അത്തരമൊരു പദ്ധതി ഇവിടെയും ഉണ്ടാക്കാൻ കഴിയണം. പശ്ചാത്തലമേഖലയിലും അടിസ്ഥാനസൗകര്യ വികസനമേഖലയിലും പ്രവാസികൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിത്തന്നെ നിക്ഷേപം നടത്താൻ കഴിയുന്ന സംവിധാനം കേരളത്തിലുണ്ട്. പരമ്പരാഗത ധനസമാഹരണരീതി വിട്ട് ഈ സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള കിഫ്ബിപോലുള്ള പുതിയ സമ്പ്രദായം അതിന് അവസരമൊരുക്കുന്നു. അത് ഉപയോഗിക്കുമ്പോൾത്തന്നെ, മാന്യമായ ലാഭവിഹിതം ഉറപ്പുനൽകി ക്രൗഡ് ഫണ്ടിങ് മാതൃകയിൽ എങ്ങനെ പ്രവാസിനിക്ഷേപം സമാഹരിക്കാമെന്നത് സംബന്ധിച്ച നിർദേശങ്ങൾക്ക് കേരളസഭ രൂപംനൽകണം. സർക്കാർ വിവിധ വികസന മിഷനുകൾ ആരംഭിച്ചിട്ടുണ്ട്. ജലസമ്പത്തിന്റെ സംരക്ഷണം ശുദ്ധീകരണം, മാലിന്യനശീകരണം, വിദ്യാഭ്യാസത്തിന്റെ നവീകരണം, ആരോഗ്യചികിത്സാരംഗത്തിന്റെ കാര്യക്ഷമതാവൽക്കരണം, സമഗ്ര പാർപ്പിട ഉപജീവന സൗകര്യമൊരുക്കൽ എന്നിവയ്ക്കായുള്ള മിഷനുകളാണിവ. ഈ മേഖലകളിൽ പ്രവാസിസഹകരണം ഉറപ്പാക്കുന്നതിന്റെ സാധ്യത ആരായാവുന്നതാണ്. ആരോഗ്യമേഖലയിൽ ലക്ഷ്യം, കുടുംബഡോക്ടർ, രോഗീസൗഹൃദ ആശുപത്രി എന്നിവയാണ്. ആർദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും വൃദ്ധജനപരിപാലനംവരെയുള്ള സംവിധാനങ്ങളും നടപ്പാവുകയാണ്. വിദ്യാഭ്യാസമേഖലയിൽ ആഗോളവിജ്ഞാന നിലവാരം ഇവിടെ ഉറപ്പാക്കാൻ പോവുകയാണ്. ഭവനനിർമാണരംഗത്ത് അഞ്ചേമുക്കാൽലക്ഷം കുടുംബങ്ങൾക്ക് കിടപ്പാടമുണ്ടാകാൻ പോവുകയാണ്. ദൂരവ്യാപക സാമൂഹികചലനങ്ങൾ ഉണ്ടാക്കുന്ന ഈ പദ്ധതികളിൽ പ്രവാസിസമൂഹത്തിന്റെ ഇടപെടൽ ആശാവഹമായ മാറ്റങ്ങളുണ്ടാക്കും. നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകുകയെന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമാണ്. ഗവൺമെന്റ് സെക്യൂരിറ്റി അടക്കം ഉറപ്പുനൽകി ധനസമാഹരണം നടത്തുന്ന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നിക്ഷേപസുരക്ഷ ഉറപ്പാക്കുന്ന സിയാൽ, കണ്ണൂർ എയർപോർട്ട് മാതൃകകൾ പ്രവാസിസമൂഹത്തിന് ആകർഷകമാകുമെന്ന് കരുതുന്നു. സാങ്കേതികവിദ്യാനയവും വ്യവസായനയവും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാര്യം അറിയാമല്ലോ. ബിസിനസ് നടത്തുന്നത് ലളിതമാക്കൽ ഉറപ്പാക്കാൻ വേണ്ട നിയമനിർമാണവും നടത്തിയിട്ടുണ്ട്. ഇന്നവേഷൻ കൗൺസിൽ പുനഃസംഘടിപ്പിച്ചു. ഇതിൽ ചെയർമാനും പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനും ഒഴികെയുള്ളവരെല്ലാം പ്രവാസികളാണ്. കേരളത്തിലെ ഈ മാറിയ സാഹചര്യങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനുള്ള നിർദേശങ്ങൾ ഉണ്ടാകണം. ഭാഷ, കല, സംസ്‌കാരം എന്നിവ നമ്മുടെ സമൂഹത്തിന്റെ ചൈതന്യസത്തയാണ്. അവയെ പരിരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള വഴികൾ സഭ ആരായണം. കേരളീയൻ എന്ന വിലാസമില്ലെങ്കിൽ പ്രവാസിസമൂഹത്തിന് അന്താരാഷ്ട്രരംഗത്ത് വ്യക്തിത്വമില്ലാതായിപ്പോകും. ഒഴുകിനടക്കുന്നതും വേരുകളില്ലാത്തതുമായ ഒരു സമൂഹമായി പുതിയ തലമുറ മാറും. അത്തരം സമൂഹങ്ങളിലാണ് ക്രിമിനലുകൾ തഴച്ചുവളരുക. ആ ആപത്ത് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കലാസംസ്‌കാര ഭാഷാ പരിരക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള നിർദേശങ്ങൾ ഈ വേദിയിൽ ഉണ്ടാകണം. ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചുള്ള അഭിമാനം, ഏതുതരത്തിലുള്ള സാമ്രാജ്യത്വ അധിനിവേശത്തെയും ചെറുക്കാനുള്ള വലിയ നിലപാടുതറയാകും. ഈ ബോധത്തോടെയുള്ളതാകണം സംസ്‌കാരരംഗത്തോടുള്ള സമീപനം. കേരളീയ പ്രാക്തന കലാരൂപങ്ങളായ തെയ്യം, പടയണി തുടങ്ങിയവമുതൽ ക്ലാസിക് കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയവവരെ ദേശാന്തരശ്രദ്ധയിലേക്ക് കൂടുതലായി കൊണ്ടുവരാൻ ലോക കേരളസഭയ്ക്ക് അവസരമൊരുക്കാൻ കഴിയും. നമ്മുടെ കലാരൂപങ്ങളെ ഡിജിറ്റൽ വിപണനരംഗത്തേക്ക് എത്തിച്ച് സാർവദേശീയ ശ്രദ്ധയാകർഷിക്കാനും അതിലൂടെയുണ്ടാകുന്ന നേട്ടം കലയുടെയും കലാകാരന്മാരുടെയും ആവശ്യങ്ങൾക്കായി വിനിയോഗിക്കാനും കഴിയണം. നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളിലേക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും ആയുർവേദ കേന്ദ്രങ്ങളിലേക്കും വാസ്തുവിദ്യാരംഗത്തേക്കും ഒക്കെ ലോകശ്രദ്ധ ആകർഷിക്കാനും ഇതൊക്കെയുമായി ബന്ധപ്പെട്ട നൂതനസവിശേഷതകളെ ലോകത്തിനുമുമ്പിൽ പ്രദർശിപ്പിക്കാനും കഴിയണം. കേരളത്തിന്റെ സാഹിത്യസാംസ്‌കാരികാദി പൈതൃകങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗത്തിനും ആസ്വദിക്കാൻ കഴിയുന്ന അവസ്ഥയുണ്ടാകട്ടെ. ലോകത്തിന്റെ നാനാകോണുകളിലെ കലയും സാഹിത്യസവിശേഷതകളും ഇവിടെയുള്ളവർക്ക് ആസ്വദിക്കാൻ കഴിയട്ടെ. ലോക വിജ്ഞാനശേഖരത്തിൽനിന്നുള്ള പുതുപുത്തൻ അറിവുകൾ നമ്മുടെ പുതുതലമുറകളിലേക്ക് എത്തിച്ചേരാനുള്ള വഴിതുറക്കട്ടെ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ഏത് വൈജ്ഞാനികസമൂഹത്തിനുമൊപ്പം നിന്നുകൊണ്ട് പുതിയ ഒരു കാലത്തെ വരവേൽക്കാൻ നമ്മുടെ കേരളീയ സമൂഹത്തിന് സാധ്യമാകട്ടെ. ലോകമേ തറവാട് എന്നു പറഞ്ഞ് ശീലിച്ച ഒരു സംസ്‌കാരമാണ് നമ്മുടേത്. ‘വസുധൈവ കുടുംബകം' എന്നും ‘യെത്ര വിശ്വം ഭവത്യേക നീഡം' എന്നുമൊക്കെ പണ്ടേ പറഞ്ഞിട്ടുള്ള ഒരു ജനതയാണിത്. ലോകമാകെ ഒരു കുടുംബമാണെന്ന് കരുതിപ്പോന്ന സമൂഹം. ആ കരുതലിനും സങ്കൽപ്പത്തിനും നിരക്കുന്ന വിധത്തിലുള്ള ആധുനിക കാലത്തിന്റെ സംവിധാനംകൂടിയാണ് ലോക കേരളസഭ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിക്കും ആത്യന്തികമായി നോക്കിയാൽ ഉള്ള വീട് കേരളംതന്നെയാണ്. സ്വന്തം കുടുംബത്തിലേക്കെത്തിയ പ്രതീതിയാകും ഏത് ലോക മലയാളിക്കും ഇവിടെയെത്തുമ്പോൾ ഉണ്ടാകുന്നത്. ഈ വികാരത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ലോക കേരളസഭ ഉപകരിക്കും. ‘ഏതു വിദേശത്തുപോയി വസിച്ചാലും ഏകാംബ പുത്രരാം കേരളീയർ' എന്ന് എഴുതിയത് മഹാകവി വള്ളത്തോളാണ്. ലോകത്തിന്റെ ഏത് കോണിലുമായിക്കൊള്ളട്ടെ മലയാളി, ആ മലയാളിസമൂഹമാകെ ഒരമ്മയുടെ മക്കളാണ്. ഇതാണ് വള്ളത്തോൾ മുമ്പോട്ടുവച്ച ചിന്ത. അതേചിന്തതന്നെയാണ് ലോക കേരളസഭ രൂപീകരണത്തിൽ ഞങ്ങളെ നയിച്ചത്. ലോകത്തിന്റെ പലപാടുമായുള്ള മക്കളെല്ലാം അമ്മയുടെ സവിധത്തിൽ ഒത്തുചേരുന്ന ഒരനുഭവമാണ് ലോക കേരളസഭ സമ്മേളനം പ്രദാനം ചെയ്യുന്നത്. One who is not a nationalist cannot be an internationalist; One who is not an internationalist cannot be a humanist എന്ന് ഒരു ചൊല്ലുണ്ട്. അതായത് മാനവികതാവാദിയാകാൻ ആദ്യം സാർവദേശീയ വാദിയാകണമെന്നും സാർവദേശീയതാവാദിയാകാൻ ആദ്യം സ്വന്തം നാടിനെക്കുറിച്ച് സ്‌നേഹമുള്ളവരാകണമെന്നും അർഥം. സ്വന്തം നാടിനെക്കുറിച്ചുള്ള ആ സ്‌നേഹമാണ് നമ്മെയെല്ലാം ഇവിടെ ഒരുമിപ്പിക്കുന്നത്. നാടിനെയും ഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കാത്ത ഒരു ജനതയുണ്ടായാൽ ആ രാഷ്ട്രവും സംസ്‌കാരവും അധികകാലം നിലനിൽക്കില്ല. സോക്രട്ടീസിനെയും ഹെറോക്ലീറ്റസിനെയുംപോലുള്ള മഹാമനീഷികൾ കാവൽ നിന്ന അതിമഹത്തായ സംസ്‌കാരങ്ങൾപോലും തകർന്നടിയുന്നത് നാം കണ്ടു. അത്തരം സംസ്‌കാരനാശത്തിന് ഇടവരാതിരിക്കണമെങ്കിൽ ഭാഷയുടെ പേരിൽ, സംസ്‌കാരത്തിന്റെ പേരിൽ, നാടിന്റെ പേരിൽ ഇതുപോലെയുള്ള ഒരുമിക്കൽ ഉണ്ടായേ തീരൂ. ആ നിലയ്ക്കുള്ള ചരിത്രപരമായ ഒരു നിയോഗം ഏറ്റെടുക്കുകയാണ് ലോക കേരളസഭയിലൂടെ നാമിന്ന് ചെയ്യുന്നത്. ആ ബോധത്തിന്റെ വെളിച്ചം വരുംകാലത്ത് ഈ സഭയെയും ഇതിലെ അംഗങ്ങളെയും നയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്, ലോകത്തിന് മാതൃകയാകുന്ന ഈ മഹത്തായ സംരംഭം ഉദ്ഘാടനംചെയ്തതായി ഞാൻ അറിയിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ഒരു വാചകംകൂടി ഉദ്ധരിച്ചുകൊണ്ട് ഉപസംഹരിക്കട്ടെ: ‘Democracy and Socialism are means to an end, not the end itself.' (അവസാനിച്ചു) Read on deshabhimani.com

Related News